KeralaNewsNews from StatesPopular NewsRecent NewsTrending News

നേരിട്ടുള്ള വിദേശനിക്ഷേപം കേരളത്തിന് തിരിച്ചടി

നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊതിക്കുമ്പോള്‍ കേരളം ഏറെ പിന്നോട്ട് പോയി. സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നിര്‍ണായകമായ വിദേശനിക്ഷേപത്തിലെ ഇടിവ് ഗുരുതരമായ പ്രതിസന്ധിയായി തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ തലവ•ാരും വ്യവസായ മന്ത്രിമാരും മറ്റും വിദേശനിക്ഷേപം തേടി പലതവണ യാത്ര ചെയ്തിട്ടും കാര്യമായ ഗുണമുണ്ടായില്ല എന്നുതന്നെയാണ് കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പുറത്തുവിട്ട കണക്കനുസരിച്ച് കേരളത്തിലെ നേരിട്ടുള്ള വിദേശനിക്ഷേപം രാജ്യത്തെ മൊത്തം വിദേശനിക്ഷേപത്തിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്. 2025-26 ല്‍ കേരളത്തില്‍ ലഭിച്ചിട്ടുള്ള നേരിട്ടുള്ള വിദേശനിക്ഷേപം 3281 കോടിയാണ്. കഴിഞ്ഞ ആറുവര്‍ഷം ദേശീയ നിക്ഷേപത്തിന്റെ ഒരു ശതമാനത്തില്‍ ഉറച്ചുനിന്നിരുന്ന കേരളം ഈവര്‍ഷം ദശാംശം 64 ശതമാനത്തിലേക്ക് താഴ്ന്നു. ദേശീയതലത്തില്‍ കേരളത്തിന്റെ സ്ഥാനം പതിനൊന്നാമതാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉണ്ടായിരുന്ന 3330.26 കോടി രൂപ പോലും നിലനിര്‍ത്താന്‍ കേരളത്തിനായില്ല.

കര്‍ണാടകത്തിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏതാണ്ട് ഇരട്ടിച്ച് 1,12,869.88 കോടിയായി. തമിഴ്‌നാടിന് 32 % വളര്‍ച്ചയാണ് ഉണ്ടായത്. തമിഴ്‌നാട്ടിന് ലഭിച്ച നിക്ഷേപം 41197.97 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം 1957.05 കോടി രൂപയായിരുന്ന ആന്ധ്രപ്രദേശ് കേരളത്തെ മറികടന്നു. കഴിഞ്ഞവര്‍ഷം അവര്‍ നേടിയത് 5354.4 കോടിയുടെ നേരിട്ടുള്ള വിദേശനിക്ഷേപമാണ്. നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുസ്ഥിരമായ സംവിധാനം ഉണ്ടായ കഴിയൂ എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിന് മറ്റു സംസ്ഥാനങ്ങള്‍ക്ക് ഉള്ളതോ അതിനേക്കാള്‍ ഏറെയോ അനുകൂല ഘടകങ്ങള്‍ ഉണ്ടെന്ന് സിഡിഎസ് ഡയറക്ടര്‍ ഡോ. സി. വീരമണി ചൂണ്ടിക്കാട്ടുന്നു. ഹൈടെക് സ്ഥാപനങ്ങള്‍ ഉറ്റുനോക്കുന്ന എല്ലാ അനുകൂല ഘടകങ്ങളും കേരളത്തിലുണ്ട്. മലിനമല്ലാത്ത പ്രകൃതി, സാങ്കേതിക മികവുള്ള തൊഴിലാളികള്‍, ഉയര്‍ന്ന ജീവിതസാഹചര്യങ്ങള്‍ തുടങ്ങി സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള എല്ലാ സംവിധാനവും ഇവിടെയുണ്ടെങ്കിലും സുവ്യക്തവും നയപരവുമായ ചട്ടക്കൂടും ചടുലമായ ഭരണനിര്‍വഹണ നയസംവിധാനങ്ങളും ഇവിടെയില്ല എന്ന് അദ്ദേഹം പറയുന്നു.

1930 കോടിയായി തെലുങ്കാനയുടെ നിക്ഷേപം കുറച്ചെങ്കിലും ആകെത്തുകയുടെ കാര്യത്തില്‍ കേരളത്തെക്കാള്‍ അവര്‍ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ ആറുവര്‍ഷവും കേരളത്തിന്റെ വിഹിതം ഒരു ശതമാനം പോലും എത്തിയിട്ടുമില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയിലേക്ക് വന്ന ആകെ വിദേശ നിക്ഷേപം 516935.85 കോടി രൂപയുടേതാണ്. ഏറ്റവും കൂടുതല്‍ നിക്ഷേപം വന്നത് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഹാര്‍ഡ്‌വെയര്‍ മേഖലയിലാണ്, 122279 കോടി രൂപ. സേവനമേഖലയില്‍ 87873 കോടി രൂപയും, വിപണന മേഖലയില്‍ 35,234 കോടി രൂപയും നിക്ഷേപം കൈവരിച്ചു. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നേടി മഹാരാഷ്ട്ര ഒന്നാംസ്ഥാനത്ത് തന്നെ തുടരുന്നു. വിഹിതം മുന്‍വര്‍ഷത്തെ 39.16 ശതമാനത്തില്‍ നിന്ന് 31.3 ശതമാനമായി കുറഞ്ഞു. രണ്ടാംസ്ഥാനം നിലനിര്‍ത്തിയ കര്‍ണാടകയുടെ വിഹിതം 13.23 ശതമാനത്തില്‍ നിന്ന് 21.9 ശതമാനമായി കുത്തനെ ഉയര്‍ന്നു.

ഹൈടെക് വ്യവസായങ്ങളും വിദേശ സ്ഥാപനങ്ങളും കേരളത്തെ കൈവിടാനുള്ള കാരണങ്ങളെക്കുറിച്ച് കാര്യമായ പഠനം അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതത് കാലഘട്ടത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് വിദേശയാത്രകള്‍ നടത്തുകയും വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നതും ഒഴിച്ച് ഇതിനുവേണ്ടി സംഘടിതമായ നയമോ സംവിധാനമോ ഇതുവരെ രൂപീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. അമിതമായ രാഷ്ട്രീയവല്‍ക്കരണവും ട്രേഡ് യൂണിയനുകളുടെ പ്രത്യേകിച്ചും ഭരണമുന്നണിയിലെ ഘടകകക്ഷികളുടെ സംഘടനകളുടെ ഇടപെടലുകളും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വീഴ്ചകളും ഒക്കെ വിദേശനിക്ഷേപം കുറയാനുള്ള കാരണമാണ്. ടീ കോമുമായുള്ള കരാര്‍ ഒപ്പിട്ടു വര്‍ഷങ്ങളായെങ്കിലും ഇനിയും ഒന്നും നടന്നിട്ടില്ല എന്നതും ടെക്‌നോപാര്‍ക്കിന്റെയും ഇന്‍ഫോപാര്‍ക്കിന്റെയും അടുത്തഘട്ടം വികസനം സ്തീഭിച്ചു നില്‍ക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ നടപടി ഉണ്ടായാലേ കേരളത്തിന് കടന്നുകയറാന്‍ ആകു.

വിദേശനാണ്യ ശേഖരം ഉയര്‍ത്താന്‍ വേണ്ടിയുള്ള റിസര്‍വ് ബാങ്കിന്റെ പ്രത്യേക പദ്ധതിയായ റീ സര്‍ജന്റ് ഇന്ത്യാ ബോണ്ടിലേക്ക് ഗള്‍ഫ് മലയാളികളുടെ നിക്ഷേപ കുതിപ്പ്. വിദേശനാണ്യ ശേഖരത്തിനു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ ഒരിക്കല്‍ക്കൂടി മലയാളി സാന്നിധ്യം സജീവ ചര്‍ച്ചാവിഷയം ആവുകയാണ്. റിസര്‍വ് ബാങ്ക് പദ്ധതിയില്‍ പ്രത്യേക ആനുകൂല്യങ്ങളും പലിശ നിരക്കും നല്‍കിയാണ് നേരിട്ടുള്ള വിദേശനാണ്യ ശേഖരം നിക്ഷേപവുമായി സ്വീകരിച്ചത്. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് മൂന്നേകാല്‍ ലക്ഷം കോടി രൂപ വിദേശ മലയാളികളുടെ നിക്ഷേപമായി ബാങ്കുകളില്‍ എത്തി. ഏറ്റവും കൂടുതല്‍ നിക്ഷേപം എത്തിയിട്ടുള്ളത് ഫെഡറല്‍ ബാങ്കിലാണ്, 92326 കോടി രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്, 84,967 കോടി രൂപ. സൗത്ത് ഇന്ത്യന്‍ ബാങ്കിന് 36947 കോടി രൂപയും കാനറാ ബാങ്കിന് 2352 കോടി രൂപയും കാത്തലിക് സിറിയന്‍ ബാങ്കിന് 5432 കോടി രൂപയും നിക്ഷേപമായി സമാഹരിക്കാന്‍ കഴിഞ്ഞു. റിസര്‍വ് ബാങ്കിന്റെ പ്രത്യേക പദ്ധതി അനുസരിച്ച് പലിശ നിരക്കിലെ പരിധി ഒഴിവാക്കുകയും വിദേശനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതുമാണ് നിക്ഷേപം ഉയരാന്‍ കാരണമെന്ന് ബാങ്കിംഗ് വിദഗ്ധര്‍ പറയുന്നു. ഈ വിദേശനാണ്യ നിക്ഷേപങ്ങള്‍ക്ക് ആദായനികുതി ഒഴിവാക്കിയിട്ടുള്ളത് ദീര്‍ഘകാലത്തേക്ക് വിദേശനാണ്യ നിക്ഷേപം അതേപടി തുടരാന്‍ കഴിയുന്നതുമാണ് വിദേശ മലയാളികള്‍ വന്‍തോതില്‍ പണമയക്കാന്‍ കാരണമെന്നാണ് ബാങ്കിംഗ് അധികൃതര്‍ പറയുന്നത്.

ഇതിനിടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാന്‍ വേണ്ടി കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിച്ച ഇമ്പാക്ട് കേരള ലിമിറ്റഡ് എന്ന കമ്പനി വെള്ളാനയായി മാറിയെന്ന് ആരോപണം. അഞ്ചുവര്‍ഷംകൊണ്ട് നിര്‍മ്മിച്ചത് വെറും മൂന്നു പദ്ധതികള്‍ മാത്രമാണെന്നും ഏല്‍പ്പിച്ച മറ്റു പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണെന്നുമാണ് പറയുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കി സ്ഥാപനങ്ങളുടെ ആസ്തി ഉയര്‍ത്താനുള്ള ലക്ഷ്യവുമായി ആരംഭിച്ചിട്ടുള്ള കമ്പനിയില്‍ ഇടതു നേതാക്കളുടെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കൂട്ടത്തോടെ നിയമിച്ചതായാണ് ആരോപണം. ഇമ്പാക്ട് കേരളയില്‍ മുപ്പതോളം ജീവനക്കാരെ താല്‍ക്കാലികമായി നിയമിച്ചത് നിയമപ്രകാരം വിജ്ഞാപനം ചെയ്യാതെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ പി എസ് സി വഴി അല്ലാതെയുമാണ്. 25,000 മുതല്‍ 60,000 വരെ ശമ്പളം വാങ്ങുന്ന മുപ്പതോളം ജീവനക്കാരാണ് ഇവിടെയുള്ളത്. താല്‍ക്കാലിക നിയമനങ്ങള്‍ മുഴുവന്‍ നേതാക്കളുടെ ബന്ധുക്കളെ പിന്‍വാതില്‍ വഴി നിയമിക്കുകയായിരുന്നു എന്നാണ് ആരോപണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഏഴ് കോടി രൂപയില്‍ കൂടുതല്‍ ഇവര്‍ക്ക് ശമ്പളത്തില്‍ ചെലവഴിച്ചു കഴിഞ്ഞു.

ആധുനിക അറവുശാലകള്‍, ദ്രവീകൃത വാതകം ഉപയോഗിച്ചുള്ള ശ്മശാനങ്ങള്‍, മാലിന്യസംസ്‌കരണ പ്ലാന്റുകള്‍, പുതിയ മുന്‍സിപ്പാലിറ്റി കെട്ടിടങ്ങള്‍, നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം എന്നിവ വേഗത്തില്‍ സുതാര്യമായി നടത്താനാണ് പ്രത്യേക കമ്പനിയായി ഇമ്പാക്ട് കേരള ലിമിറ്റഡ് രൂപീകരിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയാത്ത വന്‍കിട പദ്ധതികളാണ് ഇതിന്റെ കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടിരുന്നത്. റീ ബില്‍ഡ് കേരള, ശുചിത്വ മിഷന്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. തുടക്കത്തില്‍ 170 കോടി രൂപയുടെ പദ്ധതികള്‍ ഏല്‍പ്പിച്ചതില്‍ കണ്ണൂര്‍ ഏഴോം പഞ്ചായത്തിന്റെ ശ്മശാനം, രാമനാട്ടുകര നഗരസഭാ ഓഫീസ്, ചേര്‍ത്തല മലിനജല സംസ്‌കരണ പദ്ധതി എന്നിവ മാത്രമാണ് പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ കെട്ടിടം 31 കോടി രൂപയുടെ പദ്ധതിയാണ്. ഈ വര്‍ഷം പൂര്‍ത്തിയാക്കേണ്ടിയിരുന്ന ഈ പദ്ധതിയുടെ നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 500 കോടിയോളം രൂപയുടെ പദ്ധതി ഇമ്പാക്ട് കേരളയെ ഏല്‍പ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കിഫ്ബിയുടെ ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ ഇടനിലക്കാരന്‍ എന്നനിലയില്‍ മാത്രമാണ് ഇമ്പാക്ട് കേരള രൂപീകരിച്ചത് എന്ന ആരോപണവും നിലവിലുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ കിഫ്ബി പദ്ധതികള്‍ പുനരവലോകനം ചെയ്യുകയാണെങ്കില്‍ ഇമ്പാക്ട് കേരള ഇല്ലാതാകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Reference
1. The New Indian Express https://share.google/Ky1bb2gTcDfTrjsTR
2. Kerala Kaumudi https://share.google/1hAWIJrwJTonUJr36
3. https://share.google/0U2tK6lCk8PRTPIDD
4. Magzter https://share.google/MvajM7IBrvAYqBzwh
5. YouTube https://share.google/CCH5lfdHckKo0Eqwe

  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *