Art, Culture & ReligionKeralaNews from States

കേരളത്തിലെ ഹിന്ദുസമൂഹത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനം

വിവേകാനന്ദന്‍ ഭ്രാന്താലയം എന്നുവിളിച്ച് ആക്ഷേപിച്ച കേരളത്തില്‍ ഹിന്ദുനവോത്ഥാനത്തിന്റെ പുതിയ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ്. ജാതി, ജാതകം, ആര്‍ഭാടം എന്നിവ ഒഴിവാക്കിയുള്ള ഹിന്ദുവിവാഹങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാന സമിതി തീരുമാനിച്ചു. എറണാകുളം ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത് എന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ സി നരേന്ദ്രനും ജനറല്‍ സെക്രട്ടറി അനില്‍ വിളയിലും പറഞ്ഞു.

സ്വാമി വിവേകാനന്ദന്‍ കേരള സന്ദര്‍ശനവേളയില്‍ ഇവിടത്തെ കൊടിയ ജാതിവിചാരം കണ്ട് കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചാണ് മടങ്ങിയത്. അതിനുശേഷം പരിവര്‍ത്തനത്തിന്റെ പുതുനാമ്പുകള്‍ അനവധി ഉണ്ടായി. 1924 ല്‍ കീഴ്ജാതിക്കാര്‍ക്ക് വൈക്കം ക്ഷേത്രത്തിനടുത്തുള്ള പൊതുവഴി ഉപയോഗിക്കാന്‍ നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ മഹാത്മാഗാന്ധി പോലും എത്തിയിരുന്നു. ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമിയും മഹാത്മാ അയ്യങ്കാളിയും മന്നത്ത് പത്മനാഭനും അടക്കമുള്ളവര്‍ വഴി എല്ലാവര്‍ക്കും തുറന്നുകൊടുക്കാന്‍ അനുകൂലമായിരുന്നു. 1936 ല്‍ കേരളത്തിലെ എല്ലാ ജാതിക്കാര്‍ക്കും ആരാധനയ്ക്കായി ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ക്ഷേത്രപ്രവേശന വിളംബരം വലിയ പരിവര്‍ത്തനമാണ് സൃഷ്ടിച്ചത്. ശ്രീ ചിത്തിരതിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണ് തിരുവിതാംകൂറില്‍ ഈ വിളംബരം പുറപ്പെടുവിച്ചത്. പൂജയ്ക്കും തന്ത്രത്തിനും എല്ലാ ജാതിക്കാര്‍ക്കും അധികാരവും അവകാശവുമുണ്ടെന്ന പാലിയം വിളംബരം ഹിന്ദു ഏകീകരണത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു. അതിനുശേഷമാണ് 1987 ല്‍ ആര്‍എസ്എസ് പ്രചാരകന്മാരായിരുന്ന പി മാധവനും പി പരമേശ്വരനും മുന്‍കൈയെടുത്താണ് പാലിയം വിളംബരം കൊണ്ടുവന്നത്. ക്ഷേത്രങ്ങളില്‍ പൂജയ്ക്കും തന്ത്രത്തിനും ഉള്ള അവകാശം ജന്മനാ ഉള്ളതല്ലെന്നും കര്‍മ്മം കൊണ്ടുള്ളതാണെന്നും എല്ലാ ജാതിക്കാര്‍ക്കും അവകാശമുണ്ടെന്നും കേരളത്തിലെ പ്രമുഖ താന്ത്രിക ആചാര്യന്മാര്‍ ഒന്നിച്ചുചേര്‍ന്ന് പ്രഖ്യാപിച്ച പാലിയം വിളംബരം ഹിന്ദു നവോത്ഥാനത്തിന്റെയും ഐക്യത്തിന്റെയും ഏറ്റവും വലിയ സൂചനയായിരുന്നു. അതിന്റെ പ്രായോഗിക പ്രതീകമെന്ന നിലയില്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച തന്ത്രവിദ്യാപീഠം ജാതിക്കതീതമായി എല്ലാ ഹിന്ദുക്കളെയും പൂജയും തന്ത്രവും പഠിപ്പിക്കുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വിശ്വഹിന്ദു പരിഷത്തിന്റെ പുതിയ തീരുമാനം വരുന്നത്.

ജാതകം, ജാതി, വിവാഹത്തിന്റെ കനത്ത ചെലവ് എന്നിവ കാരണം ഹിന്ദുസമൂഹത്തില്‍ യുവാക്കളായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹം മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഹിന്ദു ജനസംഖ്യയിലും ഇത് കാര്യമായ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് അവര്‍ പറഞ്ഞു. ഇത്തരം പ്രതിസന്ധികള്‍ കാരണം യുവാക്കളുടെ വിവാഹം വളരെ വൈകുന്നുണ്ടെന്നും യോഗം വിലയിരുത്തി. കേരളത്തില്‍ ഏതാണ്ട് 500 ഓളം ജാതികളാണ് ഹിന്ദുസമൂഹത്തില്‍ ഉള്ളത്. ചെറിയ ജാതി, ഉപജാതി വിഭാഗങ്ങളില്‍ സ്വന്തം സമൂഹത്തില്‍നിന്ന് പങ്കാളികളെ കണ്ടെത്താന്‍ പ്രയാസം വരുന്നു. പ്രത്യേകിച്ചും ജാതിയും ജാതകവും ഇതിന് തടസ്സം ആവുകയും ചെയ്യുന്നു. ഇത് പരിഹരിക്കാനാണ് ഹിന്ദുമതത്തിലെ വിവിധ ജാതികള്‍ തമ്മില്‍ പരസ്പരമുള്ള വിവാഹത്തിന് പൊതുസംവിധാനം തയ്യാറാക്കാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചത്. ജാതകം നോക്കാതെ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരവും സഹായവും പരിഷത്ത് ഒരുക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജ്യോതിഷത്തിന് എതിരായ സംഘടനയല്ല. അതുകൊണ്ടു തന്നെ കൂടാതെ ജാതകം നോക്കുന്നവര്‍ക്ക് അത് ചെയ്യുകയുമാവാം. ജനസംഖ്യ വളര്‍ച്ചയെ വന്‍തോതില്‍ ബാധിക്കുന്ന ഒരു പ്രശ്‌നം എന്നനിലയില്‍ പരിഹാരമായാണ് ഈ നീക്കം നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.

ജനസംഖ്യാ പഠനത്തില്‍ കേരളത്തില്‍ ഹൈന്ദവരും ക്രൈസ്തവരും ഏറെ പിന്നാക്കം പോവുകയും മുസ്ലീം സമുദായം വന്‍തോതില്‍ ഉയരുകയുമാണ്. കഴിഞ്ഞ അധ്യയനവര്‍ഷം കേരളത്തില്‍ ഒന്നാംക്ലാസില്‍ പ്രവേശനം ലഭിച്ച കുട്ടികളില്‍ ഭൂരിപക്ഷവും ഇസ്ലാംമതത്തില്‍ നിന്നായിരുന്നു. കേരളത്തില്‍ 2024 ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍ ഉളളവരാണെന്ന് 2024 ലെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പറയുന്നു. 2024 ല്‍ കേരളത്തില്‍ ജനിച്ച 3,44,766 കുട്ടികളില്‍ 39.49 % ഹിന്ദുക്കളും 46.14 % മുസ്ലിങ്ങളും 14.06 % ക്രൈസ്തവരുമാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ജനനങ്ങളെക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ സ്വാഭാവിക വളര്‍ച്ചാനിരിക്ക് നെഗറ്റീവായി മാറിയിരിക്കുകയാണ്. മരണത്തിന്റെ കണക്കെടുത്താല്‍ 59.66 % ഹൈന്ദവരും 20.15 % ക്രൈസ്തവരും 19.92 % മുസ്ലിങ്ങളുമാണ്. മരണങ്ങളേക്കാള്‍ കൂടുതല്‍ ജനനങ്ങള്‍ രേഖപ്പെടുത്തുന്ന മുസ്ലീം ജനസംഖ്യ കാരണമാണ് കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക വളര്‍ച്ചാനിരക്ക് ഇപ്പോഴും പോസിറ്റീവായി തുടരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും ഉയര്‍ന്ന ജനന നിരക്ക് മലപ്പുറം ജില്ലയിലും (15.16), ഏറ്റവും കുറഞ്ഞ നിരക്ക് ആലപ്പുഴ ജില്ലയിലുമാണ് (5.28) രേഖപ്പെടുത്തിയത്.

ഹിന്ദുസമുദായത്തില്‍ ജനനങ്ങള്‍ 2020 ല്‍ 1,85,411 ആയിരുന്നത് 2024 ല്‍ 1,36,163 ആയി കുറഞ്ഞു. മുസ്ലീം സമുദായത്തില്‍ 2020 ല്‍ 1,96,138 ആയിരുന്നെങ്കില്‍ 2024 ല്‍ അത് 1,59,088 ആണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ 2020 ല്‍ 62,265 ആയിരുന്നത് 2024 ല്‍ 48,476 ആണ്. അതേസമയം 2020 ല്‍ മരണങ്ങള്‍ 1,46,424 ആയിരുന്നത് 2024 ല്‍ 1,87,079 ആയി. മുസ്ലീം സമുദായത്തില്‍ 2020 ല്‍ 50,337 പേരാണ് മരിച്ചതെങ്കില്‍ 2024 ല്‍ അത് 62,471 ആയി. ക്രിസ്ത്യന്‍ സമുദായത്തില്‍ 2020 ല്‍ 48,815 പേര്‍ മരിച്ചപ്പോള്‍ 2024 ല്‍ മരണങ്ങള്‍ 63,172 ആയി.

ക്ഷേത്രങ്ങളിലേക്ക് യുവാക്കളെയും മറ്റും കൂടുതല്‍ ആകര്‍ഷിക്കാന്‍ ഷര്‍ട്ട് ധരിച്ച് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കുമെന്നും വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് തൃശ്ശൂരില്‍ നടന്ന സന്യാസി സംഗമത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നതാണ്. ആധുനിക കാലഘട്ടത്തില്‍ മേല്‍വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ കയറുന്നത് ആദ്യപടി എന്നനിലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള 200 ക്ഷേത്രങ്ങളില്‍ നടപ്പിലാക്കും. എറണാകുളം പാവക്കുളം മഹാദേവക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഇത് നടപ്പിലാക്കിയിരുന്നു. മേല്‍ വസ്ത്രം ധരിച്ചുള്ള ദര്‍ശനത്തിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും സ്വകാര്യക്ഷേത്രങ്ങളിലും അനുവാദം നല്‍കാന്‍ മുന്‍കൈയെടുക്കാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു. തന്ത്രിസമാജവുമായി ഇതിനുവേണ്ടി ചര്‍ച്ച നടത്താനും ദേവസ്വംബോര്‍ഡുകള്‍ക്ക് നിവേദനം നല്‍കാനും സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗങ്ങളായ ബജരംഗ് ദള്‍. ദുര്‍ഗ്ഗാവാഹിനി എന്നിവയുടെ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാന വ്യാപകമായി ജിംനേഷ്യങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ബല ഉപാസന കേന്ദ്രങ്ങള്‍ എന്നാണ് ഇത് അറിയപ്പെടുക. ജിംനേഷ്യങ്ങള്‍ ഹിന്ദുസ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിന്റെ താവളമാക്കി മാറ്റുകയും ലൗ ജിഹാദ് കേന്ദ്രമായി ഇത്തരം വ്യായാമശാലകളും ജിമ്മുകളും മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും സൂചനയുണ്ട്. കേരളത്തിലെ ഹിന്ദു ജനസംഖ്യ കുറയുന്നതിലും യോഗം ആശങ്ക രേഖപ്പെടുത്തി. ഹിന്ദു ജനസംഖ്യ കുറഞ്ഞ എല്ലാ സ്ഥലങ്ങളിലും രാഷ്ട്രവിരുദ്ധ തീവ്രവാദ സംഘടനകള്‍ ശക്തമായ സാഹചര്യത്തില്‍ ദേശീയതാല്പര്യം കൂടിയാണ് വിശ്വഹിന്ദു പരിഷത്ത് പരിഗണിക്കുന്നത്.

1. https://www.ecostat.kerala.gov.in/publication-detail/annual-vital-statistics-report-2024.

2. Data For India https://share.google/O7VPqVrXgxSOvX5YL

3. Macro trends https://share.google/nQX1KNmqTMWOCpD7n

4. The Times of India https://share.google/3m5cLhUzXXw90uuYB

5. The New Indian Express https://share.google/99vuUrcPXgGzgnAk9

6. Sanatan Prabhat https://share.google/yDAdHpyzpk0g6H3p4

  -ജി. കെ

Leave a Reply

Your email address will not be published. Required fields are marked *