ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത് വിവാദമാകുന്നു
കൊച്ചിയിലെ ചേരാനല്ലൂരില്‍ ആഢംബര കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന 17 വയസ്സുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത് വിവാദമായി. സാമൂഹ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ഹൈക്കോടതി തീരുമാനത്തിനെതിരെ നിഷിദ്ധമായ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. സാധാരണ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്ന കേസുകളില്‍ മാതാപിതാക്കളെ പ്രതികളാക്കുകയും അറസ്റ്റ് ചെയ്യുകയും ആണ് രീതി. ചേരാനല്ലൂര്‍ കേസിലും ഇരിങ്ങാലക്കുട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ ആയ അഡീഷണല്‍ ജില്ലാ ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറിനെ ചേരാനല്ലൂര്‍ പോലീസ് രണ്ടാംപ്രതി ആക്കിയിരുന്നു.
അപകടമുണ്ടായ ഉടന്‍ ഫോട്ടോകള്‍ നീക്കം ചെയ്ത കാറിന്റെ ബോര്‍ഡ് മാറ്റിയും ഒക്കെ ജഡ്ജിക്ക് വേണ്ടി പ്രവര്‍ത്തിച്ച പോലീസിന്റെ നീക്കങ്ങളെ പൊതുസമൂഹവും പത്രമാധ്യമങ്ങളും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും കൊച്ചി പോലീസ് കമ്മീഷണറെ സ്ഥലം മാറ്റുകയും ചെയ്തു. ജഡ്ജിയുടെ സ്വാധീനത്തില്‍ നിന്ന് പുറത്തുവന്നതോടെയാണ് പോലീസ് അദ്ദേഹത്തെ രണ്ടാം പ്രതിയാക്കി കേസെടുത്തത്. പോലീസ് അറസ്റ്റിന് ഒരുങ്ങുമ്പോഴാണ് റിനോ ഫ്രാന്‍സിസ് സേവിയര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഇതിന്റെ ഇടക്കാല ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറസ്റ്റ് തടഞ്ഞത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
വ്യാഴാഴ്ച രാവിലെ ചോദ്യംചെയ്യാനായി വീണ്ടും ഹാജരാകണം എന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ജഡ്ജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ അറിവോടെയല്ല മകന് കാര്‍ എടുത്തുകൊണ്ട് പോയതെന്ന വാദമാണ് പ്രധാനമായും ഉന്നയിച്ചത്. പുലര്‍ച്ചെ 2.14 ലോടെ മകന് ഫോണില്‍ വിളിച്ചപ്പോഴാണ് ഉറങ്ങുകയായിരുന്ന താന്‍ സംഭവം അറിയുന്നതെന്നും ഹര്‍ജിയില്‍ വിശദീകരിച്ചു. ഇക്കാര്യം അന്വേഷിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ ബുധനാഴ്ച നാലുമണിക്കൂറോളം ചോദ്യം ചെയ്തതാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതി കണക്കിലെടുത്തു. അപകടത്തിന് ഇടയാക്കിയ വാഹനവും താമസസ്ഥലത്ത് നടത്തിയ പരിശോധനയിലൂടെ ലാപ്ടോപ്പ് മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചെടുത്തതും കോടതി ചൂണ്ടിക്കാണിച്ചു. ജില്ലാ ജഡ്ജിയായ ഹര്ജിക്കാരന് ഒളിവില്‍ പോകില്ല എന്നതടക്കം കണക്കിലെടുത്ത് അറസ്റ്റ് വിലക്കുകയായിരുന്നു. പോലീസ് നല്കിയ നോട്ടീസ് അനുസരിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ചോദ്യംചെയ്യലിന് ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യഹര്‍ജിയെ സര്‍ക്കാരും കേസില്‍ കക്ഷിചേര്‍ന്നിരുന്ന മരണമടഞ്ഞ ജയബാലകൃഷ്ണന്റെ ഭാര്യയും മക്കളും ശക്തമായി എതിര്‍ത്തു.
ജില്ലാ ജഡ്ജി ആയതുകൊണ്ട് ഒളിവില്‍ പോവുകയില്ല, അറസ്റ്റ് ചെയ്യേണ്ട എന്ന ഹൈക്കോടതിയുടെ നിലപാട് ഭരണഘടനയുടെയോ ഭാരതീയ ന്യായസംഹിതയുടെയൊ വകുപ്പില്‍ വരുന്നതല്ലെന്നും സാധാരണ പ്രതികളെ പോലെ തന്നെ വേണം ജില്ലാ ജഡ്ജിയെയും കാണാന്‍ എന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്ന വിമര്‍ശനം. ജില്ലാ ജഡ്ജി എന്ന സ്വാധീനം കേസിന്റെ നടത്തിപ്പിനെയും പോലീസിന്റെ സംവിധാനത്തെയും ദുരുപയോഗം ചെയ്തതിനെതിരെ മരണമടഞ്ഞ ആളിന്റെ മകള്‍ ഭദ്രകീര്ത്തി നടത്തിയ പോരാട്ടത്തിലൂടെ ആയിരുന്നു സംഭവം കേരളത്തിലെ പൊതുസമൂഹം ഏറ്റെടുത്തത്. മരണമടഞ്ഞ ആളിന്റെ ചിത കത്തിത്തീരും മുമ്പുതന്നെ കുറ്റവാളിയെ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടതാണ് ഏറ്റവും വലിയ വിവാദമായത്. നിയമപരമല്ലാത്ത ഒരു ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഏതു ഉദ്യോഗസ്ഥര്‍ നല്കിയാലും പാലിക്കേണ്ടതില്ല എന്ന് പോലീസുകാരുടെ ഏക സംഘടനയായ കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന നേതൃയോഗം വെള്ളിയാഴ്ച തീരുമാനിക്കുകയും ചെയ്തു.
Reference
- Instagram https://share.google/EYwGaX0g36jzY2su4
- Madhyamam https://share.google/sll3hoNKahAhs5REB
- Hindustan Times https://share.google/YUEHprjPmwu9gJwod
- The Indian Express https://share.google/vaAHvntRYPtBr36WG
- Hindustan Times https://share.google/xDQF9oAWVigYKcfUH
- Mathrubhumi https://share.google/s5MOS3ZGjPbPbjp5v
- The Indian Express https://share.google/nW53dTgzIpvVt5Uov
- ജി.കെ
