KeralaKeralaNewsNews from StatesPoliticsPolitics & GovernancePopular NewsRecent NewsTrending News

വളര്‍മതിയുടെ തലമുണ്ഡനം: സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

നിയമനം ആവശ്യപ്പെട്ട് പി എസ് സി റാങ്ക് പട്ടികയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരസമിതി കണ്‍വീനറായ വളര്‍മതി സെക്രട്ടറിയേറ്റ് നടയില്‍ തല മുണ്ഡനo ചെയ്തത് സംസ്ഥാന വ്യാപകമായി രാഷ്ട്രീയത്തിനതീതമായ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. കേരള പി എസ് സി.യുടെ എല്‍ പി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ത്ഥികളാണ് കഴിഞ്ഞ 113  ദിവസമായി നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സത്യാഗ്രഹം നടത്തുന്നത്. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് രണ്ടുവര്‍ഷമായെങ്കിലും പല ജില്ലകളിലും ഒരാളെ പോലും നിയമിച്ചിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഇവരുടെ കാര്യത്തില്‍ ഇടപെടുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതാണ്. 110 ദിവസം മുമ്പ് സമരം തുടങ്ങുമ്പോള്‍ 45 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാം എന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉറപ്പു നല്‍കിയതുമാണ്. യാതൊരു നടപടികളും ഉണ്ടാകാതെ വന്നതോടെയാണ് ഒക്ടോബര്‍ 26 ന് സമരസമിതി കണ്‍വീനറായ വളര്‍ന്നത് സെക്രട്ടറിയേറ്റ് നടയില്‍ വച്ച് തല മുണ്ഡനം ചെയ്തത്.

പി എസ് സി റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് നിയമനം നല്‍കാതെ തന്നെ എയ്ഡഡ് മേഖലയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് തസ്തിക അനുവദിച്ച് നിയമനം നല്‍കിയതാണ് സമരസമിതിയെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് തല മുണ്ഡനും ചെയ്യാനും നിരാഹാരസമരം ആരംഭിക്കാനും തീരുമാനിച്ചത്. സ്വകാര്യമേഖലയില്‍ നിന്ന് കൈക്കൂലി കിട്ടുന്നതുകൊണ്ടാണ് സര്‍ക്കാര്‍ മേഖലയില്‍ നിയമനം നടത്താതെ സ്വകാര്യമേഖലയ്ക്ക് വേണ്ടി അതിവേഗത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് സമരസമിതി കണ്‍വീനര്‍ വളര്‍മതി ആരോപിച്ചു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ല്‍ നിന്ന് 1:25 ആയി കുറയ്ക്കുക, ഹെഡ് ടീച്ചര്‍ നിയമനം പി എസ് സിക്ക് വിടുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് ഉള്ളവര്‍ക്ക് എല്ലാം നിയമനം നല്‍കിയതിനുശേഷം മാത്രം പുതിയ വിജ്ഞാപനം തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉയര്‍ത്തിയിട്ടുണ്ട്. സമരസമിതി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും ഇതുവരെയും കഴിഞ്ഞിട്ടില്ല.

ഇതിനിടെ വളര്‍മതിയുടെ തലമുണ്ഡനം ചെയ്ത വാര്‍ത്ത ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും ബി ജെ പി വക്താവ് ജി എല്‍ നരസിംഹ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയോടും പ്രിയങ്കയോടും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുനടന്ന പി എസ് സി ക്രമക്കേടില്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് പോലീസ് മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പി എസ് സി അംഗങ്ങളെയും ചെയര്‍മാനെയും ചോദ്യം ചെയ്യുകയും ചെയ്തു. പി എസ് സി ഭരണഘടനാ സ്ഥാപനം ആയതുകൊണ്ട് ചെയര്‍മാനും അംഗങ്ങളും ക്രൈം ബ്രാഞ്ച് പോലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കേസുകളില്‍ പ്രതികളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന ഭായി ഭായി സമീപനത്തിന് എതിരെ ഹൈക്കോടതി ആഞ്ഞടിച്ചതിനെ തുടര്‍ന്നാണ് പി എസ് സി അംഗങ്ങള്‍ക്കും ചെയര്‍മാനും നോട്ടീസ് നല്‍കിയത്.

ഇടതുപക്ഷ അനുഭാവിയെ നിയമിക്കാന്‍വേണ്ടി മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ പരിശോധിക്കാതെ വിട്ടതും അഭിമുഖത്തില്‍ ക്രമക്കേട് നടത്തിയതും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ എടുക്കാതിരുന്നപ്പോഴാണ് ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരാതികളുടെ അടിസ്ഥാനത്തില്‍ പി എസ് സി അംഗങ്ങളെയും ചെയര്‍മാനെയും സ്ഥാനത്തുനിന്ന് നീക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രസിഡന്‍ഷ്യല്‍ റഫറന്‍സിന് ശുപാര്‍ശ നല്‍കിയത്. രാഷ്ട്രപതി ഇത് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പി എസ് സി ചെയര്‍മാനെയും അംഗങ്ങളെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഗവര്‍ണര്‍ക്ക് കഴിയും. ഗവര്‍ണറുടെ നടപടിയെ പൊതുജനങ്ങള്‍ വ്യാപകമായി അഭിനന്ദിക്കുന്ന സാഹചര്യവും കേരളത്തില്‍ ഉണ്ടായി.

Reference

  1. Manorama Online https://share.google/mKCLZCD2R08OEvYFc
  2. Facebook https://share.google/4l3WsFzw9UrQuvcoR
  3. Asianet News Malayalam https://share.google/u1WYxo07GdglVXJTf
  4. https://share.google/Z2SSTArVL7T6hMVZT
  5. Instagram https://share.google/yC2VkLyihjdaIkqWC
  6. https://share.google/GlAchyflHxwiHqkH6
  7. https://share.google/5Ou0XphUGGzkC8BBG
  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *