Art, Culture & ReligionKeralaPoliticsPopular NewsRecent NewsTrending News

സി.പി എം ഹിന്ദുത്വത്തിലേക്ക്

കേരളത്തിലെ രാഷ്ട്രീയരംഗത്ത് ബിജെപി മൂന്നാം ശക്തിയായി രംഗത്തുവരുന്നത് ഗുരുതരമായ പ്രത്യയശാസ്ത്ര പ്രശ്‌നമാണെന്ന് സിപിഎം വിലയിരുത്തല്‍. വിപുലീകൃത സംസ്ഥാന സമ്മേളനത്തെ തുടര്‍ന്ന് ജില്ലകളില്‍ ആരംഭിച്ച വിപുലീകൃത ജില്ലാ സമ്മേളനങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ചാത്തന്നൂര്‍, നേമം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചതും വളര്‍ന്നതും മാത്രമല്ല, ഇടതുപക്ഷ മേഖലകളില്‍ കൂടി സ്വാധീനം സൃഷ്ടിക്കുകയും ഇടതു വോട്ടുകള്‍ നേടുകയും ചെയ്തത് ഗൗരവതരമാണെന്ന് പാര്‍ട്ടി രേഖയിലും പൊതുചര്‍ച്ചയിലും വിലയിരുത്തല്‍. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12.47 ശതമാനം വോട്ട് ലഭിച്ച ബിജെപിക്ക് 2026 ല്‍ 14.2 ശതമാനം വോട്ട് ലഭിച്ചു. ചെറിയ ജാതി-മത ഗ്രൂപ്പുകളെ പ്രവര്‍ത്തനരംഗത്തിറക്കി അവയെ ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിക്കുക എന്ന നയമാണ് ബിജെപി സ്വീകരിച്ചത്. നേരത്തെ സിപിഎമ്മിന് ലഭിച്ചിരുന്ന മതനിരപേക്ഷ വോട്ടുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കിട്ടിയില്ല. ബിജെപി ആറു മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. മഞ്ചേശ്വരം, കാസര്‍ഗോഡ്, മലമ്പുഴ, പാലക്കാട്, തിരുവല്ല, ആറ്റിങ്ങല്‍ എന്നിവയാണിവ. ഇതില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളും ഉള്‍പ്പെടുന്നത് ഗൗരവമായി തന്നെ കാണണം.

ഹിന്ദു വിഭാഗങ്ങളെ ജാതീയമായി പിളര്‍ത്തി വര്‍ഗീയമായി യോജിപ്പിക്കുക എന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്നും പാര്‍ട്ടി രേഖ പറയുന്നു. ജാതി സംഘടനകള്‍ക്ക് പണം നല്‍കി അവരുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയവും ബിജെപി സ്വീകരിക്കുന്നു. സജീവമാകുന്ന ഇത്തരം സംഘടനകളെ ഹിന്ദുത്വ ബാനറില്‍ അണിനിരത്താനാണ് ശ്രമം. സിപിഎമ്മിന്റെ പ്രവര്‍ത്തകരെയും ബിജെപിയിലേക്ക് കൊണ്ടുപോകാന്‍ ശക്തമായ ഇടപെടല്‍ നടക്കുന്നുണ്ട്. ബിജെപി ആര്‍എസ്എസ് പരിവാര്‍ കൂട്ടുകെട്ടിന് തിരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ മാത്രം ഒറ്റപ്പെടുത്താനോ പരാജയപ്പെടുത്താനോ കഴിയില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഹിന്ദുത്വശക്തികള്‍ അവരുടെ പ്രത്യയശാസ്ത്ര സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ട്. ഇത് മുന്നില്‍ കണ്ട് പ്രതിരോധിക്കാന്‍ സമഗ്രമായ പരിപാടികള്‍ ആവിഷ്‌കരിക്കണമെന്ന് പാര്‍ട്ടി രേഖ നിര്‍ദ്ദേശിക്കുന്നു. ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും അടക്കം സംഘപരിവാര്‍ സ്വാധീനം വര്‍ദ്ധിക്കുന്നത് ചെറുക്കാനും ആഘോഷങ്ങളുടെ പൊതുസ്വഭാവം വീണ്ടെടുക്കാനും വിശ്വാസികളിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടി രേഖ നിര്‍ദ്ദേശിച്ചു.

ക്ഷേത്രകാര്യങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ പാലക്കാട് പ്ലീനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശംം ഹിന്ദു വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന വിലയിരുത്തലാണ് വിപുലീകൃത സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായത്. എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടേതും പൊതുവായുള്ളതും ആക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകള്‍ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകണമെന്ന വിലയിരുത്തല്‍ ഉയര്‍ന്നു. ഈ അര്‍ത്ഥത്തില്‍ സനാതന ധര്‍മ്മ ഹിന്ദുത്വ വിശ്വാസികളുടെ ഇടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു. ആചാരപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആഘോഷങ്ങളെ എല്ലാം പ്രത്യേക മതവിഭാഗങ്ങളുടേതാക്കി വെള്ളം കടക്കാത്ത അറകളാക്കി വേര്‍തിരിക്കുന്നത് പൊതുവിടം എന്നതിന് പകരം സ്വകാര്യ ഇടം ആക്കി മാറ്റുന്നതാണ്. മതവിദ്വേഷത്തിന്റെയും അപരവിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് തടയാനും ഇടപെടാനും നിര്‍ദ്ദേശം ഉയര്‍ന്നു. ശ്രീകൃഷ്ണജയന്തിയും വിനായക ചതുര്‍ത്ഥിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷിക്കണം എന്നാണോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ആഘോഷിക്കണം എന്നല്ല ഉദ്ദേശിക്കുന്നത് എന്നായിരുന്നു ആദ്യ പ്രതികരണമെങ്കിലും ശ്രീകൃഷ്ണജയന്തി ആര്‍എസ്എസിന്റെ കുത്തക അല്ലെന്നും വേണമെങ്കില്‍ അതും നോക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പി ജയരാജന്‍ ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിച്ചപ്പോള്‍ പാര്‍ട്ടി പിന്തുണയ്ക്കാതിരുന്നത്, എങ്ങനെ വേണം ഏതെല്ലാം തലങ്ങളില്‍ വേണം എന്ന തീരുമാനം ഉണ്ടാകാതിരുന്നതു കൊണ്ടായിരുന്നു എന്നാണ് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചത്. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുന്നതിനും ഇടതു കാഴ്ച്ചപ്പാട് പ്രചരിപ്പിക്കുന്നതിനും വലിയതോതിലുള്ള പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പാര്‍ട്ടി രേഖയില്‍ വിമര്‍ശനം.

മാര്‍ക്‌സിസ്റ്റ് ആശയസംഹിത കാലഹരണപ്പെട്ടതാണെന്ന ആശയഗതികള്‍ പ്രചരിക്കുകയാണ്. ഓരോ വിഭാഗവും സ്വത്വപരമായ കാഴ്ചപ്പാടോടെ സംഘടിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടുകയാണ് വേണ്ടത് എന്ന അഭിപ്രായവും ശക്തമാകുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ ജാതീയമായും വര്‍ഗീയമായും സംഘടിപ്പിക്കുന്നതാണ് പുരോഗമനപരം എന്ന ആശയവും ചില കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളിലും ഗവേഷണമേഖലകളിലും മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ നല്ല രീതിയില്‍ പ്രചരിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇടത്തരം വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഏറ്റവും സജീവമായി ഇടപെടേണ്ടത് ബുദ്ധിജീവി വിഭാഗങ്ങള്‍ കൂടിയാണ്. കൂടുതല്‍ ബുദ്ധിജീവികളെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെയും പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഉണ്ടാകണമെന്നും സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയിലെ മാറ്റം പാര്‍ട്ടി പ്രവര്‍ത്തകര്‍ കാര്യമായി വിലയിരുത്തണമെന്ന നിര്‍ദ്ദേശവും ഉണ്ടായി. നിയമസഭാതിരഞ്ഞെടുപ്പില്‍ 88 മണ്ഡലങ്ങളില്‍ വോട്ടു കുറഞ്ഞു. 52 മണ്ഡലങ്ങളില്‍ വോട്ടുകൂടി. വോട്ടു കൂടിയ മണ്ഡലങ്ങള്‍ കൂടുതലും വടക്കന്‍ കേരളത്തിലാണ്. വോട്ടിലെ വ്യതിയാനം മണ്ഡലങ്ങളുടെ ബലാബലത്തെ ബാധിക്കും എന്നും ഇതും പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരീക്ഷിക്കേണ്ടതാണെന്നും നിര്‍ദ്ദേശം ഉയര്‍ന്നു.

ഇതിനിടെ വിപുലീകൃത ജില്ലാ സമ്മേളനങ്ങള്‍ നടന്ന ആലപ്പുഴ, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ സെക്രട്ടറിമാര്‍ക്ക് മാറ്റം ഉണ്ടായില്ല. തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ പൂര്‍ത്തിയാക്കി. പാലക്കാട് ജില്ലാ സെക്രട്ടറി എന്‍ സുരേഷ് ബാബുവിനെ നീക്കി പകരം ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറി ആക്കി. ഒരു അഭിഭാഷക ഉന്നയിച്ച ലൈംഗികപീഡന പരാതിയിലാണ് ജില്ലാ സെക്രട്ടറിയെ നീക്കിയതെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ആലപ്പുഴയില്‍ ജി സുധാകരന് എതിരായ പരാമര്‍ശങ്ങള്‍ ഒരു പുതിയ പോര്‍മുഖം തുറക്കുകയും പാര്‍ട്ടിയുടെ വീഴ്ചകള്‍ എണ്ണിപ്പറയുന്ന അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു. ജി സുധാകരന്റെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച ഉണ്ടായി എന്നുതന്നെയാണ് ജില്ലാസമിതിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം പാര്‍ട്ടിയുടെ സ്വാധീനവും സംഘടനാ കരുത്തും തിരിച്ചു പിടിക്കണമെന്ന് ആഹ്വാനം ചെയ്തു. ജില്ലാ കമ്മിറ്റിയിലേക്ക് 10 പേരെ ക്ഷണിതാക്കളായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജില്ലയിലെ 30 % പാര്‍ട്ടി അംഗങ്ങളും നിഷ്‌ക്രിയരാണെന്നും ഇവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കണമെന്നും ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. തൃശ്ശൂരില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ടി ശശിധരനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പരിഗണിച്ചില്ല. പകരം ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ഉഷാ പ്രഭുകുമാറിനെയാണ് ഉള്‍പ്പെടുത്തിയത്. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കിയ കെ ശശിധരനെ 14 വര്‍ഷത്തിനുശേഷമാണ് തിരിച്ചെടുത്തത്. അറിയപ്പെടുന്ന വി എസ് പക്ഷക്കാരന്‍ ആയിരുന്ന ശശിധരന്‍ പിണറായി അടക്കമുള്ള ഔദ്യോഗിക ഗ്രൂപ്പിന് അഭിമതനായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ ഒരാളെ ഒഴിവാക്കിയും എട്ട് പേരെ ഉള്‍പ്പെടുത്തിയും ജില്ലാ കമ്മിറ്റി വിപുലീകരിക്കുകയും ചെയ്തു. ശശിധരനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി ഒരുവിഭാഗം വീണ്ടും രംഗത്ത് വന്നിട്ടുണ്ട്.

മുഴുവന്‍ സമയപ്രവര്‍ത്തകരുടെ എണ്ണം കുറയ്ക്കും

ആശയപ്രചാരണത്തിലും സംഘടനാ സംവിധാനത്തിലും വന്‍ അഴിച്ചുപണി നടത്താനും മുഴുവന്‍സമയ പ്രവര്‍ത്തകരുടെ എണ്ണം കുറയ്ക്കാനും സിപിഎം തീരുമാനം. കോഴിക്കോട്ട് നടന്ന വിപുലീകൃത സംസ്ഥാന സമ്മേളനം പാര്‍ട്ടിയിലെ തിരുത്തലിനാണ് ഊന്നല്‍ നല്‍കിയത്. ഇപ്പോള്‍ ഏതാണ്ട് 6129 മുഴുവന്‍ സമയപ്രവര്‍ത്തകര്‍ കേരളത്തിലെ പാര്‍ട്ടിയിലും ബഹുജന സംഘടനകളിലും ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയതലത്തില്‍ ഏതാണ്ട് 11000 മുഴുവന്‍ സമയപ്രവര്‍ത്തകരാണുള്ളത്. അവരില്‍ ഭൂരിപക്ഷവും മറ്റു ജോലികള്‍ ചെയ്യാത്തവരാണ്. മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ കഴിയുന്നവരെ അതത് മേഖലകളിലേക്ക് തൊഴിലെടുക്കാന്‍ വിനൃസിക്കുകയും പൂര്‍ണ്ണസമയം എന്നത് പാര്‍ട്ട് ടൈം പ്രവര്‍ത്തനമായി മാറ്റാനുമാണ് നീക്കം. കൂടുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ തൊഴില്‍രഹിതരായി പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നത് ആരോപണങ്ങള്‍ക്കും തെറ്റായ പണമിടപാടുകള്‍ക്കും വഴി വെക്കുന്നു എന്നാണ് കണ്ടെത്തല്‍. അഭിഭാഷകര്‍ അടക്കം ധാരാളം പ്രൊഫഷണലുകള്‍ ഇപ്പോള്‍ പാര്‍ട്ടി സംവിധാനത്തില്‍ ഉണ്ട്. ഇവരെയെല്ലാം സ്വന്തം തൊഴില്‍ എടുക്കാന്‍ അനുവദിക്കുകയും ബാക്കി സമയം സംഘടനാപ്രവര്‍ത്തനം ചെയ്യാനും അനുവദിച്ചാല്‍ ബന്ധപ്പെട്ട തൊഴില്‍മേഖലയിലും സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മുഴുവന്‍ സമയപ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ട്ടി ചെലവഴിക്കുന്ന വന്‍ തുകയിലും കുറവ് വരുത്താന്‍ കഴിയും. മികച്ച പ്രതിച്ഛായയുള്ള കൂടുതല്‍ പ്രവര്‍ത്തകരെ പുതിയതായി കണ്ടെത്തുന്നതും കൊണ്ടുവരുന്നതും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

സിപിഎം പ്രവര്‍ത്തകരുടെ അനുഭവ സമ്പത്തില്ലായ്മയും പരിചയക്കുറവും പാര്‍ട്ടി സംവിധാനത്തെ കാര്യമായി ബാധിക്കുന്നു എന്ന വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ 55 ശതമാനം അംഗങ്ങള്‍ക്കും പ്രതിപക്ഷത്ത് ഇരുന്നുള്ള പ്രവര്‍ത്തനത്തില്‍ പരിചയമില്ല. മൊത്തം അംഗസംഖ്യയുടെ 83 % നും സമരാത്മക വിപ്ലവപ്രവര്‍ത്തനങ്ങളില്‍ അനുഭവസമ്പത്ത് ഇല്ലെന്നും പാര്‍ട്ടി വിലയിരുത്തി. യഥാര്‍ത്ഥ ആശയ അടിത്തറയുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തകരായി ഇവരെ വാര്‍ത്തെടുക്കാന്‍ ഗൗരവതരമായ പ്രവര്‍ത്തനം സിപിഎമ്മിനുള്ളില്‍ അനിവാര്യമാണെന്ന് വിസ്തൃത സംസ്ഥാന സമ്മേളനത്തിലെ കണ്ടെത്തല്‍. 563,000 ആണ് കേരളത്തിലെ അംഗസംഖ്യ. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പുള്ള നാലുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയിലെ അംഗസംഖ്യ ഗണ്യമായി കുറയുകയായിരുന്നു. 2021 ല്‍ 527174 ആയിരുന്നു അംഗസംഖ്യ. 2022 ല്‍ 574261 ആയി ഉയര്‍ന്നെങ്കിലും 23 ല്‍ 567123 ആയി കുറഞ്ഞു. 2024 ല്‍ വീണ്ടും 564895 ആയി കുറയുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി ഭരണത്തില്‍ ഇരുന്നത് പാര്‍ട്ടിയുടെ പോരാട്ടവീര്യത്തെയും സംഘടന സംവിധാനത്തെയും ദുര്‍ബലമാക്കി എന്താണ് വിലയിരുത്തല്‍.

പാര്‍ട്ടി സംഘടിപ്പിക്കുന്ന സമരപരിപാടികളിലും മറ്റും ആളെത്താത്തതും ദുര്‍ബലമായ പങ്കാളിത്തവും തലവേദന തന്നെയാണ്. പാര്‍ട്ടിയുടെ അംഗത്വത്തിന്റെ 55 ശതമാനവും 2016 ന് ശേഷം പാര്‍ട്ടി അംഗങ്ങള്‍ ആയവരാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ 10 വര്‍ഷവും പ്രതിപക്ഷത്ത് പ്രവര്‍ത്തിക്കുകയോ സമരപരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടുമില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ വിരലിലെണ്ണാവുന്ന സമരങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. മാത്രമല്ല പാര്‍ട്ടി അംഗങ്ങളില്‍ 83 ശതമാനവും 1991 ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം വന്നവരാണ്. അവര്‍ക്ക് ആര്‍ക്കും തന്നെ വിപ്ലവ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണയുമില്ല എന്നത് പാര്‍ട്ടി അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നമാണെന്ന് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 2021 മായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 പാര്‍ട്ടിയുടെ അംഗത്വം കൂടിയിട്ടുണ്ട്. സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഗണ്യമായി കൂടിയിട്ടുണ്ട്. ഈ നാലുവര്‍ഷത്തെ കാലയളവില്‍ 28,000 വനിതകള്‍ പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നു. നേരത്തെ പാര്‍ട്ടിയിലെ അംഗങ്ങളുടെ 19.8 % ആണ് വനിതകള്‍ ഉണ്ടായിരുന്നത്. ഇത് 22.8 % ആയി കൂടി. യുവാക്കളുടെ അംഗത്വം 2021 ല്‍ 23.79 ആയിരുന്നത് 2024 ആയപ്പോഴേക്കും 29.8% ആയി കൂടി. വര്‍ഗ്ഗ ബഹുജന സംഘടനകളിലും കാര്യമായ മുന്നേറ്റം ഉണ്ടായി എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ട്രേഡ് യൂണിയനുകളിലെ അംഗത്വം 31.06 ലക്ഷം ആണ്. കര്‍ഷകസംഘത്തില്‍ 67.70 ലക്ഷം പേരാണ് അംഗങ്ങള്‍. കര്‍ഷക തൊഴിലാളികള്‍ 27.07 ലക്ഷവും വനിതകള്‍ 59.87 ലക്ഷവും യുവാക്കള്‍ 52.16 ലക്ഷവും വിദ്യാര്‍ത്ഥികള്‍ 16.63 ലക്ഷവുമാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെതിരായ പുതിയ പോരാട്ട മുഖത്തിലൂടെയുംപാര്‍ട്ടി ക്ലാസുകളിലൂടെയും സംഘടനയ്ക്ക് ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ തന്നെയാണ് നീക്കം

Reference
1. 24 News https://share.google/ETcNCKaPJvOpEwe7v
2. Mathrubhumi https://share.google/5VWNs1zEtjYaAyHeT
3. Mathrubhumi https://share.google/QSrsEJxQuXYdZAKzn
4. YouTube https://share.google/112rAfhnvw1UlQJVO
5. The New Indian Express https://share.google/IUOkQeP9TujBDvRhj
6. The New Indian Express https://share.google/w1VLooovmxVs0vOJf
7. YouTube https://share.google/SMKZP7CQZ8F84lyz0
8. NDTV https://share.google/0gdtPDXNe24I9sCtW

   – ജി. കെ

Leave a Reply

Your email address will not be published. Required fields are marked *