KeralaNews from StatesRecent NewsTrending News

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 79 ശതമാനവും ഹിന്ദുക്കള്‍

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 79 ശതമാനവും ഹിന്ദുക്കള്‍. 10.3 ശതമാനം ക്രിസ്ത്യാനികളും 9.7 ശതമാനം മുസ്ലീങ്ങളും ആണ് മരണം സ്വയംവരിക്കുന്നവര്‍. ഹിന്ദുക്കളിലെ മതപരമായ കെട്ടുറപ്പില്ലാത്തതും പരസ്പരസഹായം വേണ്ടരീതിയില്‍ ഉറപ്പാക്കാത്തതുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ഹിന്ദുസമൂഹത്തില്‍നിന്ന് ഉണ്ടാകാന്‍ കാരണമെന്നാണ് മന:ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളിലെ ശക്തമായ സ്വാധീനവും സാമൂഹിക സാമ്പത്തിക കാര്യങ്ങളില്‍ അവര്‍ നടത്തുന്ന സഹായകരമായ സമീപനങ്ങളും ആത്മഹത്യാ പ്രതിരോധ നടപടികളും ആണ് ആത്മഹത്യയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് സംബന്ധിച്ച് ഏറ്റവും അവസാനം പുറത്തുവന്ന കണക്ക് 2024 ലേതാണ്. ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ ശതമാനം കേരളത്തില്‍ തന്നെയാണ്.

കേരളത്തിലെ ജനസംഖ്യയില്‍ ഒരു ലക്ഷത്തില്‍ 30.2 ആണ് ശരാശരി ആത്മഹത്യാ നിരക്ക്. ദേശീയ ശരാശരി ഇത് വെറും 12.2 മാത്രമാണ്. ദേശീയ ശരാശരിയെക്കാള്‍ രണ്ടര മടങ്ങ് എങ്കിലും ആണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് തൊഴിലില്ലായ്മ കാരണമാണ്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ആകര്‍ഷകമായ തൊഴില്‍ ലഭിക്കാത്തത് ആത്മഹത്യക്ക് കാരണമാകുന്നുണ്ട് എന്നതാണ് വിലയിരുത്തല്‍. കേരളത്തിലെ കുടുംബ സംവിധാനത്തില്‍ ജോലി ലഭിക്കാത്ത പുരുഷന്മാരുടെ അപകര്‍ഷതയോ സാമൂഹികമായ ചോദ്യം ചെയ്യലോ ഒക്കെ തന്നെ ആത്മഹത്യയെ ബാധിക്കുന്നുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം ആത്മഹത്യയുടെ 82 ശതമാനവും പുരുഷന്മാരാണ്. ഇവരില്‍ ഭൂരിപക്ഷവും വിവാഹിതരാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. 2024 ല്‍ കേരളത്തില്‍ 10,865 പേരാണ് ആത്മഹത്യ ചെയ്തത്. ഇവരില്‍ 8865 പേര്‍ പുരുഷന്മാരാണ്. ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ കേരളം നാലാം സ്ഥാനത്താണ്. 1,70,746 പേരാണ് ഭാരതത്തില്‍ മൊത്തം ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നിട്ടുള്ളത് തമിഴ്‌നാട്ടിലാണ് 19,965. കര്‍ണാടകത്തില്‍ 13,151 ഉം തെലുങ്കാനയില്‍ 10,975 ഉം പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ തൊട്ടടുത്ത നാലാം സ്ഥാനത്താണ് കേരളം ഉള്ളത്. 8302 പേര്‍ ആത്മഹത്യ ചെയ്ത ആന്ധ്രയാണ് നാലാം സ്ഥാനത്ത്.

ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളും ആത്മഹത്യ ചെയ്തത് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ്. 37.5 ശതമാനവും പേരുടെ ആത്മഹത്യക്ക് കാരണമായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത് കുടുംബപ്രശ്‌നങ്ങള്‍ തന്നെയാണ്. 17.9 ശതമാനം പേര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം രോഗബാധയാണ്. മയക്കുമരുന്ന്, മദ്യപാനം, സാമ്പത്തികപ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നിവയും ആത്മഹത്യക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്ത പ്രായപരിധി 18 വയസ്സിനും 30 വയസ്സിനും ഇടയിലാണ്. 30 വയസ്സിനും 45 വയസ്സിനും ഇടയിലുള്ളവരാണ് തൊട്ടടുത്ത്. ആത്മഹത്യ ചെയ്തവരില്‍ കൂടുതല്‍ പേരും ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ ആണെന്നത് വളരെ ശ്രദ്ധേയമായ പ്രതിഭാസമായി മന:ശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. 2023 വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ ആത്മഹത്യ നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 2023 ല്‍ 10,972 പേരാണ് ആത്മഹത്യ ചെയ്തത്. 2022 ല്‍ 10,162 പേരും.
കേരളത്തില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നിട്ടുള്ളത്. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കൊല്ലം ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് മാറി. ലക്ഷത്തില്‍ 16.8 ആണ് തലസ്ഥാനത്തെ ആത്മഹത്യ നിരക്ക്. 2024 ല്‍ 479 പേരാണ് തലസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. മുന്‍വര്‍ഷം 410 പേരായിരുന്നു.

ദേശീയ തലത്തിലുള്ള ആത്മഹത്യയുടെ കാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുടുംബ പ്രശ്‌നങ്ങളാണ് തലസ്ഥാനത്തെ ആത്മഹത്യയുടെ ഏറ്റവും പ്രധാന കാരണം. 479 മരണങ്ങളില്‍ 225 എണ്ണവും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ളതാണ്. ഭേദമാകാത്ത രോഗങ്ങളും രോഗബാധകളും 94 പേരുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയപ്പോള്‍ മയക്കുമരുന്നും മദ്യപാനവും 30 പേരുടെ ആത്മഹത്യയ്ക്കും ഇടയാക്കി. 14 പേരാണ് ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മാനസികരോഗത്തെ തുടര്‍ന്ന് 17 പേരും സാമ്പത്തിക തകര്‍ച്ച, കടബാധ്യത എന്നിവയെ തുടര്‍ന്ന് 19 പേരും തലസ്ഥാനത്ത് മരിച്ചപ്പോള്‍ പ്രണയനൈരാശ്യം കാരണം 23 പേരും തലസ്ഥാന നഗരത്തില്‍ ആത്മഹത്യ ചെയ്തു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസവും സ്ത്രീവിദ്യാഭ്യാസവും ഉള്ള കേരളത്തില്‍ ആത്മഹത്യാ പ്രവണത കൂടുന്നത് പരിശോധിക്കുകയും നടപടികള്‍ എടുക്കുകയും വേണമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും ഇതിനു മുന്‍കൈയെടുത്ത് മതിയാകു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന ആപ്തവാക്യം തകര്‍ച്ചയില്‍ നിന്ന് സ്വയം മരണം മരിക്കാന്‍ ശ്രമിക്കുന്നവരുടെ ചിന്തയിലേക്ക് എത്താന്‍ കഴിയുന്ന രീതിയില്‍ ഉള്ള പ്രചാരണം ശക്തമാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

Reference:

1. https://pmc.ncbi.nlm.nih.gov/articles/PMC2802372/

2. NCRB Data on accidents and suicides

3. https://share.google/EArtGZJ1xSQ4caOgc

4. https://share.google/c7iK92U3dpjRSDZul

5. Medindia https://share.google/kw2nilfD9oGxJsDzw

6. https://share.google/0k4ZqKCwKrocGRnBz

7. Mathrubhumi https://share.google/73GiSoHeb1y7D81gv

8. https://www.thehindu.com/news/national/kerala/suicide-rate-higher-among-men-says-study/article69744710.ece

9. Hindusthan Samachar Malyalam https://share.google/nr1LLmBh58owEM5lY

  • ജി. കെ 

Leave a Reply

Your email address will not be published. Required fields are marked *