മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില് പ്രമേയം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണകക്ഷിയായ യുഡിഎഫും മുഖ്യ പ്രതിപക്ഷമായ എല്ഡിഎഫും സംയുക്തമായി കൊണ്ടുവന്ന പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങള് എതിര്ത്തു. റൂള് 118 അനുസരിച്ച് മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്.
നിഷ്പക്ഷമായി പ്രവര്ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന് വിശ്വാസ്യതയും നിഷ്പക്ഷതയും നഷ്ടപ്പെട്ടുവെന്ന് പ്രമേയത്തില് ആരോപിച്ചു. തീവ്ര വോട്ടര് പരിഷ്കരണത്തിന്റെ പേരില് വോട്ടര് പട്ടികയില് വ്യാപകമായ ക്രമക്കേടുകള് വരുത്തുകയും വോട്ടര്പട്ടികയുടെ സുതാര്യതയും വിശ്വസ്തതയും ഇല്ലാതാക്കി എന്നും പ്രമേയം ആരോപിച്ചു. എസ്ഐആറിന്റെ പേരില് വ്യാപകമായ ക്രമക്കേടാണ് രാജ്യത്തുടനീളം നടന്നിരിക്കുന്നത്. വോട്ടവകാശമുള്ള കോടിക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കുകയും യോഗ്യരായവരെ ഒഴിവാക്കുകയും ചെയ്തു. പൂര്ണ്ണമായും നിഷ്പക്ഷമായി പ്രവര്ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന് വിശ്വാസതയും നിഷ്പക്ഷതയും ഇല്ലാതാക്കി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുകയാണെന്ന് പ്രമേയം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയില് പുന:സംഘടന നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി, ലോകസഭ പ്രതിപക്ഷ നേതാവ് എന്നിവര്ക്കൊപ്പം ഒരു കേന്ദ്രമന്ത്രിക്ക് പകരം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഉള്പ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഭാരതത്തില് തന്നെ ഒരു സംസ്ഥാന നിയമസഭ ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രമേയം അംഗീകരിക്കുന്നത്. ഇത് സംബന്ധിച്ച ചര്ച്ചയില് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര് എസ്ഐആര് തെറ്റാണെങ്കില് അതുവഴി അധികാരത്തിലെത്തിയ മുഖ്യമന്ത്രി വി. ഡി സതീശനാണ് ആദ്യം രാജിവെക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു. 13 കോടി വോട്ടര്മാരെ വോട്ടര്പട്ടികയില്നിന്ന് നീക്കം ചെയ്തു എന്ന വാര്ത്ത അടിസ്ഥാനരഹിതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നത്. അവര് എവിടേക്കാണ് മാറിയതെന്ന് കണ്ടെത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്.
വോട്ടര്പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (Special Intensive Revision – SIR) എന്ന പ്രക്രിയ തിരഞ്ഞെടുപ്പ് കമ്മീഷന് വീടുകള്തോറും നേരിട്ടെത്തി വോട്ടര്പട്ടിക വീണ്ടും പരിശോധിക്കുന്ന നടപടിയാണ്. ഭരണഘടനയുടെ 324-ാം അനുച്ഛേദവും 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21(3)-ാം വകുപ്പുമാണ് ഈ നടപടിക്ക് കമ്മീഷന് അധികാരം നല്കുന്നത്. സ്വതന്ത്രവും നീതിപൂര്വകവുമായ തിരഞ്ഞെടുപ്പുകള് എന്ന ഭരണഘടനാപരമായ ലക്ഷ്യത്തിന് ഈ നടപടി സഹായകമാണെന്ന് നിരീക്ഷിച്ചുകൊണ്ട് സുപ്രീംകോടതി മെയ് മാസത്തില് ഇതിനെ ശരിവയ്ക്കുകയും ചെയ്തു. ഇത്തരമൊരു തീവ്ര പുനഃപരിശോധന അവസാനമായി നടന്നത് 2003 ലാണ്. രണ്ട് പതിറ്റാണ്ടിലേറെയായി നടന്ന കുടിയേറ്റങ്ങള്ക്കും മാറ്റങ്ങള്ക്കും ശേഷം വോട്ടര്പട്ടിക കാലഹരണപ്പെട്ടിരുന്നു. സുപ്രീം കോടതി അംഗീകരിച്ച കാരണമാണിത്. തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കുകള് തന്നെ ഇത് വിശദീകരിക്കുന്നു. ഏകദേശം 2.8 കോടി പേര് മരിച്ചവരുടേതും 6.3 കോടി പേര് സ്ഥിരമായി താമസം മാറിയവരും മൂന്നുകോടി പേര് കണ്ടെത്താനാകാത്തവരുമാണ്. ഏകദേശം ഒരുകോടി പേര് ഒന്നിലധികം സ്ഥലങ്ങളില് വോട്ടര്മാരായി പേര് ചേര്ത്തവരാണെന്നും കണ്ടെത്തി.
ഇതില് ഭൂരിഭാഗം പേരും മരിച്ചവരല്ല; അതുപോലെതന്നെ, വോട്ടര്മാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന ഒരു ശുദ്ധീകരണ നടപടിയും സ്വീകരിച്ചിട്ടുമില്ല. തുടര്ച്ചയായി നടക്കുന്ന ഒരു നവീകരണ പ്രക്രിയ മാത്രമാണ് വോട്ടര്പട്ടികയില് ഉണ്ടായിട്ടുള്ളത്. ഒരു പതിറ്റാണ്ട് മുമ്പ് ബിഹാറില്നിന്ന് സൂറത്തിലേക്ക് തൊഴില് തേടി പോയ തൊഴിലാളി, ലഖ്നൗവില്നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ബിരുദധാരി, മറ്റൊരു ജില്ലയിലേക്ക് വിവാഹം കഴിച്ചുപോയ സ്ത്രീ – ഇവരില് ഓരോരുത്തരുടെയും പേരുകള് രണ്ട് വോട്ടര്പട്ടികകളില് ഉണ്ടായിരിക്കാം. അല്ലെങ്കില് ഇപ്പോള് താമസിക്കാത്ത ഒരു പട്ടണത്തിലെ വോട്ടര്പട്ടികയില് അവരുടെ പേരുകള് തുടരുന്നുണ്ടാകാം. ഒരാള്, ഒരു വോട്ട്, ഒരു വോട്ടര്പട്ടിക. ഈ നടപടിയുടെ ആകെത്തുക ഇതുമാത്രമാണ്.
പ്രധാന കാര്യം ഇതൊരു അന്തിമമായ പേരുനീക്കല് നടപടിയേയല്ല. ഈ പ്രചരിപ്പിക്കുന്ന 13 കോടി കരട് വോട്ടര്പട്ടികയില് നിന്നുള്ളതാണ്. അതായത്, വീണ്ടും പരിശോധിക്കേണ്ട പേരുകളുടെ പട്ടികയാണിത്. നോട്ടീസ് നല്കാതെയും അന്വേഷണം നടത്താതെയും ബന്ധപ്പെട്ട വ്യക്തിക്ക് തന്റെ ഭാഗം വിശദീകരിക്കാന് അവസരം നല്കാതെയും കരട് വോട്ടര് പട്ടികയില്നിന്ന് ഒരു പേരുപോലും നീക്കം ചെയ്യാനാവില്ല. കരട് പട്ടികകളില്നിന്ന് അന്തിമ പട്ടികകളിലേക്കെത്തുമ്പോള് കണക്കുകള് മാറുo. രണ്ടാംഘട്ടത്തില് ഉള്പ്പെട്ട 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അന്തിമ വോട്ടര്പട്ടികയില്, കരട് പട്ടികയിലുണ്ടായിരുന്നതിനെക്കാള് ഏകദേശം 1.4 കോടി വോട്ടര്മാര് അധികമുണ്ടായിരുന്നു. പുനഃപരിശോധന ആരംഭിച്ചതിനുശേഷം 18 മുതല് 28 വയസ്സുവരെയുള്ള ഏകദേശം 2.37 കോടി വോട്ടര്മാരെ പുതുതായി ചേര്ത്തിട്ടുണ്ടെന്നാണ് കമ്മീഷന്റെ കണക്ക്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ബൂത്ത് ലെവല് ഓഫീസര്മാരുടെ മുന്നില് ഹാജരാകാത്തത് മൂന്നുകോടി ആളുകളാണ്. ‘ഹാജരാകാത്തവര്’ എന്ന വിഭാഗത്തിലാണ് ഇവര് ഉള്പ്പെട്ടിരിക്കുന്നത്. അതായത്, ഉദ്യോഗസ്ഥര്ക്ക് കണ്ടെത്താനാകാത്തവര്. ചിലര് താമസം മാറിയിട്ടുണ്ടാകാം; എന്നാല് ആരെയും അറിയിച്ചിട്ടുണ്ടാകാനിടയില്ല. മറ്റുചിലര്ക്ക് വോട്ടവകാശമുണ്ടായിരുന്നിട്ടും പരിശോധന നടന്ന ദിവസം വീട്ടിലുണ്ടായിരുന്നിരിക്കില്ല. അല്ലെങ്കില് ആവശ്യമായ രേഖകള് അവരുടെ കൈവശമുണ്ടായിരുന്നിരിക്കില്ല. അര്ഹരായവരെ തെറ്റായി വോട്ടര് പട്ടികയില്നിന്ന് ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെങ്കില്, അത് ഈ വിഭാഗത്തിലായിരിക്കും. മൂന്നുകോടി ജനങ്ങളുടെ പേരുകള് പരിശോധിക്കേണ്ടതുണ്ട് എന്നതും 13 കോടി ഇന്ത്യക്കാരെ വോട്ടവകാശത്തില്നിന്ന് നീക്കം ചെയ്തു എന്നതും രണ്ടാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യാതൊരുവിധ തടസവും ഇല്ലാതെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന തുടര് പ്രക്രിയയാണ് വോട്ടര് പട്ടികയിലെ ഈ തിരുത്തല് നടപടി. ഇതിനെ അടിസ്ഥാനമാക്കി നടത്തുന്ന പ്രചാരണം രാഷ്ട്രീയം മാത്രമാണെന്നാണ് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്.
140 കോടി ജനങ്ങളുള്ള രാജ്യത്ത് മോദി അനുഭാവികളെ അല്ലെങ്കില് എതിരാളികളെ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ കണ്ടെത്താന് കഴിയും എന്ന ചോദ്യമാണ് വിദഗ്ധര് ഉയര്ത്തുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തമായി സംസ്ഥാനങ്ങളില് ഇതിന് സംവിധാനവുമില്ല. അതത് സംസ്ഥാനങ്ങളിലെ സംവിധാനം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് വോട്ടര്പട്ടിക പുതുക്കുന്നതും പരിഷ്കരിക്കുന്നതും എല്ലാം. കേരളത്തില് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് ആയിരുന്ന രത്തന് കേല്ക്കര് ഇപ്പോള് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താഴെ കളക്ടര്മാരാണ് ഇലക്ട്രിക്കല് ഓഫീസര്മാരായി പ്രവര്ത്തിക്കുക. കേരളം പോലെ ഒരു സംസ്ഥാനത്ത് വളരെ ശക്തമായ ഇടത് – വലത് രാഷ്ട്രീയം നിലനില്ക്കുന്നിടത്തുപോലും 2003 മുതല് വോട്ടര് പട്ടിക ഇതേരീതിയില് പരിഷ്കരിച്ചിട്ടുണ്ട്.
Reference
- https://indianexpress.com/article/india/kerala-assembly-election-commissioner-gyanesh-kumar-removal-resolution-10917164/
- https://economictimes.indiatimes.com/news/politics-and-nation/sir-kerala-assembly-passes-resolution-seeking-removal-of-cec-gyaneshkumar/articleshow/134889368.cms?from=mdr
- https://thesouthfirst.com/keralam/the-right-to-vote-is-the-foundation-of-our-democracy-says-cm-vd-satheesan-assembly-passes-resolution-seeking-removal-of-chief-election-commissioner/
- https://www.indiatvnews.com/news/india/kerala-assembly-passes-resolution-seeking-cec-gyanesh-kumar-s-removal-2026-10-12-1056740
- https://www.thehindu.com/videos/watch-keralam-assembly-passes-resolution-for-gyanesh-kumars-removal-and-restoration-of-ecis-credibility/article71575146.ece/amp/
- ജി. കെ
