KeralaNews from StatesRecent News

ഭാരതത്തിന്റെ കണ്ണുമായി ഐ എസ് ആര്‍ ഒ വീണ്ടും ലോകശ്രദ്ധയില്‍

ജി കെ സുരേഷ് ബാബു

ജി എസ് എല്‍ വി എഫ് 17 കുതിച്ചുയര്‍ന്നതോടെ ഇടയ്ക്ക് പിന്നോട്ട് പോയ ഐ എസ് ആര്‍ ഒ വീണ്ടും ലോകശ്രദ്ധയില്‍ ഗണ്യമായ സ്ഥാനം നേടി തിരിച്ചെത്തിയിരിക്കുന്നു. ആകാശത്തില്‍ ഭാരതത്തിന്റെ കണ്ണെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉപഗ്രഹത്തെ മികച്ച നേട്ടമായാണ് അന്താരാഷ്ട്ര സമൂഹവും വിലയിരുത്തുന്നത്. സെപ്റ്റംബര്‍ 4 ന് പുലര്‍ച്ചെ 2.55 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് GSLV- F 17 കുതിച്ചുയര്‍ന്നത്. വെറുമൊരു വിക്ഷേപണമായിരുന്നില്ല. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ തന്ത്രപ്രധാന വഴിത്തിരിവായിരുന്നു അത്. 2367 കിലോ ഭാരമുള്ള EOS 05 എന്ന ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചതോടെ, ഇന്ത്യ ആദ്യമായി, സ്വന്തമായി ഒരു ജി എസ് Geosynchronous Imaging Satellite സ്വന്തമാക്കി.

അമേരിക്കയും ചൈനയും മാത്രം നേടിയിരുന്ന ആഗോള നിരീക്ഷണ ശേഷിയിലേക്കുള്ള ഇന്ത്യയുടെ ആദ്യ ചുവടാണ് EOS 05. ഇതുവരെ ഇന്ത്യ വിക്ഷേപിച്ച എല്ലാ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളും 500-600 കിലോമീറ്റര്‍ ഉയരത്തിലുള്ള താഴ്ന്ന ഭ്രമണപഥങ്ങളിലാണ് സഞ്ചരിച്ചിരുന്നത്. അവ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും. ഒരു സ്ഥലത്തിന് മുകളിലൂടെ ഒരിക്കല്‍ കടന്നുപോയാല്‍, വീണ്ടും അതേസ്ഥലത്തെത്താന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. അതിനിടയില്‍ ശത്രുനീക്കം നടക്കുന്നുണ്ടെങ്കില്‍ അവര്‍ സ്ഥാനം മാറും. 36,000 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഉപഗ്രഹത്തിന്റെ കാഴ്ച വേറിട്ടതാണ്. ഒരേസമയം ഇന്ത്യ മുഴുവന്‍, പാകിസ്ഥാന്‍, ടിബറ്റ് വരെയുള്ള ചൈന, ഇന്ത്യന്‍ മഹാസമുദ്രം മുഴുവന്‍ എന്നിവ ഫ്രെയിമില്‍ വരും. ഓരോ 5 മിനിറ്റിലും പുതിയ ഒരു ചിത്രം. രാത്രിയും പകലും ഒരേപോലെ കാണുന്ന കണ്ണുകള്‍. ഇതില്‍ സാധാരണ ക്യാമറ മാത്രമല്ല, മേഘങ്ങള്‍ക്കിടയിലൂടെയും ഇരുട്ടിലും മൂടല്‍മഞ്ഞിലും കാണാന്‍ കഴിയുന്ന മള്‍ട്ടിസ്‌പെക്ട്രല്‍, ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ എന്നിവയുണ്ട്. തണുത്ത രാത്രിയില്‍ ഒരു മനുഷ്യന്റെ ശരീരത്തിലെ ചൂട് പോലും ഇതിന് തിരിച്ചറിയാന്‍ കഴിയും. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഇതിനെ ‘ദേശീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപഗ്രഹം’ എന്ന് വിശേഷിപ്പിച്ചതിന്റെ അര്‍ത്ഥം ഇതാണ്. ഇത് കൃഷിക്കും കാലാവസ്ഥക്കും മാത്രമല്ല, രാജ്യസുരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഏതാനും മാസങ്ങള്‍ക്കുമുന്‍പ് തിരുവനന്തപുരം ഐ എസ് ആര്‍ ഒ യില്‍ എത്തിയത്.

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഇനി ഒളിക്കാനും ഒളിപ്പോരിനും ഇടമില്ല. പാക്ക് അധിനിവേശ കാശ്മീരിലെ ഭീകരക്യാമ്പുകള്‍ മുതല്‍ കഹൂട്ടയിലെ ആണവകേന്ദ്രം വരെയും നിയന്ത്രണരേഖയിലെ നുഴഞ്ഞുകയറ്റശ്രമം, പാക് അധീന കാശ്മീരിലെ ലോഞ്ച് പാഡുകളിലെ നീക്കം, സൈനിക ബങ്കറുകളുടെ നിര്‍മ്മാണം എല്ലാം 24 മണിക്കൂറും ഭാരതത്തിന്റെ നിരീക്ഷണത്തിലാകും. ഗ്വാദര്‍ തുറമുഖത്ത് ഒരു ചൈനീസ് യുദ്ധക്കപ്പല്‍ അടുത്താലും ബലൂചിസ്ഥാനില്‍ ചൈനീസ് സൈനികര്‍ ഇറങ്ങിയാലും ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ നിര്‍മ്മാണവും ഇന്ത്യ തത്സമയം കാണും. പാകിസ്ഥാന് ചൈനയെ രഹസ്യമായി സഹായിക്കാനുള്ള വഴി ഇതോടെ അടയുന്നു. മിസൈല്‍ വിക്ഷേപണത്തിന്റെ തിരി കൊളുത്തുമ്പോള്‍, ഷഹീന്‍ പോലുള്ള ഒരു മിസൈല്‍ വിക്ഷേപിച്ചാല്‍ അതിന്റെ ജ്വാല 36,000 കിലോമീറ്റര്‍ മുകളില്‍ നിന്ന് ഉപഗ്രഹം പിടിച്ചെടുക്കും. ആണവപരീക്ഷണം പോലും രഹസ്യമായി നടത്താന്‍ പാക്കിസ്ഥാന് ഇനി കഴിയില്ല.

ചൈനയുടെ മുഴുവന്‍ യുദ്ധതന്ത്രവും അപ്രതീക്ഷിതമായി സൈന്യത്തെ കൂട്ടുന്നതിലാണ്. ഗാല്‍വാനില്‍ ചെയ്തത് അതാണ്. അതിര്‍ത്തിയില്‍ പല പ്രദേശത്തും വാഹനങ്ങളും യുദ്ധസാമഗ്രികളും എത്തിക്കുന്ന ശത്രുരാജ്യങ്ങളുടെ ഇരുട്ടിനെ മറയാക്കിയുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതാണ് പുതിയ ഉപഗ്രഹം. ചൈനയുടെ നിരീക്ഷണ സംവിധാനമായ ഥമീഴമി ന് ഇന്ത്യയുടെ മറുപടിയായാണ് യുദ്ധ സൈനിക വിദഗ്ധര്‍ ഇതിനെ കാണുന്നത്. ചൈനക്ക് ഇന്ന് 50 ലധികം സൈനിക നിരീക്ഷണ ഉപഗ്രഹങ്ങളുണ്ട്. EOS 05 ഈ മേഖലയിലേക്കുള്ള ഇന്ത്യയുടെ കന്നിപ്രവേശമാണ്. ഇതുപോലെ 4 ഉപഗ്രഹങ്ങള്‍ കൂടി വന്നാല്‍ ഇന്ത്യക്ക് മുഴുവന്‍ ഏഷ്യയെയും 24 മണിക്കൂറും നിരീക്ഷിക്കുന്ന ഒരു ശൃംഖലയാകും.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശത്രുസാന്നിധ്യം നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ കഴിയും. ചൈനയുടെയോ പാക്കിസ്ഥാന്റെയോ അന്തര്‍വാഹിനികളോ നിരീക്ഷണ കപ്പലുകളോ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ കടന്നാല്‍ അവ വെള്ളത്തിന് മുകളില്‍ വരുന്ന നിമിഷം കണ്ടെത്തും. ഭാവിയില്‍ കടലിലെ താപവ്യതിയാനം വെച്ചുപോലും അന്തര്‍വാഹിനിയെ കണ്ടെത്താന്‍ ഈ സാങ്കേതികവിദ്യക്ക് കഴിയും. ഏറ്റവും വലിയ രഹസ്യം ശത്രുവിനെ തിരിച്ചറിയുന്ന സമ്പ്രദായമാണ് EOS 05 ഒറ്റയ്ക്കല്ല പ്രവര്‍ത്തിക്കുന്നത്. അതിന്റെ സാങ്കേതികവിവരങ്ങള്‍ നേരിട്ട് നമ്മുടെ സൈന്യത്തിന്റെ ഇന്റഗ്രേറ്റ് തിയേറ്റര്‍ കമാന്‍ഡിലേക്ക് പോകും. അതായത് ഉപഗ്രഹം ഒരു ലക്ഷ്യം കണ്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആ വിവരം അതിര്‍ത്തിയിലെ നിയോഗിക്കപ്പെട്ടിട്ടുള്ള നിശ്ചിത സൈനികനോ, ആകാശത്തുള്ള വ്യോമസേനാ വിമാനത്തിനോ, ബ്രഹ്മോസ് മിസൈലിന്റെ നിയന്ത്രകര്‍ക്കോ ലഭിക്കും. കണ്ടെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ആക്രമിക്കാന്‍ കഴിയുന്ന ഈ ശേഷിയാണ് യഥാര്‍ത്ഥ ഭയം. കാലാവസ്ഥ മാത്രമല്ല, ശത്രുവിന്റെ ഓരോ ശ്വാസവും എണ്ണുന്ന, ഇന്ത്യയുടെ യുദ്ധം ജയിപ്പിക്കുന്ന സ്ഥിരമായ കാവല്‍ക്കാരനാണ് EOS 05.

ഇതിനിടെ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്മാരുടെയും എന്‍ജിനീയര്‍മാരുടെയും എണ്ണത്തില്‍ വന്‍ കുറവുണ്ടായി. ഇതുമൂലം ബഹിരാകാശ മന്ത്രാലയത്തിലും അനുബന്ധ സ്ഥാപനങ്ങളായ ഐ എസ് ആര്‍ ഒ അടക്കമുള്ള എല്ലാ വിഭാഗങ്ങളിലും സ്വയം വിരമിക്കലിനും രാജിക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. റോക്കറ്റ് വിക്ഷേപണം, ഉപഗ്രഹ നിര്‍മ്മാണം എന്നിവ അടക്കമുള്ള മേഖലകളില്‍ സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കിയതും ബഹിരാകാശ ഗവേഷണം സ്വകാര്യമേഖലയ്ക്കും കൂടി തുറന്നുനല്‍കിയതും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ എസ് ആര്‍ ഒ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു എന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിലവാരത്തില്‍ കുറഞ്ഞ നിരക്കിലുള്ള ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്യാകര്‍ഷകമായ ശമ്പളവും മറ്റ് അനുബന്ധ സൗകര്യങ്ങളും നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബഹിരാകാശ മന്ത്രാലയത്തില്‍ നിന്നും ഐ എസ് ആര്‍ ഒ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും കൊഴിഞ്ഞു പോകുന്നുണ്ടത്രേ. ഇത് തടയാനാണ് കേന്ദ്രസര്‍ക്കാര്‍ സ്വയം വിരമിക്കലിനും രാജിവെക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും കുറവുണ്ടായ കാലഘട്ടമാണ് 2025-26. അനുവദിച്ചിട്ടുള്ള 10 തസ്തികകളില്‍ മൂന്നെണ്ണം എങ്കിലും ഇപ്പോള്‍ ഒഴിവാണ്. ബഹിരാകാശ മന്ത്രാലയത്തില്‍ മൊത്തം 20,269 തസ്തികകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ 14,637 പേര്‍ മാത്രമാണ് സര്‍വീസില്‍ ഉള്ളത്. 5,632 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

ചന്ദ്രയാനും മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതും അടക്കമുള്ള നിരവധി തന്ത്രപ്രധാന പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ബഹിരാകാശ മന്ത്രാലയത്തിന് തിരിച്ചടിയാകുന്നത്. 2001-2002 ല്‍ 16,423 തസ്തികകള്‍ക്ക് അംഗീകാരം ഉള്ളപ്പോള്‍ 14,847 പേര്‍ സര്‍വീസില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജീവനക്കാരുടെ എണ്ണം അതിനേക്കാള്‍ കുറഞ്ഞതാണ് രാജിവെക്കുന്നതിനും സ്വയം വിരമിക്കലിനും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. 2019-20 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 2,600 പേര്‍ ഇപ്പോള്‍ കുറവാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് ശാസ്ത്രജ്ഞന്മാരെയും സാങ്കേതിക വിദഗ്ധരെയും എന്‍ജിനീയര്‍മാരെയും ആണ്. ഇവരാണ് ഉപഗ്രഹനിര്‍മാണങ്ങളും വിക്ഷേപണ ഉപഗ്രഹങ്ങളും വിക്ഷേപണ റോക്കറ്റുകളും ഒക്കെ നിര്‍മ്മിക്കുന്നതും ബഹിരാകാശ ദൗത്യങ്ങളുടെ നിയന്ത്രണ ചുമതല നിര്‍വഹിക്കുന്നതും. കോവിഡിന് ശേഷം വ്യവസായമേഖലയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധിയാണ് ഐ എസ് ആര്‍ ഒ യിലും ബഹിരാകാശ മന്ത്രാലയത്തിലും ഉള്ളത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കോവിഡിന് ശേഷം റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്തു. ബാംഗളൂരിലെ ഹ്യൂമന്‍ സ്‌പേയ്‌സ് ഫ്‌ളൈറ്റ് സെന്റര്‍, തിരുവനന്തപുരം വി എസ് എസ് സി, ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍, അഹമ്മദാബാദിലെ എസ് എ സി, ഹൈദരാബാദിലെ എന്‍ ആര്‍ എസ് സി, തിരുവനന്തപുരം വലിയമലയിലെ എല്‍ പി എസ് സി, മഹേന്ദ്രഗിരിയിലെ ഐ എസ് ആര്‍ ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സ്, ബാംഗ്ലൂര്‍ ഐ എസ് ആര്‍ ഒ ആസ്ഥാനം എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുള്ളത്. അടുത്ത ഒക്ടോബര്‍ 26 ന് മുമ്പ് 1500 തസ്തികകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നികത്താന്‍ ബഹിരാകാശ വകുപ്പ് നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഈ വര്‍ഷം ഡിസംബര്‍ 31 ന് മുമ്പ് ആയിരം തസ്തികകള്‍ കൂടി നികത്തും. അംഗീകൃത തസ്തികകള്‍ മുഴുവന്‍ സമയബന്ധിതമായി നികത്തി ബഹിരാകാശ വികസനത്തില്‍ ഇപ്പോഴുള്ള ഭാരതത്തിന്റെ മേല്‍ക്കൈ നിലനിര്‍ത്താന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയുടെ നിക്ഷേപം കൂടി ബഹിരാകാശ ഗവേഷണ മേഖലകളിലേക്ക് കൊണ്ടുവരാനുള്ള നീക്കവും ഇപ്പോള്‍ ഉപയോഗിക്കുന്ന പണം കൂടുതല്‍ പ്രയോജനപ്രദമായ കാര്യങ്ങളിലേക്ക് ഉപയോഗപ്പെടുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഐ എസ് ആര്‍ ഒ യില്‍ സ്വകാര്യവല്‍ക്കരണം നടത്തുന്നു എന്നാരോപിച്ച് ജീവനക്കാരുടെ യൂണിയനുകള്‍ രംഗത്ത് വന്നത് ദേശവിരുദ്ധ നീക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. ഇടതുപക്ഷ ആഭിമുഖ്യമുള്ള യൂണിയനുകളാണ് പ്രധാനമായും ഇതിനെതിരെ രംഗത്തുവന്നത്. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലും സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ നീക്കങ്ങളില്‍ യാതൊരു ആശങ്കയും വേണ്ടെന്നും ഐ എസ് ആര്‍ ഒയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സമഗ്രമായ വികാസമാണ് ലക്ഷ്യമിടുന്നതെന്നും ഐ എസ് ആര്‍ ഒ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ഇതില്‍ തൃപ്തരാകാതെ വീണ്ടും പ്രതികരിച്ചതിനെ തുടര്‍ന്ന് ചെയര്‍മാന്‍ ഡോ. നാരായണ റാവു നേരിട്ട് തന്നെ പ്രസ്താവന ഇറക്കിയിരുന്നു. ചൊവ്വാഴ്ച സി പി എം പോളിറ്റ് ബ്യൂറോ ഐ എസ് ആര്‍ ഒയുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. ബഹിരാകാശരംഗം സ്വകാര്യ പങ്കാളിത്തത്തോടെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. സ്വകാര്യമേഖലയിലെ ആദ്യ റോക്കറ്റ് കഴിഞ്ഞമാസം ബഹിരാകാശത്തേക്ക് കുതിച്ചിരുന്നു. ലോകം മുഴുവന്‍ സ്വകാര്യമേഖലയില്‍ ബഹിരാകാശ ഗവേഷണവും റോക്കറ്റ് വിക്ഷേപണവും നടക്കുമ്പോള്‍ ബഹിരാകാശ ടൂറിസം പോലും പ്രാവര്‍ത്തികമാക്കുമ്പോഴാണ് ഭാരതത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ സ്വാധീനമുള്ള യൂണിയനുകളും രംഗത്തുവരുന്നത്.

Reference
1. The Indian Express https://share.google/QqWCD5pE04pvpU54l
2. News18 https://share.google/fFHWWQRTmsUIAu6mg
3. The Hindu https://share.google/G1NWPQgRHUe9UV3j1
4. Rediff https://share.google/wY3DT5G4zq9V3hKiS
5. Daily Pioneer https://share.google/ZReFAl7haCeyCWGzK
6. Hindustan Times https://share.google/Hd8iFtZakinLqAOpF
7. ISRO https://share.google/UV7LMJIrSSpDVf3Jr
8. The Hindu https://share.google/RdLKzQdyrMJC6Njkd
9. YouTube https://share.google/F8aTpdqJlHBHJLbSd
10. NDTV Profit https://share.google/2SHzx3SsjLZXX0dVs
11. Facebook https://share.google/QoRAucCw3DxEXacwH
12. YouTube https://share.google/gN29oFQBMuyWYtZhk

Leave a Reply

Your email address will not be published. Required fields are marked *