KeralaNews from StatesPopular NewsRecent NewsTrending News

കേരളത്തിലെ പിഞ്ചുമനസ്സില്‍ കണ്ണനെ പ്രതിഷ്ഠിച്ച എം. എ. സാര്‍

അമ്പാടിക്കണ്ണന്റെ തിരുമുടിയില്‍ ചൂടിയ നീല മയില്‍പീലിയേന്തി ഹരേ രാമ ഹരേ കൃഷ്ണ ജപത്തോടെ നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ ഐവര്‍കാല പുത്തനമ്പലം സാക്ഷിയായത് ഒരുപക്ഷേ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഏടുകള്‍ എഴുതിച്ചേര്‍ത്ത ഒരു പ്രതിഭാശാലിക്ക് നാടുമുഴുവന്‍ വിട നല്‍കാന്‍ എത്തുന്ന അപൂര്‍വ്വ ചടങ്ങിനായിരുന്നു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ നിരീശ്വരവാദത്തിന്റെയും അസ്തിത്വവാദത്തിന്റെയും നിരാസത്തിന്റെ ചിന്താധാരയില്‍പ്പെട്ട് സംസ്‌കാരത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും കുഞ്ഞുങ്ങളും യുവാക്കളും വഴിപിരിഞ്ഞു പോയിരുന്ന കാലഘട്ടത്തില്‍ ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ചുമുതല്‍ കാമരൂപം വരെയും ഭാരതത്തിന്റെ സ്വത്വത്തിന്റെയും മൂല്യങ്ങളുടെയും ജീവിതത്തിന്റെയും ആധാരബിന്ദുവായ ധര്‍മ്മത്തിന്റെയും പ്രണയത്തിന്റെയും കാരുണ്യത്തിന്റെയും ദീനാനുകമ്പയുടെയും പ്രതീകമായ കൃഷ്ണരൂപത്തിന് ചിരപ്രതിഷ്ഠ നല്‍കിയ എം. എ സാറിന് വിട നല്‍കുന്നതായിരുന്നു ചടങ്ങ്.

കേസരി വാരികയുടെ മുഖ്യ പത്രാധിപരായിരിക്കെ ബാലപംക്തിക്ക് അദ്ദേഹം നല്‍കിയ പേര് ബാലഗോകുലം എന്നായിരുന്നു. കേരളത്തിലെ കുഞ്ഞുങ്ങളുമായുള്ള സംവാദവും അവരുടെ കവിതകളും കുസൃതികളും രചനകളും ഒക്കെയായി അവരോട് സംവദിച്ചിരുന്ന അദ്ദേഹം അതിനു സംഘടനാരൂപം നല്‍കി. ബാലഗോകുലം എന്നപേരില്‍ കേരളത്തിലെ കുഞ്ഞുങ്ങളുടെ സാംസ്‌കാരിക പ്രസ്ഥാനം ആരംഭിച്ചു. ആഴ്ചയില്‍ ഒരുദിവസം ഒന്നിച്ചുചേരുന്ന കുഞ്ഞുങ്ങളെ ഭാരതീയ മൂല്യങ്ങളിലേക്കും പാരമ്പര്യത്തിലേക്കും സംസ്‌കാരത്തിലേക്കും വിജ്ഞാന ഭണ്ഡാരത്തിലേക്കും ആകര്‍ഷിച്ചു. കണ്ണാ മുരളീധരാ എന്ന ബാലഗോകുലത്തിന്റെ പ്രാര്‍ത്ഥനാഗീതം കേരളത്തിലെ ഗ്രാമങ്ങളിലുടനീളം പുതിയ ചൈതന്യധാരയായി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ശോഭായാത്ര ഇന്ന് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വന്‍ നഗരങ്ങളിലും തരംഗമായി മാറി. കേരളം മുഴുവന്‍ അമ്പാടിയായി മാറുന്ന ശ്രീകൃഷ്ണജയന്തി ഉത്സവമടക്കം ബാലഗോകുലത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും എം എ സാര്‍ എന്ന് എല്ലാവരും വിളിക്കുന്ന എം എ കൃഷ്ണന്‍ എന്ന പത്രാധിപരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണ്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കുഞ്ഞുങ്ങളുടെ സംഘടനയോ സാംസ്‌കാരിക പ്രസ്ഥാനമോ ആയി ബാലഗോകുലം മാറിയിരിക്കുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ബാലഗോകുലത്തില്‍ അംഗങ്ങളാകുന്നത്.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഏറ്റവും വലിയ അപ്രഖ്യാപിത ശത്രു ഇന്ന് ബാലഗോകുലം ആണ്. കുഞ്ഞുങ്ങളെ മുഴുവന്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തെ ചെറുക്കാനുള്ള പ്രക്രിയകളാണ് സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്ന് ആലോചിക്കുന്നത്. ഇക്കുറി ശ്രീകൃഷ്ണജയന്തിക്ക് കൊച്ചി നഗരത്തില്‍ കോണ്‍ഗ്രസിന്റെ മേയറും എംഎല്‍എയും അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ കൂടി പങ്കുചേര്‍ന്നതോടെ ഒരുകാര്യം വ്യക്തമായി, രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ ഹൃദയത്തിലേക്ക് അവരുടെ ഹൃദയവികാരമായി ബാലഗോകുലം മാറിയിരിക്കുന്നു. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ സിപിഎം ആരംഭിച്ച ബാലസംഘം ദേശാഭിമാനിയുടെ ബാലപംക്തി ആയിട്ടാണ്. പക്ഷേ ബാലഗോകുലത്തിന്റെ ഉജ്ജ്വലമായ പ്രവര്‍ത്തനവഴിയില്‍ കാര്യമായ പ്രതികരണം സൃഷ്ടിക്കാന്‍ ബാലസംഘത്തിനായില്ല. 97-ാം വയസ്സില്‍ അന്തരിക്കും വരെ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പരിഷ്‌കാരങ്ങള്‍ നടത്തിയും സംഘപ്രചാരകന്‍ എന്ന നിലയില്‍ എം എ സാര്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മഹോപാദ്ധ്യായയ്ക്ക് പഠിക്കുമ്പോള്‍ സംഘപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി വന്ന അദ്ദേഹം 1954 ലാണ് പ്രചാരകനായത്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന പ്രചാരകനാണ് വിടപറഞ്ഞത്. 1964 ല്‍ അന്നത്തെ പ്രാന്ത പ്രചാരക് ഭാസ്‌കര്‍റാവുജിയുടെ നിര്‍ദ്ദേശമനുസരിച്ച് കോഴിക്കോട്ടേക്ക് പോയി കേസരിയില്‍ പത്രാധിപരായി ചുമതലയേറ്റ അദ്ദേഹം മലബാറിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ സാംസ്‌കാരികജീവിതത്തില്‍ ഒരു പുതിയ സുവര്‍ണ്ണാധ്യായമാണ് എഴുതിച്ചേര്‍ത്തത്. ബാലഗോകുലം ആരംഭിച്ചിടത്ത് നിര്‍ത്തിയില്ല. കേരളത്തിലെ സാഹിത്യ സാംസ്‌കാരികരംഗം ഇടതുപക്ഷ ജീര്‍ണ്ണതകള്‍ക്ക് അടിപ്പെട്ട് യുവതയെ വഴിതെറ്റിക്കുന്നതാണെന്നും ഭാരതത്തിന്റെ സംസ്‌കാരവും മൂല്യവും ഒന്നും സാഹിത്യ സാംസ്‌കാരിക രംഗത്ത് വൈചാരികമോ വൈകാരികമോ ആയ സ്വാധീനം ചെലുത്തുന്നില്ല എന്നും തിരിച്ചറിഞ്ഞ അദ്ദേഹം ഈ രംഗത്ത് പ്രവര്‍ത്തനത്തിനായി ‘തപസ്യ’ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. കോഴിക്കോട്ടെ പ്രവര്‍ത്തനത്തിനിടയില്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തില്‍ വന്ന മാതൃഭൂമിയുടെ മുന്‍പത്രാധിപര്‍ വി എം കൊറാത്ത്, തിക്കോടിയന്‍, ഡോ. സുകുമാര്‍ അഴീക്കോട്, അക്കിത്തം, ഒളപ്പമണ്ണ, എന്‍ എന്‍ കക്കാട് തുടങ്ങി നിരവധി സാഹിത്യകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും തപസ്യയുടെ വേദിയില്‍ അണിനിരത്തി. കെ പി കേശവമേനോന്‍, എം ടി വാസുദേവന്‍ നായര്‍, ഒ വി വിജയന്‍, തകഴി, ഉറൂബ്, എം വി ദേവന്‍, എസ് ഗുപ്തന്‍ നായര്‍, എസ് കെ പൊറ്റക്കാട് തുടങ്ങി മലയാളസാഹിത്യത്തിലെ ലബ്ധപ്രതിഷ്ഠരായ എല്ലാ എഴുത്തുകാരും തപസ്യയുടെ വേദിയില്‍ എത്തി.

അടിയന്തരാവസ്ഥക്കാലത്തെ ഒളിജീവിതത്തില്‍ തപസ്യയുടെ പ്രവര്‍ത്തനം അദ്ദേഹം സജീവമാക്കി. വി.ടി. ഭട്ടതിരിപ്പാടിന് സപ്തതി സ്വീകരണത്തിന്റെ പേരില്‍ ഒരുക്കിയ യോഗം അടിയന്തരാവസ്ഥാ വിരുദ്ധ സമ്മേളനമായി മാറി. കെ പി കേശവമേനോന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുകയും അടിയന്തരാവസ്ഥക്കെതിരെ ഭട്ടതിരിപ്പാട് ആഞ്ഞടിക്കുകയും ചെയ്തതോടെ സര്‍ക്കാരിന് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം ആയി. അതിന്റെ പിന്നിലും എം എ സാര്‍ ആയിരുന്നു. എം എ സാറിന്റെ പിന്നില്‍ ചാലകശക്തികളായി സംഘപ്രചാരകര്‍ തന്നെയായ പി പരമേശ്വരനും പി മാധവനും ഉണ്ടായിരുന്നു. അവര്‍ ത്രിമൂര്‍ത്തികളായിരുന്നു. ഇന്ന് കേരളത്തില്‍ അവഗണിക്കാനാകാത്ത സാംസ്‌കാരിക ചിന്താധാരയായി തപസ്യ മാറിയിരിക്കുന്നു. ഭാരതീയ സാംസ്‌കാരികധാരയുടെ ചിരന്തനമായ നൈരന്തര്യം ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക യാത്രകളും സെമിനാറുകളും ഒക്കെയായി കേരളത്തിന്റെ ധൈഷണിക മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷത്തിന്റെ മസ്തിഷ്‌കപ്രക്ഷാളനം ഒഴിവാക്കാനായത് എം എ സാറിന്റെ ഈ നിരന്തര പ്രവര്‍ത്തനത്തിലൂടെയാണ്. സംവാദത്തിന്റെ സംസ്‌കാരവും പാരമ്പര്യത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ വഴികളും വെട്ടിത്തുറന്നത് അദ്ദേഹമാണ്. കേരളത്തിലെ സാഹിത്യ സാംസ്‌കാരിക നായകരെ സംഘപരിവാറിലേക്ക് അടുപ്പിച്ചത് എം എ സാറിന്റെ പ്രവര്‍ത്തനമാണ്. ശാഖയില്‍ പോയതിന് സ്വന്തം സഹോദരനെ വടി ഒടിയും വരെ തല്ലിയ വി.എം. കൊറാത്ത് മുതല്‍ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയ ഒ വി വിജയന്‍ വരെയുള്ള എല്ലാവരെയും കോര്‍ത്തിണക്കി സമന്വയത്തിന്റെ ഒരു പുതിയ മന്ത്രധ്വനി സാംസ്‌കാരിക കേരളത്തിന് അദ്ദേഹം സംഭാവന ചെയ്തു.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ പ്രാന്ത കാര്യാലയത്തിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയ അദ്ദേഹം അവിടെയും ബാലഗോകുലത്തിന്റെയും തപസ്യയുടെയും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഒപ്പം അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടു. സംഘത്തിന്റെ പ്രാന്ത ബൗദ്ധിക് പ്രമുഖ് ആയും ആദ്യ പ്രചാര്‍ പ്രമുഖായും പ്രവര്‍ത്തിച്ചു. ഒരാളോടും മുഖം കറുപ്പിക്കാത്ത, എല്ലാവരോടും സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും മനസ്സ് പുലര്‍ത്തിയിരുന്ന എം എ സാര്‍ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും നോവിക്കാതെ പറയാനും പറഞ്ഞുതീര്‍ക്കാനും ചേര്‍ത്തുനിര്‍ത്താനുമുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൊല്ലം ജില്ലയിലെ ഒരു വിദൂരഗ്രാമത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതസമര്‍പ്പണത്തിന്റെയും സുരഭിലമായ ത്യാഗത്തിന്റെയും സാക്ഷ്യപത്രമായിരുന്നു.

1929 ജനുവരി 17 ന് കൊല്ലം ജില്ലയിലെ ഐവര്‍കാലയിലാണ് ജനനം. കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും ഐവര്‍കാല മംഗലത്തു പത്മനാഭന്റെയും മകന്‍. കുഴിക്കലിടവക ജി.വി.എസ്.എച്ച്.എസ്സില്‍ നിന്ന് ശാസ്ത്രി പരീക്ഷയും തിരുവനന്തപുരം മഹാരാജാസ് സംസ്‌കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായയും പാസായി. ഒരുവര്‍ഷം കോട്ടയത്ത് വാഴൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകവൃത്തി. തുടര്‍ന്ന് രാജിവച്ച് 1954 ല്‍ ആര്‍എസ്എസ് പ്രചാരകനായി. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രചാരകന്‍. മലബാറില്‍ ടിപ്പുവിന്റെ കടന്നാക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളെക്കുറിച്ചും മതംമാറ്റ ശ്രമങ്ങളെക്കുറിച്ചുമുള്ള പരമ്പരകളിലൂടെ ജനങ്ങളെ ഉണര്‍ത്തി. നിളയുടെ ഇതിഹാസം എന്ന വിശേഷാല്‍പതിപ്പിലൂടെ ഭാരതപ്പുഴയുടെ അതിജീവനത്തിനായി പതിറ്റാണ്ടുകള്‍ക്കുമുമ്പേ ശബ്ദമുയര്‍ത്തി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ തുടക്കത്തിനും വി.എം കൊറാത്തിനൊപ്പം എം എ സാര്‍ ഉണ്ടായിരുന്നു.

2008 ല്‍ കൊല്‍ക്കത്തയിലെ ബഡാബസാര്‍ ലൈബ്രറിയുടെ വിവേകാനന്ദ സേവാസമ്മാന്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. വീരശ്രീ വേലുത്തമ്പി സ്മാരക സേവാ സമ്മാനമടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞങ്ങള്‍, കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ, മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നയിച്ച സാംസ്‌കാരിക തീര്‍ത്ഥയാത്ര, ബാലമഹാസമ്മേളനങ്ങള്‍ തുടങ്ങി എം.എ. സാര്‍ നിശബ്ദനായി നിറഞ്ഞുനിന്ന മുന്നേറ്റങ്ങള്‍ നിരവധിയാണ്. പാഞ്ഞാളില്‍ വൈദിക സംസ്‌കൃതി അനുസരിച്ച് നടത്തിയ അതിരാത്രയാഗത്തില്‍ ആടിനെ ശ്വാസംമുട്ടിച്ച് വപ എടുക്കുന്നതിനെതിരെയും എളവൂര്‍ ക്ഷേത്രത്തില്‍ മനുഷ്യരെ ഇരുമ്പ് കൊളുത്തില്‍ തൂക്കുന്ന എളവൂര്‍ തൂക്കത്തിനെതിരെയും നടന്ന സാമൂഹിക മുന്നേറ്റത്തിന് പിന്നില്‍ അദ്ദേഹം ഉണ്ടായിരുന്നു. മദ്യവും മയക്കുമരുന്നും വഴിവിട്ട ജീവിതവും അതിപ്രസരം സൃഷ്ടിക്കുന്ന ആധുനികജീവിതത്തില്‍ ധര്‍മ്മത്തിന്റെയും കാരുണ്യത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായ കണ്ണനെയും മനോഹരമായ പുല്ലാംകുഴലിനെയും തിരുമുടിയിലെ മയില്‍പീലിയെയും പ്രതിഷ്ഠിച്ച പ്രതിഭാശാലി ബാക്കി വെക്കുന്നത് ഒരു സുവര്‍ണ്ണയുഗത്തിന്റെ ഓര്‍മ്മകളാണ്. അതാണ് അദ്ദേഹത്തിന്റെ ചിരന്തന സ്മാരകം.

  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *