KeralaNewsNews from StatesPoliticsPopular NewsRecent NewsTrending News

പശ്ചിമഘട്ട സംരക്ഷണം വീണ്ടും രാഷ്ട്രീയ വിവാദത്തിലേക്ക്

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ ശുപാര്‍ശക്കെതിരെ കേരളവും കര്‍ണ്ണാടകവും രംഗത്ത്. ശുപാര്‍ശ പിന്‍വലിക്കണമെന്ന ആവശ്യത്തിന് തിരിച്ചടി. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ സമിതിയുടെ ശുപാര്‍ശയില്‍ വിട്ടുവീഴ്ച വേണ്ടെന്ന് നിലപാട് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. കേരളത്തിലെ ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പരിസ്ഥിതിലോല പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം വിദഗ്ധസമിതി തള്ളി. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ വീണ്ടും പുറപ്പെടുവിച്ചു. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഇത് ബാധകമാകും.

2024 ല്‍ കേന്ദ്രം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 12 ജില്ലകളിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത്. ഈ പരിധി 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 34 ശതമാനമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കുന്നത്. കര്‍ണാടകത്തില്‍ ഇത് മൊത്തം ഭൂമിയുടെ 11 % ആണ്. ചാമരാജ നഗര്‍, കുടക്, മൈസൂരു, ഹാസന്‍, ശിവമൊഗ്ഗ, ചിക്കമംഗലൂരു, ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബളഗാവി എന്നിങ്ങനെ 10 ജില്ലകളിലെ 1449 കര്‍ണാടക ഗ്രാമങ്ങളിലെ ജനങ്ങളെയാണ് ഇത് ബാധിക്കുക. 2026 ജൂലൈ 27 ന് വീണ്ടും പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ പരാതി നല്‍കാന്‍ സെപ്റ്റംബര്‍ 25 വരെ കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു.

ജനവാസകേന്ദ്രങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ എന്നിവയെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് വനമേഖലയെ മാത്രം പരിസ്ഥിതി ദുര്‍ബല പ്രദേശമായി ഉള്‍പ്പെടുത്താനായിരുന്നു കേരളത്തിന്റെ ആവശ്യം. കയ്യേറ്റക്കാരുടെയും കുടിയേറ്റക്കാരുടെയും കൈവശമുള്ള ഭൂമി അവരവര്‍ക്ക് തന്നെ താമസിക്കാനും കൃഷിചെയ്യാനും പറ്റുന്ന രീതിയില്‍ നിലനിര്‍ത്താനുള്ള രാഷ്ട്രീയ നീക്കമായിരുന്നു ഇതിന് പിന്നില്‍. ക്രൈസ്തവസഭകളും മതമേലദ്ധ്യക്ഷന്മാരും ഈ ആവശ്യം ഉന്നയിച്ച് പരസ്യമായി രംഗത്ത് വരികയും സമരം നടത്തുകയും ചെയ്തിരുന്നു. കര്‍ഷകരുടെയും സഭകളുടെയും ഈ ആവശ്യത്തിന് വഴങ്ങിയാണ് പരിസ്ഥിതിലോല-ദുര്‍ബല പ്രദേശങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. വീണ്ടും ഇതേ ആവശ്യം കേരളവും കര്‍ണ്ണാടകവും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ 2019 ല്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും 2024 ല്‍ വയനാട്ടിലും ഉണ്ടായ മണ്ണിടിച്ചിലിലും ദുരന്തത്തിലും നിരവധിപേര്‍ മരണമടഞ്ഞിരുന്നു. പശ്ചിമഘട്ടത്തിലെ മനുഷ്യ ഇടപെടലുകളാണ് ദുരന്തത്തിന് പിന്നില്‍ എന്ന പരിസ്ഥിതി വിദഗ്ധരുടെയും ശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായത്തിന് പ്രാമുഖ്യം കിട്ടുകയും ചെയ്തിരുന്നു. ആദ്യപഠനം നടത്തിയ മാധവ് ഗാഡ്ഗില്‍ ഇക്കാര്യം അന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ‘ഞാന്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇപ്പോഴത്തെ തലമുറയുടെ കാലത്ത് തന്നെ പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ഇടപെടലുകള്‍ക്കും ദുരുപയോഗത്തിനും മറുപടി പറയേണ്ടിവരും. അത് നിങ്ങള്‍ കാണേണ്ടിവരും’ എന്നായിരുന്നു ഗാഡ്ഗിലിന്റെ വാക്കുകള്‍. ഇവയെല്ലാം കണക്കിലെടുത്താണ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഒഴിവാക്കാനാവില്ല എന്ന കര്‍ശന നിലപാട് സഞ്ജയ് കൗള്‍ അധ്യക്ഷനായ കേന്ദ്ര വിദഗ്ധ സമിതി സ്വീകരിക്കാന്‍ കാരണം.

2018 ലെയും 19 ലെയും പ്രളയത്തിനുശേഷം കേരളം കൂടുതല്‍ വിനാശകരമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്ന് മാധവ് ഗാഡ്ഗിലും കസ്തൂരിരംഗനും കേരളത്തില്‍ നിന്നുള്ള പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വി എസ് വിജയനും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, മലപ്പുറത്തെ കവളപ്പാറ എന്നിവിടങ്ങളില്‍ അഞ്ഞൂറോളം പേര്‍ മരിച്ചു. നിരവധി വീടുകള്‍ ഇല്ലാതാവുകയും കൃഷി നശിക്കുകയും മല അപ്പാടെ ഒലിച്ചുപോയി. പ്രളയത്തില്‍ രണ്ടരലക്ഷം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തി. ആയിരക്കണക്കിന് പാര്‍പ്പിടങ്ങളാണ് നഷ്ടമായത്. ലോകബാങ്ക് സഹായത്തോടെ 3600 കോടിയുടെ കേരള പുനര്‍നിര്‍മ്മാണം നടപ്പാക്കിയെങ്കിലും ഒരു ഓഫീസ് തുറന്നതല്ലാതെ മറ്റൊന്നും നടന്നതായി ഇതുവരെയും അറിവില്ല. പശ്ചിമഘട്ടത്തിലെ ഖനനം പൂര്‍ണമായും നിരോധിക്കണമെന്നും മനുഷ്യന്റെ ഇടപെടലുകള്‍ കുറയ്ക്കണമെന്നും സ്വാഭാവികവനം നിലനിര്‍ത്തണമെന്നും ആനത്താരകള്‍ തനത് രീതിയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും ജൈവ ആവാസവ്യവസ്ഥയില്‍ മനുഷ്യ ഇടപെടല്‍ ഉണ്ടാവരുതെന്നും ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഗാഡ്ഗില്ലിന്റെ ശുപാര്‍ശയ്‌ക്കെതിരെ ദക്ഷിണഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത് കേരളത്തിലായിരുന്നു. വനമേഖലയില്‍ കടന്നുകയറിയ ക്രൈസ്തവസഭകള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പി.ടി. തോമസിനെതിരെ സഭകള്‍ അതിനിശിതമായ പരാമര്‍ശങ്ങളാണ് നടത്തിയത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ പി.ടി. തോമസിന്റെ ശവമഞ്ചവുമായി സഭയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

കേരളത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലും പശ്ചിമഘട്ടമേഖലകളിലെ മനുഷ്യ ഇടപെടലുകളെ കുറിച്ചും പ്രവാചകസമാനമായ വെളിപ്പെടുത്തലുകളാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നടത്തിയത്. 2010 മാര്‍ച്ച് മുതല്‍ 2011 ആഗസ്റ്റ് വരെ ആണ് മാധവ് ഗാഡ്ഗിലും സംഘവും പശ്ചിമഘട്ട മേഖലകളില്‍ പഠനം നടത്തിയത്. പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിയുടെ അവസ്ഥ, ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തുക, സംരക്ഷിക്കാനും പുനരു ജ്ജീവിപ്പിക്കാനുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നിവയായിരുന്നു സമിതിയുടെ പഠനവിഷയങ്ങള്‍. 1,29,037 ചതുരശ്ര കിലോമീറ്റര്‍ ആണ് പശ്ചിമഘട്ട മേഖലയുടെ വിസ്തീര്‍ണ്ണം. അറബിക്കടലിനു സമാന്തരമായി കന്യാകുമാരി മുതല്‍ മഹാരാഷ്ട്രയിലെ താപി നദി വരെ 1500 കിലോമീറ്റര്‍ ഇടതടവില്ലാത്ത വനപ്രദേശമാണ് പശ്ചിമഘട്ടം. നീലഗിരി, ആനമല, ഏലമല, അഗസ്ത്യമല എന്നിവ ഇതിന്റെ ഭാഗമാണ്. സമുദ്രനിരപ്പിന് 500 മീറ്റര്‍ ഉയരമുള്ള മലകളെയാണ് പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായുള്ള ബലിഗിരിരംഗന്‍ മലകളും ഇതില്‍ ഉള്‍പ്പെടുന്നു. 2695 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരമുള്ള ആനമുടിയാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന മലനിര.

നിത്യഹരിത ഉഷ്ണമേഖലാവനങ്ങള്‍, ചോലമരക്കാടുകള്‍, പുല്‍മേടുകള്‍, ചെങ്കല്‍ പീഠഭൂമികള്‍, കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നദികള്‍, തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നീളുന്ന ആനത്താര എന്നിവ പശ്ചിമഘട്ടമേഖലയുടെ പ്രത്യേകതകളാണ്. ഏതാണ്ട് 4000 ഇനം പൂച്ചെടികള്‍, 645 നിത്യഹരിത വൃക്ഷ ഇനങ്ങള്‍, 850 നും 1000 നും ഇടയിലുള്ള ചെറുസസ്യങ്ങള്‍, വിരളമായവ ഉള്‍പ്പെടെ 682 ഇനം പായലുകള്‍, 350 ഇനം ഉറുമ്പുകള്‍, 33 ഇനം ചിത്രശലഭങ്ങള്‍, 174 ഇനം തുമ്പികള്‍, 269 ഇനം ഒച്ചുകള്‍, 258 ഇനം മീനുകള്‍, 22 ഇനം ഉഭയജീവികള്‍, 225 ഇനം ഇഴജന്തുക്കള്‍, 500 ഇനം പക്ഷികള്‍, 120 ഇനം സസ്തനികള്‍ എന്നിവ ഉള്‍പ്പെടെ ജൈവവൈവിധ്യ കലവറയാണ് പശ്ചിമഘട്ടം. മലമുഴക്കി വേഴാമ്പല്‍ അടക്കമുള്ള വളരെ വിരളമായ വംശനാശം വരുന്നപക്ഷികളും ഇവിടെയുണ്ട്. ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഇല്ലാതെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനായിരുന്നു ഗാഡ്ഗിലിന്റെ ശുപാര്‍ശ. നിര്‍മ്മാണപ്രവര്‍ത്തനം, ഖനനം, കൃഷി, തോട്ടം എന്നിവ ഇല്ലാതാക്കാനും ശുപാര്‍ശ ചെയ്തു. ഇപ്പോള്‍ തന്നെ 40 % നാശം പശ്ചിമഘട്ടമേഖലയില്‍ ഉണ്ടായതായും വന്‍ ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിപ്പോര്‍ട്ടിനെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചപ്പോഴാണ് ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനും പ്രമുഖ ശാസ്ത്രജ്ഞനുമായ കസ്തൂരിരംഗനെ വീണ്ടും 2013 ല്‍ പഠനത്തിന് നിയോഗിച്ചത്. 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണെന്നും അത് പൂര്‍ണ്ണമായും കുടിയേറ്റ വിമുക്തമാക്കണം എന്നും കസ്തൂരിരംഗന്‍ ശുപാര്‍ശ ചെയ്തു. മണ്ണിടിച്ചില്‍, ഭൂകമ്പസാധ്യത എന്നിവ മുന്‍കൂട്ടി കണ്ട അദ്ദേഹം ഖനനവും പാറപൊട്ടിക്കലും പശ്ചിമഘട്ടമേഖലയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മാധവ് ഗാഡ്ഗില്‍ പ്രധാനമായും പരിസ്ഥിതി സംരക്ഷണത്തിനും പശ്ചിമഘട്ടമേഖലയുടെ പൂര്‍ണ്ണമായ, യാതൊരു മനുഷ്യ ഇടപെടലും ഇല്ലാത്ത പരിപാലനത്തിനുമാണ് നിലകൊണ്ടത്. കസ്തൂരിരംഗനാകട്ടെ കുറച്ചുകൂടി സന്തുലിതമായി ജനവാസവും കൃഷിയും വികസനോന്മുഖവുമായ കാര്യങ്ങള്‍ക്കും പരിസ്ഥിതി അനുസൃതമായ വികസനത്തിനുമാണ് മുന്‍തൂക്കം നല്‍കിയത്. മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിച്ച് 64 % മുതല്‍ 70 % വരെയുള്ള പ്രദേശങ്ങള്‍ (ഏതാണ്ട് 1,37,000 ചതുരശ്ര കിലോമീറ്റര്‍) പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കസ്തൂരിരംഗന്‍ പശ്ചിമഘട്ടത്തിന്റെ 37 ശതമാനം വരുന്ന ഏതാണ്ട് 60,000 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ആണെന്നും പൂര്‍ണമായും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. മാധവ് ഗാഡ്ഗില്‍ പ്രാദേശികതലത്തില്‍ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും സഹായത്തോടെ മുഴുവന്‍ പ്രദേശങ്ങളും നേരിട്ട് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കസ്തൂരിരംഗന്‍ ഉപഗ്രഹ സര്‍വ്വേകളും റിമോട്ട് സെന്‍സിംഗ് സംവിധാനങ്ങളുമാണ് ഉപയോഗപ്പെടുത്തിയത്.

മാധവ് ഗാഡ്ഗില്‍ പച്ചമഘട്ടമേഖലകളില്‍ ഖനനം, പാറ പൊട്ടിക്കല്‍, ജലവൈദ്യുത പദ്ധതികള്‍, വലിയ അണക്കെട്ടുകള്‍, ഭൂമിയുടെ ഉപയോഗത്തിലുള്ള മാറ്റം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഖനനവും പാറ പൊട്ടിക്കലും മണല്‍വാരലും നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍, ജലവൈദ്യുത പദ്ധതികളും അണക്കെട്ടുകളും നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ചു. റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ ഈ മേഖലയില്‍ സ്ഥാപിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. വ്യാപകമായ കുടിയിറക്ക് വേണ്ടിവരും എന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന പ്രധാന ആക്ഷേപം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കുറച്ചുകൂടി പ്രായോഗികമാണെന്നാണ് പൊതുവേ വിലയിരുത്തല്‍ ഉണ്ടായതെങ്കിലും പരിസ്ഥിതിപ്രവര്‍ത്തകര്‍ ഇതിനെ അംഗീകരിക്കുന്നില്ല. പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിജ്ഞാപനത്തിനെതിരെ കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. രണ്ടാഴ്ചക്കുള്ളില്‍ നടക്കാന്‍ പോകുന്ന കേരള നിയമസഭയിലും ഈ പ്രശ്‌നം പ്രതിഫലിക്കും എന്നത് ഉറപ്പാണ്.

വയനാട് അടക്കമുള്ള ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാതിരിക്കാനാവില്ല. ഇത് മുന്നില്‍ കണ്ടുതന്നെയാണ് കേന്ദ്ര വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതും. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്കോ സ്വാധീനത്തിനോ വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉള്ളതെന്ന് സൂചനയുണ്ട്. ക്രിസ്ത്യന്‍ ഔട്ട്‌റീച്ചിന്റെ പേരില്‍ ഇത്രയും സുപ്രധാനമായ കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് വരും തലമുറയോടുള്ള അപരാധമാകും എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആയിരത്തിലേറെ പേരുടെ ജീവഹാനിക്ക് കേരളം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ആഴ്ചയും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരന്തം ഉണ്ടായി. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം അനിവാര്യമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദൃഷ്ടിയില്‍ ഇതിനെ കാണുന്നതിന് പകരം ഭാവി തലമുറയുടെയും മനുഷ്യരാശിയുടെയും നിലനില്‍പ്പിന്റെ ഭാഗമായി വേണം കാണാന്‍ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യശാസ്ത്രജ്ഞരും പറയുന്നത്.

Reference

1. https://share.google/Ks7XEXHcWj0R7w7WR

2. People’s Archive of Rural India https://share.google/9D7NLi4jsK3FNaMKV

3. Gadgil-report.pdf https://share.google/HeUHj9j6DDhUmLYxS

4. Testbook https://share.google/hFM2zscYLGb8SwwIA

5. NEXT IAS https://share.google/1Jm2zaTPaxFM2CiX3

6. cm.karnataka.gov.in https://share.google/GCBlO59WLQTQt4QfH

7. YouTube https://share.google/kJGihBKufsnjZyr8K

8. The Hindu https://share.google/2QD2bIHpN6oUaWQ7I

9. Deccan Herald https://share.google/XqoPd5o2ToJBQp4UT

10. Frontline Magazine https://share.google/7JpEITJ1hmNmx75eU

11. Scribd https://share.google/zPZnhAmDGDz9ExPlm

-ജി.കെ

Leave a Reply

Your email address will not be published. Required fields are marked *