എറണാകുളം ജൂതപ്പള്ളി ആക്രമണത്തിന് പാക്ബന്ധം
എറണാകുളത്തെ 800 വര്‍ഷം പഴക്കമുള്ള ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ അന്താരാഷ്ട്ര ഭീകരബന്ധം സ്ഥിരീകരിച്ചതായി സൂചന. ഇത് സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തേക്കും. പ്രതിയെ എന്‍ ഐ എ സംഘം ഒരുതവണ ചോദ്യം ചെയ്തു. എറണാകുളം മാര്‍ക്കറ്റിലെ ജൂതപ്പള്ളിയായ കടവ് ഭാഗം സിനഗോഗിന് നേരെ ആക്രമണമുണ്ടായത് ഒക്ടോബര്‍ 12 നാണ്. സംഭവത്തില്‍ അറസ്റ്റിലായ പുത്തന്‍കുരിശ് ഐക്കരനാട് കുന്നത്ത് കവലമുഴി വീട്ടില്‍ എബിന് ബി പോളിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ ഐ എ കൂടാതെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും റോയും അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്തു.വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരോധിത രാസലഹരി മരുന്നുകള്‍ കണ്ടെടുത്തിരുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദേശീയതലത്തില്‍ തന്നെ എല്ലാ ജൂത ആരാധനാലയങ്ങള്‍ക്കും 24 മണിക്കൂറും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ഇത്. ഒക്ടോബര്‍ 12ന് പുലര്‍ച്ചെ രണ്ടര മണിക്കാണ് പള്ളിക്ക് നേരെ ആക്രമണം ഉണ്ടായത്. ജൂതപള്ളിയുടെ മാനേജിംഗ് ട്രസ്റ്റി നടത്തുന്ന ബ്ലോസം ഹോര്‍ട്ടികള്‍ച്ചറല്‍ നഴ്സറിയുടെ മുന്‍ഭാഗത്ത് ഉണ്ടായിരുന്ന ബാനറുകളിലും ഫ്ളക്സുകളിലും പെട്രോള്‍ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. വന്ന വാഹനം സുരക്ഷിതമായി മാറ്റിയിട്ട് കയ്യിലിരുന്ന കാനിലെ പെട്രോള്‍ ബ്ലോസം നഴ്സറിയിലേക്ക് മുഴുവനായും ഒഴിച്ചശേഷം ദൂരെമാറിനിന്ന് തീ കത്തിച്ച് എറിയുകയായിരുന്നു. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ ബോസിന് അയച്ചതായാണ് സൂചന. അറസ്റ്റിലായ എബിന്റെ ടെലിഫോണ്‍ പരിശോധിച്ചപ്പോള്‍ പാക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ടെലിഗ്രാമിലൂടെ ബന്ധം പുലര്‍ത്തിയിരുന്നതിന്റെ വിവരങ്ങള്‍ കണ്ടെത്തി. ബോസ് എന്ന് പ്രതി വിളിച്ചിരുന്ന ആള് കൊടുത്തിരുന്ന എല്ലാ നിര്‍ദ്ദേശങ്ങളും അതേപടി പാലിച്ചിരുന്നതായി വ്യക്തമായി. ബോസിന്റെ യഥാര്‍ത്ഥ പേര് ഇയാള്‍ക്ക് അറിയില്ല. ഡല്‍ഹി ഉത്തരപ്രദേശ് മുംബൈ അമൃതസര്‍ പൂനെ എന്നീ സ്ഥലങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തണമെന്ന് ബോസ് സന്ദേശമയച്ചതും കണ്ടെത്തിയിട്ടുണ്ട്.
മൂവാറ്റുപുഴയിലെ യൂസ്ഡ് കാര്‍ ഷോറൂമിനും ഇതേരീതിയില്‍ തീ കൊളുത്തിയിരുന്നു. ജൂതപ്പള്ളിയിലെ അക്രമത്തിന് മുന്നൊരുക്കമായാണ് കാര്‍ ഷോറൂമില്‍ തീ കൊളുത്തിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ഇതുകൂടാതെ വീടിനടുത്തുള്ള മേക്കടമ്പ് അമ്പലംപടി വിനോദ് ഭാസ്കരന്റെ നാരായണമന്ദിരം എന്ന ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിനു നേരെയും കഴിഞ്ഞ ജനുവരി അഞ്ചിനും മാര്‍ച്ച് എട്ടിനും എബിന് ആക്രമണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായി എന്ന വിലയിരുത്തലിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആക്രമണത്തിന് മുമ്പ് ലഭിച്ച മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ ഡിജിപിയോട് റിപ്പോര്‍ട്ടായി സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സുരക്ഷാ കാര്യത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്ന നിലപാട് സംസ്ഥാന പോലീസിലും ഉയര്‍ന്നിരുന്നു. രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കൊച്ചി പോലീസ് കമ്മീഷണറെ മാറ്റിയതിന് പിന്നിലും ഈ സംഭവത്തിലെ സുരക്ഷാവീഴ്ച ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസ് എന്ന ജൂതമന്ദിരത്തിലെ അഗ്നിബാധയ്ക്കും ഭീകരബന്ധം ഉണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് രാത്രി ഏഴിനാണ് ജൂതവ്യവസായിയുടെ വസതിയായ കോഡര്‍ ഹൗസില്‍ തീപിടുത്തം ഉണ്ടായത്. മൂന്നു കോടി രൂപയുടെ നഷ്ടം നൂറ്റാണ്ട് പഴക്കമുള്ള ഈ ജൂതമന്ദിരത്തില് ഉണ്ടായതായാണ് വിലയിരുത്തല്‍. കെട്ടിടത്തിന്റെ രണ്ടാംനിലയുടെ പിന്‍ഭാഗത്ത് നിന്നാണ് തീപിടുത്തം ഉണ്ടായത്. നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും അടക്കം 16 ഓളം അഗ്നിശമന യൂണിറ്റുകള്‍ മൂന്നര മണിക്കൂര്‍ പ്രവര്‍ത്തിച്ചാണ് തീ അണച്ചത്. പോര്‍ച്ചുഗീസ്, യൂറോപ്പ്യന്‍, കേരളീയ വാസ്തുശില്പ ശൈലിയില്‍ നിര്‍മ്മിച്ച ഈ ചുവപ്പ് കെട്ടിടം കൊച്ചി ലാല്‍ കില എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആന്‍ഡ് കള്‍ച്ചറല്‍ പൈതൃക പട്ടികയില്‍ ഉള്ളതാണ് ഈ കെട്ടിടം. കൊച്ചിയിലെ പ്രമുഖ ജൂതവ്യവസായി ആയിരുന്നു എസ് കോഡര്‍. നഗരത്തിലെ വൈദ്യുതി വിതരണം അടക്കം നിരവധി സ്ഥാപനങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. അവരുടെ വസതിയായിരുന്നു കോഡര്‍ ഹൗസ്.
സൈബര്‍ ഫോറിന്‍സിക് വിഭാഗം അറസ്റ്റിലായ എബിന്റെ ഫോണിലെ ഡിലീറ്റ് ചെയ്ത മുഴുവന്‍ സന്ദേശങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. എ കെ 47 തോക്ക് ആവശ്യപ്പെട്ടതടക്കമുള്ള സന്ദേശങ്ങള്‍ ടെലിഗ്രാമില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി വഴി ലക്ഷക്കണക്കിന് രൂപ ഇയാള്‍ കൈപ്പറ്റിയതായും വ്യക്തമായിട്ടുണ്ട്. ഇതിനിടെ നിരോധിത ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ ഉപസംഘടനയായ ഇമാം മഹ്മൂദര് കാഫിലയുമായി ബന്ധപ്പെട്ട് കേരളത്തിലും ആസാമിലും ബംഗാളിലും 16 കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി. കേരളത്തില്‍ പട്ടാമ്പിയിലാണ് റൈഡ് നടത്തിയത്. ഇമാം മഹ്മൂദ് ഹബീബുള്ളയാണ് ഇമാം മഹ്മൂദര് കാഫില രൂപീകരിച്ചത്. ഭാരതത്തെ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരപ്രവര്‍ത്തനം നടത്താനും തീവ്രവാദ പരിശീലനം നല്‍കാനുമുള്ള പദ്ധതിയാണ് ഇവര്‍ നടത്തിയിരുന്നത്. ഭീകരശൃംഖലയുടെ പൂര്‍ണ്ണമായ വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് സൂചന. കേരളം ഭീകരരുടെ കളിത്തൊട്ടിലാകുമ്പോഴും സംസ്ഥാന സര്‍ക്കാരും പോലീസും അവരെ സഹായിക്കുന്ന നിലപാടിലാണ്.
Reference
1. Hindustan Times https://share.google/ljophfboIL1yF0ptM
2. https://share.google/vdqFFBSbCjblptnLC
3. NDTV https://share.google/7tSaFKHKzQoHUJtIe
4. ETV Bharat https://share.google/Xut5Os8a88YPfztJn
5. The Hindu https://share.google/fHU02X1aHjT94fa2y
6. YouTube https://share.google/FVG6mpgg88ItEyGuo
7. https://share.google/wnh4p98kIULcaLwr3
8. https://share.google/EKdjWs7jPocNBeals
- ജി. കെ
