KeralaNewsNews from StatesPopular NewsRecent NewsTrending News

പി എസ് സി അംഗങ്ങള്‍ക്ക് വീണ്ടും ക്രൈം ബ്രാഞ്ച് സമന്‍സ് നല്‍കും

സംസ്ഥാന ആസൂത്രണബോര്‍ഡിലെ ചീഫ് റാങ്ക് പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നാല് പി എസ് സി അംഗങ്ങളെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കും. ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പി എസ് സി യിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുകഴിഞ്ഞു. ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള നാലുപേരെയാണ് ഐ ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. മറ്റു പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികളിലും ഉദ്യോഗസ്ഥരില്‍ നിന്ന് എസ്‌ഐടി വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇതിനിടെ ആരോപണം ഉയര്‍ന്ന ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചതുപോലെ ക്രമക്കേട് നടന്നു എന്നത് വ്യക്തമായി. പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതി ഉയര്‍ത്തിയിരുന്ന കെ. ശ്യാം കൃഷ്ണന് ഒന്നാം റാങ്ക് ലഭിച്ചു. നേരത്തെ ഒന്നാം റാങ്ക് ലഭിച്ച നിയമനം ലഭിച്ച ഇടതുപക്ഷ നേതാവായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒന്നേകാല്‍ ലക്ഷത്തിലേറെ ശമ്പളമുള്ള ആസൂത്രണ ബോര്‍ഡിന്റെ വ്യവസായ അടിസ്ഥാനഘടക വിഭാഗം ചീഫ് റാങ്ക് പട്ടികയാണ് വിവാദത്തെ തുടര്‍ന്ന് പുനര്‍ മൂല്യനിര്‍ണയം നടത്തി പി എസ് സി ക്രമീകരിച്ചത്.

2025 മെയ് 31 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ അരുണ്‍ ജെ പ്രതാപിനായിരുന്നു ഒന്നാം റാങ്ക്. 58 മാര്‍ക്കിനുള്ള 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് അരുണ്‍ ജെ പ്രതാപിന് ഒന്നാം റാങ്ക് നല്‍കിയത്. മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണനും അഞ്ചാം റാങ്കുകാരനായ വി എസ് ജയലാലും ഉത്തരക്കടലാസിന്റെ പകര്‍പ്പിന് അപേക്ഷ നല്‍കിയെങ്കിലും ഔദ്യോഗിക രഹസ്യം എന്നപേരില്‍ പേപ്പര്‍ നല്‍കിയില്ല. വിവരാവകാശ കമ്മീഷന്‍ വഴി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരുവര്‍ഷത്തിന് ശേഷം പരീക്ഷാ പേപ്പര്‍ നല്‍കിയത്. 58 മാര്‍ക്കിനുള്ള 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്തിയിട്ടില്ല എന്ന് കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചത്. 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നത് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച ക്ലിനിക്കല്‍ പിശകാണെന്നായിരുന്നു പി എസ് സിയുടെ വിശദീകരണം. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണര്‍ക്കും അടക്കം പരാതി നല്‍കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതോടെയാണ് പ്രത്യേക പുന:പരിശോധനാ ക്യാമ്പ് നടത്തി റാങ്ക് പട്ടിക പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചത്. ഇതോടെ ക്രമക്കേട് നടന്നു എന്ന ആരോപണം പൂര്‍ണമായും സത്യമാണെന്ന് തെളിഞ്ഞു.

ഒന്നേകാല്‍ വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷ നേതാവായിരുന്ന അരുണ്‍ ജെ പ്രതാപിന് ജോലി നഷ്ടപ്പെടും എന്നുതന്നെയാണ് സൂചന. റാങ്ക് പട്ടിക പുതുക്കിയ കാര്യം സംസ്ഥാന സര്‍ക്കാരിനെ പി എസ് സി അറിയിക്കുകയും പിരിച്ചുവിടാന്‍ ആവശ്യപ്പെടുകയും ചെയ്യും. നേരത്തെ നടത്തിയ പരീക്ഷയില്‍ 39 മാര്‍ക്ക് കിട്ടിയിരുന്ന ശ്യാം കൃഷ്ണന് പുനര്‍മൂല്യനിര്‍ണയം നടത്തിയപ്പോള്‍ 59. 50 മാര്‍ക്കാണ് ലഭിച്ചത്. നേരത്തെ നിയമനം ലഭിച്ചയാള്‍ കോടതിയില്‍ പോകും എന്നാണ് സൂചന. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിലും അതിന്റെ ഉത്തരവാദിത്വം തനിക്കില്ല എന്ന വാദമാണ് അദ്ദേഹം ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതേസമയം രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തോടെ പി എസ് സി ചെയര്‍മാന്‍ അടക്കമുള്ള അഭിമുഖം നടത്തിയവര്‍ പോലും ഒത്തുകളിച്ചു എന്ന ആരോപണമാണ് ഉയരുന്നത്. ഇത് സംബന്ധിച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പി എസ് സി അംഗങ്ങള്‍ എന്നനിലയില്‍ ഭരണഘടനാ പരിരക്ഷയുണ്ട്, ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ല എന്ന നിലപാടാണ് പി എസ് സി സ്വീകരിച്ചത്. ഇക്കാര്യം ഉയര്‍ത്തി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പി എസ് സിയുടെ പ്രവര്‍ത്തനം സംബന്ധിച്ചുതന്നെ ആരോപണം ഉയരുകയും അന്വേഷണം നടക്കുകയും ചെയ്തപ്പോള്‍ സഹകരിക്കാതിരിക്കുന്നതിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കാനാവില്ല എന്നകാര്യം ഹൈക്കോടതി വ്യക്തമാക്കി. പി എസ് സി അംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞത്.

പരീക്ഷയിലും അഭിമുഖത്തിലും തട്ടിപ്പും ഒത്തുകളിയും നടന്നു എന്നകാര്യം പുനര്‍മൂല്യനിര്‍ണയത്തില്‍ വ്യക്തമായിക്കഴിഞ്ഞു. അതേസമയം പറ്റിയ തെറ്റ് പുനര്‍മൂല്യനിര്‍ണയത്തിലൂടെ തിരുത്തി എന്നു വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാനാണ് പി എസ് സിയുടെ ശ്രമം. അതേസമയം, കേരളത്തിലെ പോലെ തന്നെ ക്രമക്കേട് നടത്തുകയും മകളുടെ അടക്കമുള്ള ബന്ധുക്കളെ നിയമിക്കുകയും ചെയ്ത കര്‍ണാടക പി എസ് സി ചെയര്‍മാനെയും സെക്രട്ടറിയെയും ഉന്നത ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഭരണഘടനാപരമായ ഒരു പരിരക്ഷയും അവിടെ കിട്ടിയിട്ടുമില്ല. കേരളത്തിലെ ക്രമക്കേടിലും ഇത്തരം ശക്തമായ നടപടി ഉണ്ടായാലേ പി എസ് സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയൂ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നത്. ആസൂത്രണ ബോര്‍ഡിന്റെ നിയമനം കൂടാതെ കെ എ എസ്, പി ആര്‍ ഡിയിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫിഷറീസിലെ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം തുടങ്ങിയവ അടക്കം നിരവധി തസ്തികകളില്‍ ക്രമക്കേട് നടന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആരോപണം ഉയര്‍ന്ന എല്ലാ നിയമനങ്ങളിലും റാങ്ക് ലിസ്റ്റ് മരവിപ്പിക്കുകയും അന്വേഷണം നടത്തുകയും വേണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പി എസ് സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നത്.

Reference

  1. The Hindu https://share.google/ilUr5KmeFXT2GTA8G
  2. The Hindu https://share.google/IvC0XUl0B8GqyRs0q
  3. Live Law https://share.google/HWBjExlbuZNlgqEYg
  4. https://share.google/JN6zp0tliJP4MbS2A
  5. The Hindu https://share.google/PVRRbQ3eGAPRYUTnE
  6. https://share.google/6TNcEnSaYTNoR338n
  7. The New Indian Express https://share.google/JzFTNe6Lk8brCb8Pb
  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *