ഭീകരര്‍ക്കും ദേശവിരുദ്ധര്‍ക്കും വേണ്ടി നീതിപീഠങ്ങളുടെ രാത്രികാല സിറ്റിംഗ്
സുപ്രീംകോടതിയിലും നീതിപീഠത്തിലും വിശ്വാസമില്ലെന്ന് ഇന്നുവരെ ഒരു ബിജെപിക്കാരനും ആര്‍എസ്എസുകാരനും സംഘപരിവാര്‍ പ്രവര്‍ത്തകനും പറഞ്ഞിട്ടില്ല. അടിയന്തരാവസ്ഥയില്‍ നീതിപീഠത്തെ വരുതിയിലാക്കാന്‍ ഇന്ദിരാഗാന്ധി ശ്രമം നടത്തിയപ്പോള്‍ അതിനെ ചെറുക്കാനും പ്രതിരോധിക്കാനും ബിജെപിയുടെ പ്രാഗ്രൂപമായ ജനസംഘവും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. അടുത്തിടെ ജന്തര്‍മന്തര്‍ കേന്ദ്രമാക്കി ഭാരതത്തെ അസ്ഥിരപ്പെടുത്താനും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസത തകര്‍ക്കാനും വിപ്ലവത്തിലൂടെ ഭാരതത്തിന്റെ ഭരണമാറ്റത്തിനും ഇടതു ജിഹാദി അച്ചുതണ്ടു നടത്തിയ സമരത്തിനിടെ വീണ്ടും പ്രശാന്ത് ഭൂഷന് നിയമസംവിധാനത്തില്‍ വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ചു. ഇതിനിടെയാണ് അരാജകത്വവാദികളുടെ സമരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡല്‍ഹി ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീംകോടതി രാത്രിയില്‍ സിറ്റിങ് നടത്തിയത്.
ഒക്ടോബര്‍ 11 ഞായറാഴ്ച രാത്രി ജസ്റ്റിസ് ജോയ് മല്യ ബാഗ്, ചിഫ് ജസ്റ്റിസ് വി മോഹനന് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിപക്ഷ സംഘടനകളുടെ ഹര്‍ജി പരിഗണിച്ചത്. ക്രമസമാധാന പ്രശ്നത്തിന്റെ ഭാഗമായി കരുതല്‍ തടങ്കലില്‍ ആക്കിയവരെ വിട്ടയക്കുക, മെട്രോയും ഇന്റര്‍നെറ്റും പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഉന്നയിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തലാക്കിയതിനെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി പോലീസ് മേധാവി ,ഡി എം ആര് സി എന്നിവര്‍ക്ക് കോടതി അലക്ഷ്യ കേസ് എടുക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ അര്‍ദ്ധരാത്രിയിലെ ഈ സിറ്റിംഗ് നിയമവിധേയമാണോ? രാജ്യത്തിനെതിരെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ രക്തരൂക്ഷിത വിപ്ലവം നടത്താനും വിദേശ ശക്തികളുടെ സഹായത്തോടെ, സാമ്പത്തിക പിന്‍ബലത്തോടെ രാഷ്ട്രവിരുദ്ധ ശക്തികള്‍ അരാജകത്വം നടപ്പിലാക്കുമ്പോള്‍ അതിന് ചൂട്ടുപിടിക്കാന്‍ നിയമവിരുദ്ധമായി അര്‍ദ്ധരാത്രി കോടതി കൂടേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് സാധാരണക്കാരായ നികുതിദായകരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം നീതിപീഠത്തിനുണ്ട്.
ഇത്തരത്തില്‍ സുപ്രീംകോടതി രാത്രി സിറ്റിംഗ് നടത്തിയത് ഭാരതത്തിന്റെ താല്പര്യത്തിനുവേണ്ടി ആയിരുന്നില്ല എന്നതാണ് പൊതുജനങ്ങളെ അലോസരപ്പെടുത്തുന്ന ഏറ്റവും വലിയ പ്രശ്നം.
2015 ജൂലൈ 29 ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഇതേപോലെതന്നെ സുപ്രീംകോടതി ഒരു ഹര്‍ജി പരിഗണിച്ചിരുന്നു. അത് 1993 ലെ മുംബൈ സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെട്ട കേസിലെ പ്രതി യാക്കൂബ് മേമന് വധശിക്ഷ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു. രാഷ്ട്രത്തിനെതിരെ യുദ്ധം നടത്തിയ ഭീകര തീവ്രവാദികളുടെ ആവശ്യത്തിനനുസരിച്ച് തുറന്ന കോടതി എന്തുകൊണ്ട് മരണമടഞ്ഞ നിരപരാധികളും നിസ്സഹായരുമായ സാധാരണക്കാരായ ഭാരത പൗരന്റെ കണ്ണുനീര് കണ്ടില്ല എന്ന ചോദ്യം പൊതുസമൂഹം ഉയര്‍ത്തിയിരുന്നു.
അടുത്ത ശ്രദ്ധേയമായ രാത്രികാല സിറ്റിംഗ് 2023 ജൂലൈ ഒന്നിനായിരുന്നു.ഗുജറാത്തില്‍ നരേന്ദ്രമോദിയെ വേട്ടയാടിയ ടീസ്റ്റ സെത്തല്വാദിനു വേണ്ടിയാണ് രാത്രികാല സിറ്റിംഗ് നടത്തിയത്. നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സുപ്രീം കോടതി വരെ എത്തിയ കേസില്‍ സക്കിയാ ജഫ്രീയും ടീസ്റ്റ സെത്തല്വാദുമാണ് മുന്നിലുണ്ടായിരുന്നത്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയത് മുന്‍ ഡിജിപി കെ ആര് രാഘവന് ആയിരുന്നു. ഇന്ത്യന്‍ പോലീസിലെ തന്നെ ഏറ്റവും സത്യസന്ധനും മികച്ച ഉദ്യോഗസ്ഥന് എന്നും പേരെടുത്ത അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മറ്റൊരു മൂന്നുപേരുടെയും പങ്കാണ് അന്വേഷിച്ചത്. സാക്ഷ്യമൊഴികളും രേഖകളും ടെലിഫോണ്‍ രേഖകളും പരിശോധിച്ചാണ് മോദിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തിയത്. ജസ്റ്റിസ് എ എം ഖാന് വില്കറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്. ടീസ്റ്റ സെത്തല്‍വാദ് അധമലക്ഷ്യത്തോടെയാണ് കേസ് ഫയല്‍ ചെയ്തതെന്ന് ബെഞ്ച് വിലയിരുത്തി. തെറ്റായ രേഖകളും തെളിവുകളും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമം വിധിയില്‍ എടുത്തുകാട്ടി. വ്യാജ സാക്ഷികളെ സൃഷ്ടിക്കാനും അവരെ പഠിപ്പിക്കാനും നടത്തിയ ശ്രമവും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരുന്നു. അത് ഉദ്ധരിച്ച സുപ്രീംകോടതിയും വളരെ വ്യക്തമായി ഇക്കാര്യത്തില്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ തെളിവുണ്ടാക്കാന്‍ എന്നിവ നടത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2022 ജൂണ്‍ 25 ന് അവരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ചീഫ് ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. വീണ്ടും ജാമ്യത്തിനായി നല്കിയ ഹര്‍ജി 2023 ജൂലൈ ഒന്നിന് ഗുജറാത്ത് ഹൈക്കോടതി തള്ളുകയും ഉടന്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അന്ന് വൈകിട്ട് തന്നെ സുപ്രീംകോടതി അവരുടെ ജാമ്യാപേക്ഷ പരിഗണിച്ചു. അഭയ് എസ്, ഒ.കെ പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചതെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മൂന്നംഗ ഡിവിഷന് ബെഞ്ചിന് ഹര്‍ജി വിട്ടു. ജസ്റ്റിസ് ബി ആര് ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കര്‍ ദത്ത എന്നിവടങ്ങിയ ബെഞ്ചാണ് രാത്രി 9.15 ന് സിറ്റിംഗ് നടത്തിയത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീംകോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ജൂലൈ 19ന് വീണ്ടും കേസ് പരിഗണിച്ച് സ്ഥിര ജാമ്യവും അനുവദിച്ചു.
അതിനുശേഷമാണ് ഇപ്പോള്‍ മൂന്നാമത്തെ കേസ് രാത്രി സിറ്റിംഗ് നടത്തിയത്. മൂന്ന് കേസിലും രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് വേണ്ടിയായിരുന്നു എന്നത് കോടതിയുടെ നിഷ്പക്ഷതയും സത്യസന്ധതയും ചോദ്യം ചെയ്യുന്നതാണ് എന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തല്‍.
ഭാരതത്തിലെ സാധാരണക്കാരായ പൗരന്മാര്ക്ക് കിട്ടാത്ത ആനുകൂല്യം അരാജകവാദികള്‍ക്ക് രാത്രികാല സിറ്റിംഗ് നടത്തി നല്‍കുന്നത് നീതിയുടെ നിഷ്പക്ഷതയ്ക്ക് അനുയോജ്യമാണോ എന്നകാര്യം ന്യായാധിപസമൂഹം തന്നെ ആലോചിക്കേണ്ടതല്ലേ. കേരളത്തില്‍ വ്യാജ ഡ്രഗ്സ് കേസില്‍ അറസ്റ്റിലായ ഷീല സണ്ണി എന്ന വനിതയെ 72 ദിവസമാണ് തടവിലിട്ടത്. കേസും തെളിവുകളും വ്യാജമാണെന്ന് പിന്നീട് കോടതി കണ്ടെത്തി.
പോക്സോ-ബലാത്സംഗ കേസുകളില്‍ ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ കേസ് വിചാരണ ചെയ്ത് പൂര്‍ത്തിയാക്കണം എന്നാണ് ചട്ടം. രണ്ട് ലക്ഷ ത്തോളം കേസുകളാണ് പോക്സോ-ബലാല്‍സംഗ വിഭാഗത്തില്‍ കെട്ടിക്കിടക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പോലും കൊടുക്കാത്ത നീതി അരാജകത്വവാദികള്ക്ക് എങ്ങനെ കിട്ടുന്നു എന്നത് സുപ്രീംകോടതി പരിഗണിക്കണം.
2026 ഒക്ടോബറിലെ കണക്കനുസരിച്ച് 95,977 കേസുകള്‍ സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നു. ഇവയില്‍ 73,447 സിവില്‍ കേസുകളും 22,554 ക്രിമിനല്‍ കേസുകളും ആണ്. ഇവയില്‍ പതിനായിരം എണ്ണം പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ്. 500 എണ്ണം 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ. 26 കേസുകള്‍ 30 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ്. ഒക്ടോബര്‍ ആറാം തീയതിയിലെ കണക്കനുസരിച്ച് ഭാരതത്തില്‍ മുഴുവന്‍ 59 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവയില്‍ 180,000 എണ്ണം 30 വര്‍ഷം പഴക്കമുള്ളതാണ്. 5.24 കോടി കേസുകളാണ് ജില്ലാ കോടതികളില്‍ ഉള്ളത്. 65.32 ലക്ഷം കേസുകളാണ് ഹൈക്കോടതികളില്‍ ഉള്ളത്. ഈ കേസുകളില്‍ പകുതി ഭാഗത്തിലും സര്‍ക്കാരുകളാണ് പരാതിക്കാര്‍. 20 ശതമാനം കേസുകള്‍ ഭൂമിയും സ്വത്തും സംബന്ധിച്ചുള്ളതാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഭാരതത്തിലെ കോടതികളിലാണ്. ഇപ്പോഴുള്ള കേസുകള്‍ ഇന്നത്തെ നിലയില്‍ തീര്‍പ്പുകല്‍പ്പിക്കാനാണെങ്കില്‍ പോലും 324 വര്‍ഷം വേണ്ടിവരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ കേസുകളില്‍ പലതിലും നീതി നിഷേധിക്കപ്പെടുകയോ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നു എന്നതും പ്രത്യേക ശ്രദ്ധയിര്ഹിക്കുന്നതാണ്. 2026 ഏപ്രില്‍ 22 ന് ബീഹാര്‍ ഹൈക്കോടതി തെളിവില്ലാതെ കുറ്റവിമുക്തനാക്കി വിട്ട ആള് 28 വര്‍ഷം നിരപരാധിയായിട്ടും ജയിലില്‍ കിടന്നു എന്ന് നീതിപീഠം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭീകരാക്രമണകേസിലെ പ്രതികള്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും അരാജകത്വവാദികള്‍ക്കും വേണ്ടി രാത്രികാല സിറ്റിംഗ് നടത്തുന്ന ജഡ്ജിമാര്‍ ആഴ്ചയില്‍ ഒരുദിവസം അധിക സിറ്റിങ് നടത്തിയിരുന്നെങ്കില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ ഭൂരിപക്ഷത്തിനും വിധി കല്പ്പിക്കാന് കഴിയുമായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ രാത്രികാല സിറ്റിംഗില്‍ പൊതുസമൂഹത്തില്‍ എതിര്‍പ്പ് ഉയരുന്നതും. സാമൂഹ്യ മാധ്യമങ്ങളില്‍ സുപ്രീംകോടതിയുടെ രാത്രികാല സ്പെഷ്യല്‍ സിറ്റിങ്ങിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതും കാണാതിരുന്നുകൂടാ. യാക്കൂബ് മേമനും ടീസ്റ്റാ സെത്തല്വാദിനും അഭിജിത് ദീപ്കെയ്ക്കും നേഹ ബോറക്കും മാത്രം കിട്ടുന്ന പരിഗണന ഭാരതത്തിലെ സാധാരണക്കാര്‍ക്ക് കിട്ടേണ്ടതല്ലേ എന്ന ചോദ്യത്തിന് രാത്രികാല സിറ്റിംഗ് നടത്തിയവര്‍ തന്നെ മറുപടി പറയണം.
Reference
1. Supreme Court Observer https://share.google/A6GpD7MUjYwgox2XH
2. Supreme Court of India https://share.google/9K5xNvzEwwOP7MJJE
3. Supreme Court of India https://share.google/9r9lvncMHMcxMrjj9
4. Supreme Court of India https://share.google/Np5dJwWz6UBxndp90
5. Facebook https://share.google/OhDU4haSz1CCpLlQM
6. Business Standard https://share.google/YOFAMdYW1I4UofiQ8
– ജി കെ
