KeralaNationalNewsNews from States

ചെറുകിട ഭക്ഷ്യസംസ്‌കരണ മേഖലയിലൂടെ ആത്മനിര്‍ഭര്‍ ഭാരതിലേക്ക്

കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ചെറുകിട സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ വ്യവസായ മേഖലയില്‍ വന്‍ കുതിപ്പ്. പി എം എഫ് എം ഇ എന്ന ഭക്ഷ്യവകുപ്പിന്റെ കീഴിലുള്ള പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ ഒരു ലക്ഷം പുതിയ സ്ഥാപനങ്ങളാണ് ഭാരതത്തില്‍ ഉടനീളം ആരംഭിച്ചത്. ഏതാണ്ട് 23,000 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. കേരളത്തില്‍ മാത്രം 3000 പുതിയ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളാണ് ആരംഭിച്ചു. ഇതിനോടൊപ്പം ഒരു ജില്ലയില്‍ ഒരു ഉല്‍പ്പന്നം എന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ച 23,000 കോടി രൂപയില്‍ 17000 കോടി രൂപ നേരിട്ടുള്ള ബാങ്ക് വായ്പയും 6000 കോടി രൂപ സബ്‌സിഡി ഇനത്തിലും ആണ് ചെലവഴിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ചെറുകിട സൂക്ഷ്മ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍, എഫ്എസ്എസ്എഐ എന്നിവ വഴിയാണ് കൂടുതല്‍ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ വനിതകളുടെയും ഗ്രാമീണ കൂട്ടായ്മകളുടെയും നാലേകാല്‍ ലക്ഷത്തോളം അംഗങ്ങള്‍ക്ക് കൂട്ടായ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരുലക്ഷം സംരംഭങ്ങളിലൂടെ ഏതാണ്ട് ആറ് ലക്ഷത്തോളം പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കിയതായി കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രി ചിരാഗ് പസ്വാന്‍ പറഞ്ഞു. സാമ്പത്തിക സഹായങ്ങള്‍ കൂടാതെ ഭക്ഷ്യസംസ്‌കരണ വ്യവസായത്തിന്റെയും വിപണത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാനും സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനും വ്യവസായികളുടെയും സംരംഭകരുടെയും പരിശീലനത്തിനും വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വിപണസാധ്യതകള്‍ തേടാനുമുള്ള സംവിധാനങ്ങള്‍ പുതിയ പദ്ധതിയില്‍ ഒരുക്കി. 16-ാം ധനകാര്യ കമ്മീഷന്റെ കാലാവധിയായ 2026 മുതല്‍ 31 വരെ പദ്ധതി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.

16 മേഖലകളെയാണ് ഭക്ഷ്യസംസ്‌കരണ വ്യവസായത്തിനായി ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍, മത്സ്യം, മാംസം, കോഴി, സുഗന്ധവ്യഞ്ജനങ്ങള്‍, ബേക്കറി, മില്ലറ്റ് അധിഷ്ഠിത വ്യവസായങ്ങള്‍, പാചകം ചെയ്യാതെ അപ്പോള്‍ തന്നെ കഴിക്കാന്‍ പറ്റുന്ന റെഡി ടു ഈറ്റ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബീഹാറില്‍ 32,100 യൂണിറ്റുകളും മഹാരാഷ്ട്രയില്‍ 31,236 യൂണിറ്റുകളും ഉത്തര്‍പ്രദേശില്‍ 26,465 യൂണിറ്റുകളും തമിഴ്‌നാട്ടില്‍ 19,328 യൂണിറ്റുകളും മധ്യപ്രദേശില്‍ 15,946 യൂണിറ്റുകളും ആണ് ആരംഭിച്ചിട്ടുള്ളത്. കേരളത്തില്‍ 3000 യൂണിറ്റുകളാണ് ആരംഭിച്ചത്. 87,312 സ്ത്രീകള്‍ക്ക് പദ്ധതിയിലൂടെ പ്രയോജനം ഉണ്ടായി. ഇത് മൊത്തം ഗുണഭോക്താക്കളുടെ ഏതാണ്ട് 44 ശതമാനം വരും. പട്ടികജാതി വര്‍ഗ്ഗക്കാരില്‍ 16,843 പേര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 11,310 പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 8431 യൂണിറ്റുകളാണ് പുതിയതായി ആരംഭിച്ചത്. വനിതാ കൂട്ടായ്മകളിലെ 6,294 പേര്‍ക്ക് 198 കോടി രൂപയുടെ മൂലധനസഹായം നല്‍കി. 197 ബാങ്കുകളിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യസംസ്‌കരണ കേന്ദ്രം ആരംഭിക്കാനുള്ള സഹായം ഒരുക്കുന്നത്. കേന്ദ്രമന്ത്രാലയം ഇത് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ വ്യക്തിക്കും പത്തുലക്ഷം രൂപയും കൂട്ടായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി മൂന്നു കോടി രൂപ വരെയും ആണ് വായ്പ നല്‍കുന്നത്. ഇത് കൂടാതെ ഒരു ജില്ലയ്ക്ക് ഒരു ഉല്‍പ്പന്നം പദ്ധതിയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാനും വായ്പകള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ മരച്ചീനിയും കിഴങ്ങ് വര്‍ഗ്ഗങ്ങളും, പത്തനംതിട്ടയും കാസര്‍ഗോടും ചക്കയും ആലപ്പുഴയിലും തൃശ്ശൂരിലും അരിയും കോട്ടയം മലപ്പുറം കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നാളികേരവും ഇടുക്കിയില്‍ സുഗന്ധദ്രവ്യങ്ങളും എറണാകുളത്ത് പൈനാപ്പിളും പാലക്കാട്ട് വാഴപ്പഴവും വയനാട്ടില്‍ പാലും ആണ് ഒരു ജില്ല ഒരു വ്യവസായം പദ്ധതിയില്‍ കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ 41,000 പദ്ധതികളുടെ അപേക്ഷ പരിഗണനയിലാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഓരോരോ സീസണില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങളും പച്ചക്കറികളും മറ്റു കാര്‍ഷികോല്പന്നങ്ങളും നഷ്ടപ്പെട്ടുപോകാതെ സംസ്‌കരിച്ച് ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുകിട സൂക്ഷ്മ വ്യവസായ സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണം, കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കാനുള്ള സംവിധാനം ഒരുക്കല്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം, ബ്രാന്‍ഡിംഗ്, വിപണനം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഭാരതത്തില്‍ ഉടനീളം 2021 പഴം പച്ചക്കറി സംസ്‌കരണശാലകള്‍ പുതിയതായി ആരംഭിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 131 പൊതു അടിസ്ഥാന സൗകര്യകേന്ദ്രങ്ങളും പുതിയതായി ആരംഭിച്ചു. കേരളത്തില്‍ ചക്ക, മാങ്ങ, പൈനാപ്പിള്‍ തുടങ്ങി ഓരോ വര്‍ഷവും പ്രത്യേക കാലഘട്ടത്തില്‍ മാത്രം ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ തന്നെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തല്‍. ഇതിനുവേണ്ടി ഇച്ഛാശക്തിയോടെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പദ്ധതിയെ പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Reference
1. https://share.google/I20XJHhFsjxfQA34L
2. News On AIR https://share.google/cokY7K4lmVBLYbYLr
3. https://share.google/p8eqTspMSW2nyoyGT
4. https://share.google/T4SMlii8Z2GbXPlIU
5. Manorama Yearbook https://share.google/muTKjw6QuB7kb2ltM
6. PIB https://share.google/ief7eV6A0sufGWVrk
7. myScheme https://share.google/aoNHsRRb1pjUb2MTx

  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *