കേരളം അവരുടെ ഗള്‍ഫ്
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തിലെ സമസ്ത മേഖലകളും ചലിപ്പിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. മലയാളികള്‍ കൂടുതല്‍ വരുമാനം തേടി ഗള്‍ഫിലേക്ക് പോയപ്പോള്‍ കേരളത്തെ ഗള്‍ഫ് ആക്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ ഒഴുകിയെത്തുകയാണ്. കേരളത്തിലെ എല്ലാ തൊഴില്‍മേഖലകളിലും ഇന്ന് അവര്‍ ആധിപത്യം പുലര്‍ത്തുന്നു. നിര്‍മ്മാണമേഖല മുതല്‍ മുടിവെട്ട് വരെ മാത്രമല്ല, കേരളത്തിന്റെ നാടന്‍ ഭക്ഷണശാലകളില്‍ പോലും കേരളീയ ഭക്ഷണമൊരുക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. നെല്‍കൃഷിയും തെങ്ങുകയറ്റവും മുതല്‍ ക്ഷേത്രങ്ങളിലെ പൂജാരികള്‍ വരെയാകാന്‍ അവര്‍ എത്തുമ്പോഴാണ് കേരളത്തിലെ തൊഴില്‍മേഖലകളില്‍ മലയാളികളുടെ സാന്നിധ്യം ഇല്ലാതാകുന്നത് നമ്മുടെ ശ്രദ്ധയില്‍ എത്തുന്നത്.
കേരളത്തിലെ എല്ലാ ജില്ലകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ടെന്നും അവരാണ് തൊഴില്‍മേഖലകളില്‍ ആധിപത്യം പുലര്‍ത്തുന്നത് എന്നും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടും വെവ്വേറെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. രണ്ടു മുതല്‍ നാലിരട്ടി വരെ കൂലി ലഭിക്കുന്നതും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമാണ് ഇവരെ കേരളത്തിലേക്ക് നയിക്കുന്നത്. ബംഗാളിലെ മൂര്‍ഷിദാബാദില്‍ 200 മുതല്‍ 250 രൂപ വരെ ദിവസക്കൂലി ലഭിക്കുന്നവര്‍ക്ക് കേരളത്തില്‍ 800 മുതല്‍ 1000 രൂപ വരെ ശമ്പളം കിട്ടും. കേരളത്തില്‍ നല്കുന്ന കൂലി ദേശീയ ശരാശരിയെക്കാള്‍ കുറഞ്ഞത് രണ്ട് ഇരട്ടിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ 54 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ എട്ടുലക്ഷം പേര് വീതവും കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നാലുലക്ഷം പേര് വീതവും മറ്റ് 10 ജില്ലകളിലായി 30 ലക്ഷം പേരുമാണുള്ളത്.
പശ്ചിമബംഗാള്‍, ആസാം, ഒഡീഷ, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ തൊഴിലാളികളില്‍ ഭൂരിപക്ഷവും എത്തിയിട്ടുള്ളത്. നേരത്തെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ വന്നിരുന്നത് തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായിരുന്നുവെന്ന് സിഡിഎസ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ 32 ജില്ലകളില്‍ 24 ജില്ലകളില്‍ നിന്നും കേരളത്തില്‍ തൊഴിലാളികള്‍ എത്തിയിരുന്നു. വീട്ടുജോലികളും കൃഷിയും ഇസ്തിരിയിടലും ഹോട്ടല്‍ ജോലിയും അടക്കം ഇവര്‍ ചെയ്തിരുന്നു. കര്‍ണാടകത്തിലെ 17 ജില്ലകളില്‍ നിന്നും കേരളത്തില്‍ നേരത്തെ ജോലിക്ക് ആളുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ അതിര്‍ത്തി ജില്ലകളായ പാലക്കാട് കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള തൊഴിലാളികള്‍ കാസര്‍ഗോഡ് വയനാട് ജില്ലകളില്‍ മാത്രമാണ് എത്തുന്നത്. ആലപ്പുഴയിലെ മത്സ്യസംസ്കരണ മേഖലയിലും കര്‍ണാടകത്തില്‍ നിന്നുള്ള തൊഴിലാളികളുണ്ട്. പുതിയ കണക്കനുസരിച്ച് ഒഡീഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ കേരളത്തില്‍ എത്തിയിട്ടുള്ളത്.
ഒഡീഷയിലെ 22 ജില്ലകളില്‍ നിന്നും കേരളത്തില്‍ തൊഴിലാളികള്‍ എത്തുന്നുണ്ട്. ഒഡീഷയില്‍ നിന്ന് പുറത്തേക്ക് പോകുന്ന തൊഴിലാളികളുടെ 31 ശതമാനവും കേരളത്തിലാണ് എത്തുന്നത്. ആന്ധ്രയിലേക്ക് 28 ശതമാനവും ഗുജറാത്തിലേക്ക് 14 ശതമാനവും പോകുമ്പോള്‍ മഹാരാഷ്ട്രയിലേക്ക് മൂന്ന് ശതമാനമാണ് പോകുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ 35 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. ഇവര്‍ ഒരുവര്‍ഷം ശരാശരി 80,000 കോടിക്കും ഒന്നേകാല്‍ ലക്ഷം കോടിക്കും ഇടയിലുള്ള തുകയാണ് കേരളത്തിലേക്ക് അയക്കുന്നത്. അതേസമയം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 25,000 കോടിക്കും 35,000 കോടിക്കും ഇടയിലുള്ള തുക ശമ്പളമായി നല്കുന്നു എന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഓരോ അന്യസംസ്ഥാന തൊഴിലാളിയും 15,000 മുതല്‍ 25,000 രൂപ വരെ കേരളത്തില്‍നിന്ന് സ്വന്തം നാട്ടിലേക്ക് അയക്കുന്നു എന്നാണ് പഠനറിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത് നിര്‍മ്മാണമേഖലയിലാണ്, 40%. തോട്ടം മേഖലയിലും വസ്ത്രനിര്‍മ്മാണ മേഖലയിലും മത്സ്യസംസ്കരണ മേഖലയിലും 11% പേര് വീതം പണിയെടുക്കുന്നു. ഹോട്ടലുകള്‍ അടക്കമുള്ള ആഥിത്യമേഖലയില് 10 ശതമാനം പേരും ഗതാഗതമേഖലയില്‍ നാല് ശതമാനവും സുരക്ഷാമേഖലയില്‍ രണ്ട് ശതമാനവും മറ്റു മേഖലകളിലായി ഒന്‍പത് ശതമാനം പേരുമാണ് ജോലി ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളില്‍ പുരുഷന്മാര് മാത്രമായി വന്നു ജോലി ചെയ്യുന്നത് 40 % ആണ്. ഭാര്യാഭര്‍ത്താക്കന്മാരായും കുടുംബവുമായി വരുന്നതും 20 ശതമാനം വീതമാണ്. കുഞ്ഞുങ്ങള്‍ അടക്കമുള്ള കുടുംബം 15% ആണ്. 60 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ എണ്ണം ഏതാണ്ട് അഞ്ച് ശതമാനവും വരും. പുരുഷന്മാരില് 50 ശതമാനവും സ്ത്രീകളില്‍ 30 % വും നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുമ്പോള്‍ ഹോട്ടലുകള്‍ അടക്കമുള്ള മേഖലകളില്‍ 30 % പുരുഷന്മാരും സ്ത്രീകളില്‍ 30 % വീതം ഫാക്ടറികളിലും ടെസ്റ്റൈലുകളിലും പണിയെടുക്കുന്നു.10 ശതമാനം സ്ത്രീകള്‍ വീട്ടുപണിയാണ് ചെയ്യുന്നത്.
അന്യസംസ്ഥാന തൊഴിലാളികളുടെ സാമ്പത്തികനിലകൂടി പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 60% തൊഴിലാളികളും വാടകയ്ക്കാണ് താമസിക്കുന്നത്. 40% പേര്‍ക്ക് തൊഴിലുടമകള്‍ പാര്‍പ്പിടം ഒരുക്കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും കുറഞ്ഞ നിരക്കില്‍ വാടകയ്ക്കും മറ്റും നല്‍കിയിട്ടുള്ളത് വൃത്തിഹീനമായ താമസ സൗകര്യങ്ങളാണെന്ന ആരോപണമുണ്ട്. തൊഴില്‍വകുപ്പ് ഇടയ്ക്ക് കാര്യക്ഷമമായി പരിശോധന നടത്തിയിരുന്നെങ്കിലും പലപ്പോഴും ഫലപ്രദമാകുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന ക്രിമിനല്‍ കേസുകള്‍ കേരള പോലീസിന് തലവേദനയാണ്. ബീഹാര്‍, ആസാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടാക്കുന്നത്. ഏതാണ്ട് രണ്ടായിരത്തോളം കേസുകളാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പേരിലുള്ളത്. പെരുമ്പാവൂര്‍ മേഖലയിലെ നാല്പതോളം കൊലപാതക കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാണ്. ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ എന്നപേരില്‍ ബംഗ്ലാദേശികളും പാക്ക് ബന്ധമുള്ള തീവ്രവാദികളും കേരളം സുരക്ഷിത താവളമായി മാറ്റുന്നു എന്ന ആരോപണവും ഉണ്ട്. ബംഗ്ലാദേശിലെയും ബംഗാളിലെയും ആസാമിലെയും ഭീകരരെ മലപ്പുറത്തു നിന്നും എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്ത സംഭവവും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലൈംഗിക ചൂഷണത്തിനായി സ്ത്രീകളെ കടത്തിക്കൊണ്ടു വരിക മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ സംബന്ധിച്ച കുറ്റകൃത്യങ്ങളാണ് ഇവരില്‍ കൂടുതല്‍ പേരും ഉള്‍പ്പെടുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും തൊഴില്‍ തേടിയെത്തുന്നു. ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ്, ഇന്‍ഡോനേഷ്യ, കെനിയ, നൈജീരിയ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ തൊഴിലാളികളായി എത്തിയിട്ടുള്ളത്. നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ പതിറ്റാണ്ടുകളായി സെക്യൂരിറ്റി ജോലിക്കായി കേരളത്തിന്റെ പലഭാഗത്തും ഉണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ പെരുകുന്നതും കേരളത്തിന്റെ വരുമാനം മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ചോരുന്നതും കേരളത്തിനെ ബാധിക്കും എന്നാണ് സിഡിഎഫിന്റെ പഠനത്തില്‍ ഡോ. ഡി നാരായണയും ഡോ. സി എസ് വെങ്കിടേശ്വരനും പറയുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്ക് പോയില്ലെങ്കില്‍ ഈ പണം കേരളത്തില്‍ തന്നെ ചെലവഴിക്കപ്പെടുകയോ കേരളത്തിലെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുകയോ ചെയ്യുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കാവുന്ന ഗള്‍ഫില്‍ നിന്നുള്ള മടങ്ങിവരവിനെ നേരിടാനുള്ള തയ്യാറെടുപ്പ് എന്ന നിലയില്‍ കൂടുതല്‍ മലയാളികളെ തൊഴില്‍രംഗത്തേക്ക് കൊണ്ടുവരേണ്ടി വരുമെന്നാണ് സൂചന.
Reference
1. Kerala State Planning Board https://share.google/iMqqq8Gt8e2cyrjRt
2. Kerala Institute of Labour and Employment https://share.google/kbw3EEUyjwQrBm89u
3. Kerala State Planning Board https://share.google/oWU4COthDfjoZvgXG
4. https://share.google/ZkiNBXXdtm6SWcRAU
5. ProQuest https://share.google/nyeUfLr57uHaAptQQ
6. Institute of Development Studies https://share.google/IuW0CPahlv1HIejh4
7. Gulati Institute of Finance and Taxation https://share.google/Tf3FIqlTYTTzChJOF
8. Labour Commissionerate https://share.google/V0hntBb4sq7XapX1R
9. https://share.google/U20OadRYnZWAOEfWm
10. https://share.google/PuU88VWbVULGAvMda
– ജി. കെ
