ലോകം കീഴടക്കാന്‍ ഭാരതത്തിന്റെ യു പി ഐ സംവിധാനവും
യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് എന്ന ഇംഗ്ലീഷ് പേര് എല്ലാവര്‍ക്കും പരിചിതമാകണമെന്നില്ല. പച്ചക്കറിയും മീനും വില്‍ക്കുന്ന സാധാരണക്കാര്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെയുള്ള പണമിടപാടില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ സംവിധാനം എല്ലാവര്‍ക്കും പരിചിതമാണ്. അക്കങ്ങള്‍ക്ക് ശേഷം ഭാരതം ലോകത്തിന് നല്‍കിയ ഈ മഹത്തായ സംഭാവനയ്ക്ക് 10 വര്‍ഷം പൂര്‍ത്തിയാകുന്നു. ആഗോള സമ്പദ് രംഗത്തെ ഏറ്റവും ആകര്‍ഷകമായ വിപ്ലവകരമായ മാറ്റമായി ഇന്ന് യുപിഐ എന്ന ഡിജിറ്റല്‍ സംവിധാനം മാറിയിരിക്കുന്നു. ഭാരതത്തിലെ സാമ്പത്തിക ഇടപാടുകളുടെ മുഖ്യമാര്‍ഗവും യു പി ഐ ആയിക്കഴിഞ്ഞു.
2016-17 ല്‍ യുപിഐ നടപ്പിലാക്കുമ്പോള്‍ ആദ്യവര്‍ഷം വെറും 1.78 കോടി ഇടപാടുകളാണ് നടന്നത്. മൂല്യമാകട്ടെ വെറും 70 ലക്ഷവും. 2025-26 ലെ മൊത്തം ഇടപാടുകളുടെ എണ്ണം 24162 കോടി ആണ്. 13,000 ഇരട്ടി വളര്‍ച്ച. ഇടപാടുകളുടെ മൂല്യമാകട്ടെ 314 ലക്ഷം കോടിയായി ഉയര്‍ന്നു. 4000 ഇരട്ടി വളര്‍ച്ച. പത്തുവര്‍ഷം മുമ്പ് വെറും 44 ബാങ്കുകള്‍ മാത്രമാണ് യു പി ഐ ഇടപാടുകള്‍ സ്വീകരിച്ചിരുന്നത്. ഇന്ന് 703 ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും എല്ലാം തന്നെ യുപിഐയുടെ പരിധിയില്‍ എത്തിയിരിക്കുന്നു. ആഗോളതലത്തില്‍ തന്നെ യു പി ഐ മാതൃകയായി കഴിഞ്ഞു എന്നാണ് അന്താരാഷ്ട്ര നാണ്യനിധി വിലയിരുത്തുന്നത്. ഒരു ദിവസം 66 കോടി ഇടപാടുകളാണ് ഇന്ന് യുപിഐയിലൂടെ നടക്കുന്നത്. ആഗോളതലത്തില്‍ വിദേശരാജ്യങ്ങള്‍ക്ക് കൂടി യുപിഐ മാതൃകയാണെന്നും എല്ലാ രാജ്യങ്ങളും യുപിഐയിലേക്ക് മാറും എന്നുമാണ് അന്താരാഷ്ട്ര നാണ്യനിധി അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
11 ലോകരാജ്യങ്ങള്‍ യുപിഐ സാമ്പത്തിക ഇടപാടുകള്‍ക്കായി സ്വീകരിച്ചു കഴിഞ്ഞു. യുഎഇ, ഫ്രാന്‍സ്, ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, ഖത്തര്‍, കമ്പോഡിയ, ഗ്രീസ്, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് സാമ്പത്തിക ഇടപാടുകള്‍ക്കായി യുപിഐ സ്വീകരിച്ചിരിക്കുന്നത്. യുപിഐ സാമ്പത്തിക ഇടപാടുകളില്‍ 86 ശതമാനവും 500 രൂപയില്‍ താഴെയുള്ള ഇടപാടുകളാണ്. ഇതില്‍ നിന്ന് തന്നെ വളരെ സാധാരണക്കാരും കുറഞ്ഞ വരുമാനമുള്ള വരും പോലും യുപിഎയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു എന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യുപിഐ ഡിജിറ്റല്‍ പെയ്‌മെന്റ് ഇടപാടുകള്‍ നടക്കുന്നത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നത് വയനാട്ടിലും പത്തനംതിട്ടയിലും ആണ്. യുപിഐ സംവിധാനം നിയന്ത്രിക്കുന്ന റിസര്‍വ് ബാങ്കിന്റെ ഉപസ്ഥാപനമായ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഡിജിറ്റല്‍ ഇടപാടുകളില്‍ കേരളം അതിവേഗം പൂര്‍ണ്ണതയില്‍ എത്തുകയാണെന്ന് വിലയിരുത്തുന്നു. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് കഴിഞ്ഞ ജൂണ്‍ മാസം കേരളത്തില്‍ 454.91 ദശലക്ഷം യുപിഐ ഇടപാടുകളാണ് നടന്നത്. ഇത് ഭാരതത്തില്‍ മൊത്തം നടന്ന ഇടപാടുകളുടെ രണ്ടു ശതമാനമാണ്. ഇടപാടുകളുടെ മൂല്യം 63489. 63 കോടി രൂപയാണ്. ഭാരതത്തില്‍ മൊത്തം നടന്ന ഇടപാടുകളുടെ 2.2 % ആണ് ഈ തുക.
ഡിജിറ്റല്‍ ഇടപാടുകളില്‍ 91.24 ദശലക്ഷം ഇടപാടുകളും ആയി എറണാകുളം ആണ് കേരളത്തില്‍ ഏറ്റവും മുന്നില്‍ 11938.18 കോടി രൂപയുടെ ഇടപാടുകളാണ് എറണാകുളം നടത്തിയത്. കേരളത്തിലെ മൊത്തം ഇടപാടുകളുടെ അഞ്ചില്‍ ഒന്നും നടക്കുന്നത് എറണാകുളം ജില്ലയിലാണ്. 54.74 ദശലക്ഷം ഇടപാടുകളിലൂടെ 7460.96 കോടി രൂപ ചെലവിട്ട് തിരുവനന്തപുരം രണ്ടാം സ്ഥാനത്ത് എത്തി. 46.36 ദശലക്ഷം ഇടപാടുകളും 6101.46 കോടി രൂപയുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും 45.43 ദശലക്ഷം ഇടപാടുകളും 6026.62 കോടി രൂപയുമായി മലപ്പുറം നാലാം സ്ഥാനത്തും എത്തി. 40.26 ദശലക്ഷം ഇടപാടുകളും 5808.91 കോടി രൂപയുമായി തൃശ്ശൂരാണ് അഞ്ചാം സ്ഥാനത്ത്. 11.25 ദശലക്ഷം ഇടപാടുകളും 1671.40 കോടി രൂപയും ആയി പത്തനംതിട്ടയും 10.74 ദശലക്ഷം ഇടപാടുകളും 1523.25 കോടി രൂപയുമായി വയനാടും ആണ് ഏറ്റവും അവസാനം ഉള്ളത്. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ വ്യാപാരികള്‍ക്ക് ഉണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡ് കമ്മീഷന്‍ പോലെയുള്ള യു പി ഐ കമ്മീഷന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഉപയോക്താക്കളെ ബാധിക്കാത്ത രീതിയില്‍ വ്യാപാരികളില്‍ നിന്ന് നിശ്ചിത ശതമാനം ഈടാക്കാന്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 2000 രൂപയ്ക്ക് മുകളിലുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യാപാരി ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. ഒന്നരക്കോടി രൂപയില്‍ കൂടുതല്‍ പ്രതിവര്‍ഷ വരുമാനമുള്ള വ്യാപാരികള്‍ക്കാണ് ഇത് ഏര്‍പ്പെടുത്തുക. മൊത്തം യുപിഐ ഇടപാടുകളുടെ നാല് ശതമാനം മാത്രം വരുന്ന ഇത് 67 ശതമാനം തുകയും ഉള്‍പ്പെടും എന്നതാണ് പ്രത്യേകത. സാധനം വാങ്ങുന്ന ഉപഭോക്താക്കളെ ഒരു രീതിയിലും ബാധിക്കാത്തതാണ് ഈ കിഴിവ്. ഇതിലൂടെ 5000 കോടിക്കും 10000 കോടിക്കും ഇടയില്‍ വരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മൊത്തം സാമ്പത്തിക ഇടപാടുകളില്‍ 46.26 ശതമാനവും ഫോണ്‍ പേ വഴിയാണ് പോകുന്നത്. ഗൂഗിള്‍ പേ വഴി 32.75 ശതമാനവും. പേ റ്റിഎം വഴി 7.91 ശതമാനവും ആണ് ഇടപാടുകള്‍. വ്യാപാരി ഇളവ് ഏര്‍പ്പെടുത്തിയാല്‍ പേ റ്റിഎമ്മിന് ഇപ്പോഴത്തെ വരുമാനം കൂടാതെ 300 നും 750 കോടിക്കും ഇടയില്‍ അധികവരുമാനം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. മുന്‍ ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരവും ഭാരതത്തെ പോലുള്ള രാജ്യത്ത് യു പി ഐ സമ്പ്രദായം പ്രായോഗികമാകുമോ എന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. ജി 20 ഉച്ചകോടിയിലും അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും പങ്കെടുക്കാന്‍ എത്തിയ വിദേശരാജ്യങ്ങളിലെ ധനമന്ത്രിമാരും മറ്റും ഭാരതത്തിലെ വിവിധ നഗരങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും തെരുവുകളിലെ പച്ചക്കറി പഴം മത്സ്യ വ്യാപാരികളും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നത് അത്ഭുതത്തോടെയാണ് കണ്ടത്. ഭാരതത്തിന്റെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം വിദേശരാജ്യങ്ങളില്‍ കൂടി വ്യാപിക്കുകയാണ്. നരേന്ദ്രമോദിയുടെയും സര്‍ക്കാരിന്റെയും മറ്റൊരു വിജയഗാഥ ആയിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
Reference:
1. https://www.pib.gov.in/PressReleasePage.aspx?PRID=2302817®=48&lang=2
2. https://www.mathrubhumi.com/technology/news/upi-completes-10-years-india-digital-payment-revolution-yyo8d0vm
3. https://www.thehindu.com/business/Economy/upi-completes-10-years-clocks-nearly-13000-fold-rise-in-transaction-volume/article71384088.ece
4. https://newsonair.gov.in/upi-completes-10-years-of-digital-payments-revolution-clocks-nearly-13000-fold-rise-in-transaction-volume/
- ജികെ സുരേഷ് ബാബു
