KeralaKeralaNewsNews from StatesPoliticsPolitics & GovernancePopular NewsRecent NewsTrending News

ആറുമാസമായി ഉപയോഗിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിക്കും

ആറുമാസമായി റേഷന്‍ സാധനങ്ങള്‍ വാങ്ങാത്ത റേഷന്‍ കാര്‍ഡുകള്‍ അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒക്ടോബര്‍ ഒന്നിന് ആറുമാസം മുന്‍പ് റേഷന്‍ വാങ്ങാത്ത കാര്‍ഡുകളാണ് ഒന്നാം തീയതി മുതല്‍ അസാധുവാക്കുന്നത്. പക്ഷേ, തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കാര്‍ഡുകള്‍ അസാധുവാക്കിയാലും മൂന്നുമാസം കൂടി ശരിയായ ഗുണഭോക്താവ് ആണെന്ന് തെളിയിക്കാന്‍ അവസരം നല്‍കും. അതിനുശേഷമേ റേഷന്‍ പട്ടികയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്യുകയുള്ളൂ.

1.58 കോടി റേഷന്‍ കാര്‍ഡുകളാണ് ദേശീയതലത്തില്‍ തന്നെ ഉപയോഗിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുള്ളത്. സ്മാര്‍ട്ട് പൊതുവിതരണ സംവിധാനത്തിന്റെ ഭാഗമായി നിര്‍ജീവമായതും വ്യാജമോ, സംശയത്തിലുള്ളതോ ആയ റേഷന്‍ കാര്‍ഡുകളെ നീക്കി പൊതുവിതരണ സംവിധാനം ശുദ്ധീകരിക്കുന്നതിനാണ് റേഷന്‍ കാര്‍ഡുകള്‍ അസാധുവാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മൂന്നുമാസത്തെ സമയത്തിനിടയില്‍ ഇലക്ട്രോണിക് സംവിധാനം വഴി കെ വൈ സി പൂര്‍ത്തിയാക്കിയാല്‍ അസാധുവാക്കിയ കാര്‍ഡുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും. ആറുമാസത്തിനിടയില്‍ ഒരിക്കല്‍ പോലും ഭക്ഷ്യധാന്യം വാങ്ങുന്നതിനായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കാതിരുന്നാലാണ് കാര്‍ഡ് നിര്‍ജീവമായതായി കണക്കാക്കുക.

രാജ്യത്തെ ഭക്ഷ്യധാന്യശേഖരം അര്‍ഹരായവര്‍ക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പാക്കാനും ഉപയോഗിക്കുന്നത് തടയാനുമാണ് പൊതുവിതരണ സമ്പ്രദായത്തിലെ ഡേറ്റാ ബേസ് ശുദ്ധീകരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രാലയം വ്യക്തമാക്കി. റേഷന്‍ കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്തത് ആധാറുമായി ബന്ധിപ്പിച്ചത് ഇലക്ട്രോണിക് കെ വൈ സി സമ്പ്രദായം നടപ്പിലാക്കുക എന്നിവ വഴി 2024 ല്‍ അഞ്ചുകോടി 80 ലക്ഷം റേഷന്‍ കാര്‍ഡുകളെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേരളത്തില്‍ നാലരലക്ഷം കാര്‍ഡുകളാണ് ആറുമാസമായി റേഷന്‍ വാങ്ങാത്തത് മൂലം നിര്‍ജീവാവസ്ഥയില്‍ ആയിട്ടുള്ളത്. ഇതില്‍ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 44,000 കാര്‍ഡുകളും ഉള്‍പ്പെടും. ഇതര വിഭാഗത്തില്‍പ്പെട്ട നാലുലക്ഷത്തില്‍പ്പരം കാര്‍ഡുകളാണ് നിര്‍ജീവാവസ്ഥയില്‍ ഉള്ളത്.

ആകെ 96 ലക്ഷം കാര്‍ഡുകളാണ് കേരളത്തില്‍ ഉള്ളത്. കേരളത്തിലെ നാലരലക്ഷത്തോളം കാര്‍ഡുകള്‍ നിര്‍ജീവാവസ്ഥയില്‍ ആക്കിയാല്‍ ഇത്രയും റേഷന്‍ സാധനങ്ങള്‍ കേന്ദ്ര കോട്ടയില്‍ നിന്ന് കുറവ് വരുത്തുമെന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിലുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് 32,000 ടണ്‍ അരിയാണ് കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് പ്രതിവര്‍ഷം ലഭിക്കുന്നത്. കേരളത്തില്‍ നിര്‍ജീവമായ റേഷന്‍ കാര്‍ഡുകളുടെ ഉടമകളെ കണ്ടെത്തി കെ വൈ സി ഉറപ്പാക്കി കാര്‍ഡുകള്‍ പുനരുജീവിപ്പിക്കാനുള്ള പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരും ഭക്ഷ്യവകുപ്പും ആരംഭിച്ചിട്ടുണ്ട്.

Reference

  1. Hindustan Times https://share.google/sXCBnSDQuvjVslFnr
  2. Kerala Kaumudi https://share.google/HFyRjqJgW4FkHEikw
  3. Press Information Bureau https://share.google/t4QvloKBogZwtGfMt
  4. The Times of India https://share.google/yUnSkTrCFAc9jU95a
  5. www.uniindia.com https://share.google/I6SVdG46Xbk05qY9b
  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *