Art, Culture & ReligionKeralaNewsNews from StatesPopular NewsRecent NewsTrending News

ശബരിമലയില്‍ ഹലാല്‍ ഉല്പന്നങ്ങള്‍ നിവേദ്യത്തിന് പാടില്ലെന്ന് ഹൈക്കോടതി

ശബരിമലയില്‍ വഴിപാടിനുള്ള സാധനസാമഗ്രികള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരം മാത്രം ഉറപ്പാക്കിയാല്‍ പോരാ എന്നും എല്ലാ സാധനങ്ങളും ഹൈന്ദവ മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസൃതമായിരിക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച നിബന്ധനകള്‍ കൂടി സാധനങ്ങള്‍ വാങ്ങുന്ന ടെന്‍ഡര്‍ നടപടികളില്‍ ഉള്‍പ്പെടുത്താനും ജസ്റ്റിസുമാരായ രാജാ വിജയരാഘവനും കെ വി ജയകുമാറും ഉള്‍പ്പെട്ട ദേവസ്വം ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. ശബരിമല കര്‍മ്മസമിതി നേതാവ് എസ് ജെ ആര്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായകമായ ഈ നിര്‍ദേശം. ശബരിമലയിലെ അപ്പം, അരവണ നിവേദ്യങ്ങള്‍ക്ക് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതിന് എതിരെയാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.

2019-20 ല്‍ കൊല്ലവര്‍ഷം 1195 ലെ മണ്ഡലകാലം മുതല്‍ ചിത്തിര ആട്ടവിശേഷം വരെയുള്ള ശബരിമല തീര്‍ത്ഥാടന കാലത്ത് മഹാരാഷ്ട്രയിലെ വര്‍ദ്ധന്‍ അഗ്രോ പ്രോഡക്ട്‌സില്‍ നിന്നാണ് 19,96,034 കിലോ ശര്‍ക്കരപൊടി വാങ്ങിയത്. അരവണ, അപ്പം, മറ്റു നിവേദ്യങ്ങള്‍ എന്നിവക്കായിരുന്നു ഇത്. പക്ഷേ കോവിഡ് ബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. വാങ്ങിയ ശര്‍ക്കരയില്‍ 16,59,044 കിലോഗ്രാമേ ചെലവായുള്ളു. ബാക്കി വന്ന ശര്‍ക്കര ഉപയോഗിക്കാമോ എന്ന് 2021 ഏപ്രില്‍ 27 ന് ദേവസ്വം ബോര്‍ഡ് ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ആരാഞ്ഞു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചശേഷം ശര്‍ക്കര ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതിനിടെ ശര്‍ക്കര മോശമാണെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ വീണ്ടും ഭക്ഷ്യസുരക്ഷാവകുപ്പിനോട് പരിശോധനയ്ക്കായി ആവശ്യപ്പെടുകയും അവരുടെ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു. മൂന്നര ലക്ഷം കിലോ ശര്‍ക്കര നശിപ്പിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിച്ചത്. സന്നിധാനത്തും പമ്പയിലും ഈ ശര്‍ക്കര നശിപ്പിക്കാനുള്ള സംവിധാനം ഇല്ലാത്തതുകൊണ്ട് കരാര്‍ നല്‍കി പുറത്തു കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു.

ഇതിനിടെയാണ് വര്‍ദ്ധമാന്‍ കമ്പനിയില്‍ നിന്ന് കൊണ്ടുവന്ന ശര്‍ക്കര പാക്കറ്റിനു മുകളില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് എന്ന എഴുത്തു കണ്ടെത്തിയത്. മറ്റൊരു മതത്തിന്റെ വിശ്വാസപ്രമാണം അനുസരിച്ച് അവരുടെ ദൈവത്തിന് നിവേദിക്കാനുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ വസ്തുക്കള്‍ ശബരിമല അയ്യപ്പന് നിവേദിക്കുന്നത് ഉചിതമല്ല എന്ന വാദമാണ് ശബരിമല കര്‍മസമിതി ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. എന്നാല്‍ സൗദി അറേബ്യ അടക്കമുള്ള മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് കമ്പനിയില്‍ നിന്ന് ശര്‍ക്കര അയക്കുന്നതുകൊണ്ട് അവിടെയും ഉപയോഗിക്കാന്‍ വേണ്ടി ആലേഖനം ചെയ്തതാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ എന്ന കമ്പനിയുടെ വിശദീകരണം ദേവസ്വം ബോര്‍ഡ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചു. ശര്‍ക്കര വാങ്ങിയതിന്റെ പ്രക്രിയകളും ടെന്‍ഡറുകളും മറ്റ് നടപടികളും നിബന്ധനകളും ദേവസ്വം ബെഞ്ച് മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ള ശര്‍ക്കര ഉപയോഗിച്ചത് പേരെടുത്ത് പറയാതെ ഹിന്ദുധര്‍മ്മത്തിന്റെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരാകുന്ന, അല്ലെങ്കില്‍ താല്പര്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ നിവേദ്യത്തിന് ഉപയോഗിക്കാന്‍ പാടില്ല എന്നും ഇനി മുതലുള്ള എല്ലാ ദ്രവ്യങ്ങളുടെയും കരാറുകളില്‍ ഇക്കാര്യം ഉറപ്പാക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനനുസൃതമായ രീതിയില്‍ ടെന്‍ഡര്‍ നടപടികളില്‍ മാറ്റം വരുത്താനും ഹൈക്കോടതി ഉത്തരവിട്ടു.

ദേവസ്വം ബെഞ്ചിന്റെ ഉത്തരവോടെ കേരളത്തിലെ ഒരു ദേവസ്വം ക്ഷേത്രങ്ങളിലും ഇനിമുതല്‍ ഹലാല്‍ ശര്‍ക്കരയോ ആ തലത്തിലുള്ള മറ്റു വസ്തുക്കളോ നിവേദൃത്തിനോ പൂജയ്‌ക്കോ എടുക്കാന്‍ കഴിയാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. എല്ലാ ക്ഷേത്രങ്ങളിലെയും പൂജാദ്രവ്യങ്ങളിലെ പരിശുദ്ധി ഉറപ്പാക്കണം എന്ന് ഹൈന്ദവ സംഘടനകളുടെ ആവശ്യത്തിലേക്കുള്ള ഏറ്റവും നിര്‍ണായകമായ ഒരു പടവാണ് താണ്ടിയതെന്ന് ശബരിമല കര്‍മസമിതി നേതാവ് എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു.

ഇതിനിടെ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനായി പുതിയ അപ്പീലുകള്‍ പരിഗണിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ശബരിമലയിലേക്ക് അഞ്ചുപേരും മാളികപ്പുറത്തേക്ക് മൂന്നുപേരും ആണ് വിജിലന്‍സ് അന്വേഷണത്തിനുശേഷം അന്തിമ അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മണ്ഡലപൂജ തീര്‍ഥാടനകാലത്ത് പമ്പയിലെ മുഴുവന്‍ ശൗചാലയങ്ങളും സൗജന്യമാക്കുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ നടപടി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പാണെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ഇപ്പോഴത്തെ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയോ, സ്വര്‍ണ്ണം കടത്തിയ വഴിയോ, ആളുകളെയോ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. കേരള ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദുപരിഷത്ത്, ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ എല്ലാ ഹൈന്ദവസംഘടനകളും സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.

Reference

1. LawChakra https://share.google/TakIl1Jos5wTXGv8W

2. : Bar and Bench https://share.google/M3sqskkPCtaqXdlic

3. YouTube https://share.google/l7nuNHcoQbcWOZTM1

4. YouTube https://share.google/rxw4vKMVs1yFnIESr

5. High court judgement on usage of halal certified jaggery for sabarimala prasada nivedyam

   – ജി. കെ

Leave a Reply

Your email address will not be published. Required fields are marked *