ഗ്യാനേഷ് കുമാറിനെ കുടുക്കാനുള്ള ആവേശത്തില്‍സ്വയം കുടുങ്ങി യുഡിഎഫ്
20 വര്‍ഷം മുമ്പ് നടന്ന ഒരു കരാറുകാരന്റെ ആത്മഹത്യയെ ചൊല്ലി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ യുഡിഎഫ് ഒരുക്കിയ കുരുക്കില്‍ കുരുങ്ങിയത് യുഡിഎഫ് നേതാക്കള്‍. ഒപ്പം എല്‍ഡിഎഫും. ഇടതുമുന്നണി സര്‍ക്കാര്‍ എഴുതിത്തള്ളിയ വിജിലന്‍സ് കേസില്‍ വീണ്ടും ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നേരിട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. കേസിന്റെ വിശദാംശങ്ങള്‍ വീണ്ടും പുറത്തുവന്നതോടെ പ്രതിസ്ഥാനത്ത് ഗ്യാനേഷ് കുമാറിന് പകരം യുഡിഎഫ് കാലത്തെ മന്ത്രി എം കെ മുനീറും തുടര്‍ന്നുവന്ന ഇടതുമുന്നണി മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക്കും എത്തുന്ന സാഹചര്യം സംജാതമായി.
2001 അധികാരമേറ്റ എ കെ ആന്റണി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതല മുസ്ലിംലീഗിന്റെ എം കെ മുനീറിന് ആയിരുന്നു. 2004 ല്‍ ആന്റണി അധികാരമൊഴിഞ്ഞ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴും പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയില്‍ മുനീര്‍ തുടര്‍ന്നു. മുനീറിന്റെ കാലത്ത് തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം സി റോഡ്, ദേശീയപാത നിലവാരത്തില്‍ വികസിപ്പിക്കാന്‍ പതി ബെല്‍ എന്ന മലേഷ്യന്‍ കമ്പനിക്ക് 216 കോടി രൂപയ്ക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇതിനുവേണ്ടി കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് എന്ന പേരില്‍ ഒരു പ്രത്യേക കമ്പനി സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ തന്നെ എന്‍ജിനീയര്‍മാരെയും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും അന്വേഷിച്ചാണ് ഈ കമ്പനി രൂപീകരിച്ചത്. റോഡിന്റെ നിര്‍മ്മാണം ഒന്നാംഘട്ടം എന്നനിലയില്‍ ചെങ്ങന്നൂര്‍ വരെയാണ് പൂര്‍ത്തിയാക്കിയത്. റോഡ് പണി നടക്കുമ്പോള്‍ തന്നെ 2005 ല്‍ അന്ന് പ്രതിപക്ഷ എംഎല്‍എ ആയിരുന്ന തോമസ് ഐസക്ക് ഒരു കിലോമീറ്റര്‍ റോഡ് പണിയാന്‍ ഒന്നേകാല്‍ കോടി രൂപ ചെലവഴിക്കുന്നത് നിയമസഭയിലും പുറത്തും ഉന്നയിച്ചിരുന്നു. രണ്ടാംഘട്ടം തുടങ്ങുന്നതിന് മുമ്പുതന്നെ നടന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുറത്താവുകയും വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആവുകയും ചെയ്തു.
2006 മെയ് 12 നാണ് ഉമ്മന്‍ചാണ്ടി അധികാരമൊഴിഞ്ഞത്. മെയ് 18 ന് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ആ മന്ത്രിസഭയില്‍ തോമസ് ഐസക്ക് ആയിരുന്നു ധനമന്ത്രി. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടന്‍ തന്നെ കെ എസ് ടി പിയുടെ എം സി റോഡ് പദ്ധതിയെക്കുറിച്ച് ഒന്നിന് പിറകെ ഒന്നായി നാലു വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതത്തിലുള്ള സ്ഥാപനങ്ങളെ ഒഴിവാക്കി ഒരു വിദേശ കമ്പനിക്ക് റോഡ് നിര്‍മ്മാണത്തിന് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ ക്രമക്കേടിനെ കുറിച്ച് ആയിരുന്നു ആദ്യ അന്വേഷണം. 2006 ല്‍ തന്നെ റോഡ് നിര്‍മ്മാണത്തിലെ പിഴവുകളും ക്രമക്കേടുകളും സംബന്ധിച്ച രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നാമത്തെ അന്വേഷണം എം സി റോഡിലെ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചതിലെ വിലനിര്‍ണയത്തെക്കുറിച്ച് ആയിരുന്നു. നാലാമത്തെ അന്വേഷണം പ്രതിഫലം, കമ്പനിയുടെ കേരളത്തിലെ പങ്കാളിയായ ഭഗീരഥ എന്‍ജിനീയറിങ്ങിന്റെ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. നാലുവര്‍ഷത്തെ അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ 2010 ല്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുകയും ചെയ്തു.
2006 നവംബറില്‍ ഗാനേഷ് കുമാറിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പകരം മാത്യു സി കുന്നുങ്കലിനെ സെക്രട്ടറിയാക്കി. ഇതിനിടെ നവംബര്‍ 11 ന് കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജര്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്തു. കേരളത്തില്‍ നിന്ന് കിട്ടാനുള്ള പണം കിട്ടാത്തതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 216 കോടി രൂപയില്‍ 70 കോടി രൂപ മാത്രമാണ് കമ്പനിക്ക് നല്‍കിയിരുന്നത്. കേരളത്തില്‍ കമ്പനിക്ക് വേണ്ടി പണി നടത്തിയ ഉപകരാറുകാര്‍ക്ക് 12.5 കോടി രൂപ കൊടുത്തുതീര്‍ക്കാന്‍ ഉണ്ടായിരുന്നു. ഈ പണത്തിനുവേണ്ടി ബീനിനെ അവര്‍ കടുത്ത സമര്‍ദ്ദത്തില്‍ ആക്കിയിരുന്നു. പണി പൂര്‍ത്തിയാക്കിയാലേ പണം നല്‍കൂ എന്ന നിലപാടില്‍ ആയിരുന്നു വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. പൂര്‍ത്തിയാക്കിയ പണിയുടെ പണം നല്‍കുന്നതിന് ധനമന്ത്രി തോമസ് ഐസക്കും ധനവകുപ്പും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കേര്‍പ്പെടുത്തിയതും ഉപകരാറുകാര്‍ പണത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതും താങ്ങാന്‍ കഴിയാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബീന്‍ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. പണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ഗ്യാനേഷ് കുമാറിനോട് രണ്ടുതവണ പറഞ്ഞതായി ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശം ഉണ്ടായിരുന്നു. 2005 മെയ് മാസത്തില്‍ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഭൂമി ഏറ്റെടുക്കലില്‍ വന്ന കാലതാമസമാണ് പദ്ധതി വൈകാന്‍ കാരണം.
ഇതിനിടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ 93.7 കോടി രൂപ അനാവശ്യ ചെലവ് പദ്ധതിയില്‍ ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം കെ മുനീറിനെതിരെ വിജിലന്‍സ് കേസ് എടുത്തെങ്കിലും പിന്നീട് കോടതി അദ്ദേഹത്തെ വിട്ടയച്ചു. വിജിലന്‍സില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു നാലു കേസുകളും നടപടിയില്ലാതെ അവസാനിപ്പിക്കുകയായിരുന്നു. ഈ കേസുകളാണ് ഇപ്പോള്‍ ഗ്യാനേഷ് കുമാറിന്റെ പേര് ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ദേശീയതലത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകരാന്‍ ഇത് ഉപകരിക്കും എന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.
ആത്മഹത്യാ പ്രേരണയ്ക്ക് പത്തുവര്‍ഷവും അഴിമതിക്ക് ഏഴുവര്‍ഷവും ശിക്ഷ കിട്ടിയേക്കാവുന്ന വകുപ്പുകളാണ് ഗ്യാനേഷ് കുമാറിനെതിരെ ചുമത്താന്‍ വിജിലന്‍സ് ഉദ്ദേശിക്കുന്നത്. കൈക്കൂലി ആവശ്യപ്പെട്ടു എന്നതിനെക്കുറിച്ച് ഗ്യാനേഷ് കുമാറിനെ അറിയിച്ചു എന്നല്ലാതെ മറ്റൊരു പരാമര്‍ശവും ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനിഷ് കുമാറിനെ കുറിച്ചില്ല. അതേസമയം പണം തടഞ്ഞുവെച്ചതിനെ കുറിച്ച് വ്യക്തമായ സൂചന ഉണ്ട് താനും. പണം തടഞ്ഞുവെക്കുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് ഇടതുമുന്നണി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ്. പദ്ധതിക്ക് അനുമതി നല്‍കിയത് യുഡിഎഫിലെ മന്ത്രിയായിരുന്ന എം കെ മുനീറും. മുനീര്‍ മന്ത്രിസ്ഥാനം ഒഴിയുന്നതിന് വളരെ കുറച്ചുകാലം മുമ്പ് മാത്രമാണ് ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറിയായി ചുമതലയേറ്റത്.
വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഗ്യാനേഷ് കുമാറിനെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ഉപേന്ദ്രവര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് ക്രമസമാധാനം ചുമതല വഹിച്ചിരുന്ന അഡിഷണല്‍ ഡിജിപി ജേക്കബ് പുന്നൂസും ഇക്കാര്യത്തില്‍ മലേഷ്യന്‍ പോലീസ് കേരള പോലീസിനോട് യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ല എന്നും, പരാമര്‍ശങ്ങള്‍ ഇല്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ചുമതലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ എസ് ടി പിയിലെ കൈക്കൂലിക്ക് പൊതുമരാമത്ത് സെക്രട്ടറിയെ കുറ്റപ്പെടുത്താന്‍ ആകില്ല എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഗ്യാനേഷ് കുമാറിനെതിരെ യാതൊരു പരാതിയോ ആത്മഹത്യാക്കുറിപ്പില്‍ സൂചനയോ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് എതിരായ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല എന്നുതന്നെയാണ് പോലീസ് വൃത്തങ്ങളും സൂചിപ്പിക്കുന്നത്. തല്‍ക്കാലം ദേശീയതലത്തില്‍ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള രമേശ് ചെന്നിത്തലയുടെ തന്ത്രം മാത്രമായിട്ടാണ് ഇതിനെ കാണുന്നത്.
വികസന പ്രവൃത്തികളില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം ആരോപണമുന്നയിക്കുകയും തുരങ്കം വെക്കുകയും ചെയ്യുന്ന ഇടത്-വലതു മുന്നണികളുടെ നയമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരു കിലോമീറ്ററിന് 1.25 കോടി ചെലവാക്കി എന്ന ആരോപണം തോമസ് ഐസക്ക് ഉയര്‍ത്തിയപ്പോള്‍ പിന്നീട് പ്രതിപക്ഷത്തായ ഉമ്മന്‍ചാണ്ടി പ്രതിഫലം കമ്പനിക്ക് കൂടുതല്‍ പണം നല്‍കിയതിനെതിരെ നിയമസഭയില്‍ ഐസക്കിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. 20 വര്‍ഷത്തിനു മുമ്പുള്ള രേഖകള്‍ കണ്ടെത്താനും ഏതെങ്കിലും തരത്തില്‍ അന്വേഷണം നടത്താനുമുള്ള ശ്രമങ്ങളാണ് വിജിലന്‍സ് നടത്തുന്നത്. അന്ന് ഉന്നതസ്ഥാനത്ത് ഉണ്ടായിരുന്നവരും ഫയലിന്റെയും നിര്‍മ്മാണത്തിന്റെയും ചുമതല വഹിച്ചിരുന്നവരില്‍ പലരും മരണമടഞ്ഞു കഴിഞ്ഞു. അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം കെ മുനീറിനെ ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. വിജിലന്‍സ് അന്വേഷണം വരികയും ആരംഭിക്കുകയും ചെയ്താല്‍ മുനീറും പ്രതിയാകും. ക്യാബിനറ്റ് റാങ്കുള്ള തസ്തികയില്‍ അദ്ദേഹത്തിന് തുടരാനായി ആകുമോ എന്നകാര്യം സംശയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാതിരുന്ന മുസ്ലിം ലീഗിന് കൊടുത്ത പണിയായിട്ടും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. ഗ്യാനിഷ് കുമാറിനെ കുടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്നണിക്ക് തന്നെ കുരുക്കായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
Reference
- Onmanorama https://share.google/QCgas7UaIYU0YMm8N
- Onmanorama https://share.google/jFVaETUDRLR00gKuL
- NDTV https://share.google/4VndN3ZZh1MJT6vwV
- The Indian Express https://share.google/6g5vCLC7wkTXyW94h
- Rediff https://share.google/fA2fnbi8dNZBUIfp2
- Republic World https://share.google/6OBQjeihGoOk8MxMb
- The New Indian Express https://share.google/rUcLHgu81FCGzRym8
- Onmanorama https://share.google/XIiR6Bmyki2kK5bQQ
- Onmanorama https://share.google/29W8aeOUP97hkSq5u
- ജി. കെ
