KeralaNews from StatesPopular NewsRecent NewsTrending News

പോക്‌സോ-ബലാത്സംഗ കേസുകള്‍ രാജ്യത്ത് കുന്നുകൂടുന്നു

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസുകളും ബലാത്സംഗ കേസുകളും വിചാരണ പൂര്‍ത്തിയാകാതെ കുന്നുകൂടുന്നു. പോക്‌സോ നിയമമനുസരിച്ച് കോടതിയില്‍ എത്തുന്ന കേസുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് വിധി പറയണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പക്ഷേ, നിയമം വേണ്ടരീതിയിലുള്ള വേഗത ആര്‍ജ്ജിക്കാത്തതുകൊണ്ട് കോടതിയില്‍ കേസുകള്‍ കുന്നുകൂടുകയാണ്. 2025 ല്‍ ഭാരതത്തില്‍ 1,40,000  ബലാത്സംഗകേസുകളും പോക്‌സോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ 66,500 എണ്ണത്തില്‍ മാത്രമേ വിധി പറയാന്‍ കഴിഞ്ഞുള്ളൂ. 2025 ഡിസംബര്‍ 31 ആയപ്പോഴേക്കും പഴയ കേസുകളടക്കം രണ്ടരലക്ഷം കേസുകളാണ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെയും കേസുകള്‍ കെട്ടിക്കിടക്കുന്ന രീതി പരിശോധിക്കുമ്പോള്‍ രണ്ടുലക്ഷം കേസുകള്‍ വീതമെങ്കിലും ഓരോവര്‍ഷവും കെട്ടിക്കിടക്കുന്നു എന്നാണ് വ്യക്തമാകുന്നത്. നിയമമനുസരിച്ച് വേണ്ട കോടതികള്‍ സ്ഥാപിക്കുകയും കേസുകള്‍ വേഗത്തില്‍ വിചാരണ നടത്തി വിധി പറയാത്തതുമാണ് ഇങ്ങനെ കുന്നുകൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

100 ബലാത്സംഗ-പോക്‌സോ കേസുകളില്‍ കൂടുതല്‍ ഒരു കോടതിയില്‍ വന്നാല്‍ ആ കോടതിയില്‍ ഇതിനായി പ്രത്യേക കോടതി ആരംഭിക്കണം എന്നാണ് ചട്ടം. ഇതിനായി പ്രത്യേക കോടതി സ്ഥാപിച്ചാല്‍ ജുഡീഷ്യല്‍ ഓഫീസറുടെയും ഏഴ് ജീവനക്കാരുടെയും ശമ്പളത്തിന്റെ 60 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മറ്റു ചിലവുകളുടെ വിഹിതവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ പരിഗണന നല്‍കുന്നത്. കേരളത്തില്‍ ഇപ്പോള്‍ 56 പോക്‌സോ കോടതികളാണ് ഉള്ളത്. പ്രത്യേക കോടതി സ്ഥാപിക്കാനുള്ള പദ്ധതി കഴിഞ്ഞമാസം 30 വരെ നീട്ടിയിരുന്നെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളും ഇത് പ്രയോജനപ്പെടുത്തിയില്ല എന്നാണ് അറിയുന്നത്. കേരള ഹൈക്കോടതി തന്നെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും നിയമമനുസരിച്ചുള്ള കോടതികള്‍ സ്ഥാപിക്കാനും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നതാണ്. പോക്‌സോ -ബലാത്സംഗ കേസുകള്‍ പരിഗണിക്കാന്‍ വേണ്ടി മാത്രം 790 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

2021 ല്‍ 36470 കേസുകളാണ് വിചാരണ പൂര്‍ത്തിയാക്കിയത്. 12,80,000 കേസുകള്‍ കുടിശ്ശികയുണ്ടായിരുന്നു. 2022 ആയപ്പോഴേക്കും 640,53 കേസുകളില്‍ വിധിപറഞ്ഞു. വര്‍ഷം അവസാനിക്കുമ്പോള്‍ 1,90,000 കേസുകള്‍ കുടിശ്ശികയുണ്ടായിരുന്നു. 2023 ല്‍ 76349 കേസുകളില്‍ വിധിപറഞ്ഞു. വര്‍ഷാവസാനം രണ്ടുലക്ഷം കേസുകള്‍ ബാക്കിയുണ്ടായിരുന്നു. 2024 ല്‍ 85,595 കേസുകളില്‍ വിധിപറഞ്ഞു. രണ്ടുലക്ഷം കേസുകള്‍ വിചാരണ പൂര്‍ത്തിയാക്കാനായി കുടിശ്ശിക ഉണ്ടായിരുന്നു. 2025 ല്‍ 66,500 കേസുകള്‍ തീര്‍പ്പു കല്‍പ്പിച്ചു. 2,40,000 കേസുകളാണ് കെട്ടിക്കിടക്കുന്നത്. കേന്ദ്ര സഹായത്തോടെ കോടതികള്‍ ആരംഭിക്കുന്ന പദ്ധതി ആരംഭിച്ചതിനു ശേഷം 29 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 1260 കോടി രൂപ നല്‍കിയതായി കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ പാര്‍ലമെന്റില്‍ തന്നെ വ്യക്തമാക്കിയിരുന്നു. കേസുകള്‍ കെട്ടിക്കിടക്കാതെ വേഗം തീര്‍ക്കാനായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പോക്‌സോ നിയമം അനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ കേസുകള്‍ വിധി പറയണമെന്നും വിചാരണ പൂര്‍ത്തിയാക്കണമെന്നും ആണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജഡ്ജിമാരുടെ ഒഴിവ് വന്നാലും കോടതികള്‍ സ്ഥാപിക്കുന്നതും നിലനിര്‍ത്തുന്നതും ഒക്കെ തന്നെ സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Reference:

  1. https://www.thehindu.com/news/national/india-marks-first-ever-milestone-by-clearing-more-child-sexual-abuse-cases-than-filed/article70414648.ece
  2. https://www.pib.gov.in/PressReleasePage.aspx?PRID=2227447&reg=3&lang=1
  3. https://www.thehindu.com/opinion/lead/faster-is-not-fairer-in-pocso-case-clearance-numbers/article70498462.ece
  4. https://pmc.ncbi.nlm.nih.gov/articles/PMC8445113/
  5. https://sansad.in/getFile/loksabhaquestions/annex/1714/AU1104.pdf?source=pqals
  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *