പി എസ് സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശയ്ക്ക് വൻ പിന്തുണ
പിഎസ് സി പരീക്ഷയിലെ ക്രമക്കേടുകളും റാങ്ക് പട്ടികയിലെ ഗുരുതരമായ പിഴവുകളും കാരണം പിഎസ്സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെയും 15 അംഗങ്ങളെയും സ്ഥാനത്തുനിന്ന് പുറത്താക്കാൻ കേരള ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തു.
തമിഴ്നാട് ഗവർണറായി ചുമതല ഏൽക്കാൻ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഇത് സംബന്ധിച്ച് ശുപാർശ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയത്.
പി എസ് സി ഭരണഘടന സ്ഥാപനം ആയതുകൊണ്ട് ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാൻ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം. ഗവർണറുടെ ശുപാർശ രാഷ്ട്രപതി പ്രസിഡൻഷ്യൽ റഫറൻസ് ആയി സുപ്രീംകോടതിക്ക് കൈമാറും. സുപ്രീം കോടതി ഇത് സംബന്ധിച്ച് അന്വേഷണം നടത്തി രാഷ്ട്രപതിക്ക് തിരിച്ച് റിപ്പോർട്ട് സമർപ്പിക്കും. സുപ്രീംകോടതിക്ക് പ്രസിഡൻഷ്യൽ റഫറൻസിനായി ഇത് അയച്ചു കഴിഞ്ഞാൽ പിഎസ്സി ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരം ഉണ്ട്. ഇപ്പോഴത്തെ സ്ഥിതിഗതികൾ അനുസരിച്ച് കാര്യങ്ങൾ ആ വഴിക്ക് തന്നെ നീങ്ങാനാണ് സാധ്യത.
വിവിധ പി എസ് സി പരീക്ഷകളിൽ വൻ ക്രമക്കേട് നടക്കുകയും റാങ്ക് ലിസ്റ്റുകൾ ഇടതുപക്ഷ അനുഭാവികൾക്കായി അട്ടിമറിക്കപ്പെട്ടു എന്ന നൂറിലേറെ പരാതികൾ ഉയരുകയും ചെയ്തിരുന്നു. പരാതികളിൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ മാത്രമാണ് അന്വേഷണം ആരംഭിച്ചത്. അഴിമതി ആരോപണം ഉയർന്ന കെ എ.എസ്, ഫിഷറീസ് റിസർച്ച് ഓഫീസർ, പിആർഡി അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ, പോലീസ് ഡിവൈഎസ് പി തുടങ്ങി നിരവധി തസ്തികകളിൽ യാതൊരു അന്വേഷണമോ നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല. പി എസ് സി ചെയർമാൻ എം ആർ ബൈജുവിന്റെ നേരിട്ടുള്ള സാന്നിധ്യത്തിൽ നടന്ന ആസൂത്രണ ബോർഡ് ചീഫ് നിയമന ഇൻറർവ്യൂവിൽ ക്രമക്കേട് നടന്നിട്ടും ചോദ്യം ചെയ്യുക പോലും ഉണ്ടായില്ല. അന്വേഷണത്തിൽ സംസ്ഥാന സർക്കാരും ക്രൈംബ്രാഞ്ചും കുറ്റവാളികളെ സംരക്ഷിക്കുന്ന ഭായി ഭായി ബന്ധമാണ് നടക്കുന്നതെന്ന് ഹൈക്കോടതി വിമർശിച്ചിട്ടുപോലും ശക്തമായ നടപടി എടുക്കുകയോ അല്ലെങ്കിൽ അതിനുള്ള ആവശ്യം ഗവർണറോട് ഉന്നയിക്കുകയോ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഇതിനിടെ സ്വതന്ത്ര സംഘടനകളും ബിജെപി യുവജന സംഘടനയായ യുവമോർച്ച, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തുടങ്ങിയവർ നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി .ഇത് കൂടാതെ ധാരാളം ഉദ്യോഗാർത്ഥികളും ഗവർണർക്ക് പരാതി നൽകിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവും ഗവർണറോട് നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നിയമപദേശം തേടിയതിനെത്തുടർന്നാണ് രാഷ്ട്രപതിക്ക് ഇത് സംബന്ധിച്ച ശുപാർശ നൽകാൻ ഗവർണർ തീരുമാനിച്ചത്. ഇതേ പോലെ തന്നെ ക്രമക്കേട് നടന്ന കർണാടകയിലും ജാർഖണ്ഡിലും പിഎസ് സി ചെയർമാൻമാർക്ക് രാജിവെക്കേണ്ടിവന്നു.
കേരള പി എസ് സി ചെയർമാൻ ബൈജുവിന് 20 മാസം കൂടിയാണ് ഇനിയും കാലാവധി ഉള്ളത്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ യൂണിയൻ അംഗത്തെ ആസൂത്രണ ബോർഡിലെ പ്ലാനിങ് ഡിവിഷൻ മേധാവിയാക്കി നിയമിക്കാൻ വേണ്ടി 58 മാർക്കിന്റെ ചോദ്യങ്ങൾ ഉത്തരം പരിശോധിക്കാതെ വിട്ടതടക്കം പ്രത്യേക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇത് നടന്നതെന്ന് പരാതി ഉയർന്നിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ പി എസ് സി ചെയർമാന്റെയും അംഗങ്ങളുടെയും വേതനവും ആനുകൂല്യവും കൂട്ടുന്ന കാര്യത്തിലും വഴിവിട്ട നീക്കങ്ങളാണ് ഉണ്ടായത്. ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളം കൂട്ടിയപ്പോൾ ജില്ലാ ജഡ്ജിമാരുടെ ശമ്പളത്തിന് തുല്യമായി പി എസ് സി ചെയർമാന്റെ ശമ്പളം നാലരലക്ഷം ആക്കി ഉയർത്തി. അംഗങ്ങളുടേത് നാലു ലക്ഷവും ആക്കി. നേരത്തെ ഇത് യഥാക്രമം 2.24 ലക്ഷവും 2.19 ലക്ഷവുമാണ്. പി എസ് സി ചെയർമാന് പെൻഷൻ രണ്ടര ലക്ഷം രൂപയും അംഗങ്ങൾക്ക് രണ്ടേകാൽ ലക്ഷം രൂപയും ലഭിക്കും.
ഇതിനിടെ മൂന്നു നിയമനങ്ങളിൽ കൂടി കേസെടുക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ്, ഓയിൽ ഇൻസ്പെക്ടർ തുടങ്ങിയ നിയമനങ്ങളിൽ ആണ് പുതിയതായി കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിൽ കൊച്ചി ഫിഷറീസ് സർവകലാശാലയിലെ ഒരേ ക്ലാസിൽ പഠിച്ച 42 വിദ്യാർത്ഥികൾക്ക് ഒരുമിച്ച് നിയമനം ലഭിച്ചു. ഇവരിൽ 38 പേരും എസ്എഫ്ഐ പ്രവർത്തകരാണെന്ന ആരോപണം ക്രൈംബ്രാഞ്ചിനും ഗവർണർക്കും സംസ്ഥാന സർക്കാരിനും ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച് പിഎസ് സി അംഗങ്ങളായ എസ് എ സൈഫ്, എസ് ശ്രീകുമാർ, സി കെ ഷാജിബ്, സ്റ്റാനി തോമസ് എന്നിവർക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം നോട്ടീസ് നൽകി. ഭരണഘടനാപദവി ആയതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവില്ല എന്ന ഇവരുടെ നിലപാട് നേരത്തെ ഹൈക്കോടതി തന്നെ തള്ളിയിരുന്നു .10 പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഉള്ളത്.
രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച സംഭവത്തിൽ സംസ്ഥാന മന്ത്രിസഭയിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നു. ഒരുവിഭാഗം മന്ത്രിമാർ ഗവർണറുടെ നടപടിയെ പിന്തുണച്ച് രംഗത്ത് വന്നപ്പോൾ സംസ്ഥാന സർക്കാരിനോടും മന്ത്രിസഭയോടും അഭിപ്രായം ചോദിക്കേണ്ടതായിരുന്നു എന്ന വിമർശനവുമായി മറ്റൊരു വിഭാഗം മന്ത്രിമാരും രംഗത്തെത്തി. ഇത്രയേറെ പരാതി ഉയർന്നിട്ടും ഗവർണറുമായി ഇക്കാര്യം സംസാരിക്കാതിരുന്ന സംസ്ഥാന സർക്കാരിൻറെ നിലപാടിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളും ഉദ്യോഗാർത്ഥികളും ഗവർണറുടെ നടപടിയിൽ ശക്തമായ പിന്തുണയുമായി രംഗത്തെത്തി. ഗവർണറെ അഭിനന്ദിക്കുന്ന നിരവധി സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വന്നിട്ടുള്ളത്. പുതിയ ഗവർണർ ഒ പി മാഥൂർ ഇതിൻറെ തുടർച്ചയായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതും.
Reference:
1. The Hindu https://share.google/B1zYWBSqX3PZ3og7V
2. Onmanorama https://share.google/ahmWr7FhpOD9MSVw6
3. The Indian Express https://share.google/RVkV3VkHFGL1hlDUc
4. Plutus IAS https://share.google/rLUAPJnJBHk2PqDUj
5. The Times of India https://share.google/BveJ3fpQHAcOTwD9o
- ജി. കെ
