സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും പുന:സംഘടിപ്പിച്ചു; എം വി ഗോവിന്ദന് താക്കീത്, പിണറായിക്ക് വിമര്‍ശനം
ജി കെ സുരേഷ് ബാബു
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതിപക്ഷ നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും എതിരെ അതിശക്തമായ വിമര്‍ശനം ഉയര്‍ത്തി വിസ്തൃത സംസ്ഥാന സമ്മേളനം സമാപിച്ചു. എം വി ഗോവിന്ദനെ പ്രവര്‍ത്തന വൈകല്യത്തിന് സമ്മേളനം താക്കീത് ചെയ്തു. പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടിയുടെ ഭാഗമായി നേതൃമാറ്റം ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നെങ്കിലും സംസ്ഥാന സമിതിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും വലിയ അഴിച്ചുപണിയാണ് ഉണ്ടായത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന് അമിത താല്പര്യമെടുത്ത് വെട്ടിനിരത്തിയ പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. കൂടാതെ എം ബി രാജേഷ്, വി ശിവന്‍കുട്ടി എന്നിവര്‍ സ്ഥിരം അംഗങ്ങളായും കാലാവധി കഴിയുന്ന രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ക്ഷണിതാവായും സെക്രട്ടേറിയറ്റിലെത്തി. കേന്ദ്രകമ്മറ്റി അംഗങ്ങളായ തോമസ് ഐസക്കിനെയും ടി പി രാമകൃഷ്ണനെയും സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാമെന്നാണ് വിശദീകരണം. പക്ഷേ, തോമസ് ഐസക്ക് അടുത്തിടെ പിണറായി വിജയനെതിരെ ഉയര്‍ത്തിയ നിശിതമായ വിമര്‍ശനങ്ങളും ശക്തമായ നിലപാടും ഐസക്കിനെ ഒഴിവാക്കുന്നതിന് കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാന സമിതിയിലും മാറ്റങ്ങളുണ്ട്. എം ലിജിന്‍, എന്‍ സുകന്യ, ജെയ്ക്ക് ബി തോമസ്, സൂസന് കോടി, ആദര്‍ശ് എം സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, ഒ എസ് അംബിക, സുബൈദ ഇസ്ഹാക്ക്, പ്രഭാവര്‍മ്മ എന്നിവര്‍ പുതിയതായി സംസ്ഥാന സമിതിയിലെത്തി.
തിരുത്തല്‍ നടപടിയുടെ ഭാഗമായി ചേര്‍ന്ന വിസ്തൃത സംസ്ഥാന സമിതി യോഗത്തില്‍ നേതൃമാറ്റം ഉണ്ടാവില്ല എന്നാണ് പറഞ്ഞിരുന്നതെങ്കിലും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വികാരം ഉള്‍ക്കൊണ്ടാണ് അഴിച്ചുപണി നടത്തിയത്. പിണറായി വിജയന്റെ അപ്രമാദിത്വം പൂര്‍ണ്ണമായും ഇല്ലാതാകുന്ന തരത്തില്‍ അതിശക്തമായ വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. രാഷ്ട്രീയമായും സംഘടനാപരമായും ഉണ്ടായ തെറ്റുകളും പിഴവുകളും അക്കമിട്ട് നിരത്തിയ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ അഴിച്ചുപണി ആവശ്യപ്പെട്ടുള്ള ധ്രുവീകരണം ഉണ്ടായെന്നാണ് വിവരം. പ്രധാനമായും മൂന്ന് നേതാക്കള്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാജേഷ് എന്നിവരാണ്, ഇവരുടെ വീഴ്ചകളാണ് കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രധാനമായും പ്രതിഫലിച്ചത്. പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം എതിരാളികള്‍ക്ക് മികച്ച അവസരമായി. മുന്നണിയിലും മന്ത്രിസഭയിലും കാര്യമായ ചര്‍ച്ചയും ആശയവിനിമയവും നടന്നില്ല. മതിയായ ചര്‍ച്ച നടത്താതെയും ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെയും പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടു. ഇതിനെതിരെ സിപിഐ നിലപാട് എടുക്കുകയും അത് കേന്ദ്ര കമ്മിറ്റിയില്‍ വരെ എത്തിക്കുകയും ചെയ്തു. നേരത്തെ സിപിഎം അധികാരത്തില്‍ എത്തിയിരുന്ന കാലത്തെപ്പോലെ ഭരണത്തില്‍ പാര്‍ട്ടിയുടെ നിയന്ത്രണമോ ഇടപെടലോ ഏകോപനമോ ഉണ്ടായില്ല. ബിജെപി-സിപിഎം ഡീല്‍ എന്ന ആരോപണം യുഡിഎഫ് ഉയര്‍ത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാനും എതിരെ പ്രതികരിക്കാനും കഴിഞ്ഞില്ല. ഇത് മുന്നണിയുടെ വിജയസാധ്യതയെ ബാധിച്ചു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനോട് ശക്തമായി പ്രതികരിക്കാതെ വര്‍ഗീയ വിരുദ്ധ പോരാട്ടത്തില്‍ വിട്ടുവീഴ്ച എന്ന പ്രതീതി സൃഷ്ടിച്ചു.ആഗോള അയ്യപ്പ സംഗമം നടത്തിയതും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും പാര്‍ട്ടിയുടെയും മുന്നണിയുടെയും മതേതര പ്രതിച്ഛായയെ ബാധിച്ചു. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ട് പോലും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ അച്ചടക്കനടപടി എടുത്തില്ല. കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രത്യേകിച്ചും എം വി ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയത് സംസ്ഥാനം മുഴുവന്‍ തെറ്റായ സന്ദേശം നല്കി. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായി.
കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രശ്നം വന്നപ്പോള്‍ പിണറായി വിജയനെ തീരുമാനിക്കാന്‍ വോട്ടെടുപ്പ് വേണ്ടിവന്നതും തെരഞ്ഞെടുപ്പ് അവലോകനം ചര്‍ച്ച ചെയ്തപ്പോള്‍ സംസ്ഥാന നേതൃത്വം പൂര്‍ണമായും ഒറ്റപ്പെട്ടതും ഒക്കെ തന്നെ കേന്ദ്ര നേതൃത്വം കേരളത്തിനൊപ്പം ഇല്ല എന്ന സൂചന തന്നെ നല്‍കിയിരുന്നു. വിസ്തൃത സംസ്ഥാന സമിതി യോഗത്തിന് നേതൃമാറ്റം തീരുമാനിക്കാന്‍ അധികാരമില്ല എന്നതാണ് പിണറായി വിജയനും എം വി ഗോവിന്ദനും ഉള്‍പ്പെട്ട ഔദ്യോഗികപക്ഷം ഉയര്‍ത്തിയ വാദം. എന്നാല്‍ സവിശേഷമായ സാഹചര്യത്തിലുള്ള സംഘടനാ സമ്മേളനം ആയതിനാല്‍ തെറ്റ് തിരുത്തലിന് എന്തൊക്കെ വേണ്ടിവരും എന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കാം അതനുസരിച്ച് തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന സമിതിക്കാണ് അധികാരം. ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് യോഗം എന്നതിനാല്‍ കേന്ദ്രനേതൃത്വത്തിന്റെയും അംഗീകാരം തീരുമാനങ്ങള്ക്കുണ്ടായിരുന്നു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒന്‍പത് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ വിസ്തൃത സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുത്തു. പിണറായി വിജയന് പ്രതിപക്ഷ നേതാവാകുന്നതിനെ എതിര്‍ത്തവരായിരുന്നു ഇവര്‍. സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യത്തിനനുസരിച്ച് ഏകപക്ഷീയമാകുന്നത് തടയാനാണ് ഇത്രയും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്തത് എന്നാണ് സൂചന. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള തെറ്റ് തിരുത്തല്‍ നടപടികള്‍ കടലാസ് രേഖയില്‍ ആകരുത് എന്ന് നിര്‍ബന്ധം ഉണ്ടെന്ന് കേന്ദ്ര നേതൃത്വം സൂചിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വര്‍ഗ്ഗ ബഹുജന സംഘടന ഭാരവാഹികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
മധുരയില്നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി തെറ്റു തിരുത്തല്‍ പ്രക്രിയയിലേക്ക് കടക്കുകയാണ്. പാര്‍ലമെന്ററി വ്യതിയാനം, ബഹുജന സമ്പര്‍ക്കം ഇല്ലായ്മ, കൂട്ടായ നേതൃത്വം ഇല്ലായ്മ എന്നിവയാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി എന്നും ഇത് തിരുത്തുകയാണ് ലക്ഷ്യം എന്നും ഇതേക്കുറിച്ച് വിശദീകരിക്കവേ ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്തമാക്കിയിരുന്നു. വിസ്തൃത സമ്മേളനത്തിന്റെ കരട് രേഖയില്‍ സിപിഎമ്മിന്റെ മതനിരപേക്ഷ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ശരിയായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചും തെറ്റുകള്‍ തിരുത്തിയും മുന്നോട്ടുപോകണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. ജാതിമത അടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയത്തിന്റെ സ്വാധീനം വര്‍ധിക്കുന്നത് പാര്‍ട്ടിയുടെ വോട്ടുബാങ്കിനെ തകര്‍ക്കുന്നതായി സംഘടനാരേഖ വിലയിരുത്തുന്നുണ്ട്. തുടര്‍ഭരണം ഉണ്ടായ ബംഗാളിലേതിന് തുല്യമായി ഭരണത്തുടര്‍ച്ചയുടെ കാലഘട്ടത്തില്‍ കേരളത്തിലും പാര്‍ട്ടിയും വര്‍ഗ്ഗ ബഹുജന സംഘടനകളും ദുര്‍ബലപ്പെടുന്ന സ്വയംവിമര്‍ശനവും കരടുരേഖ ഉയര്‍ത്തിയിട്ടുണ്ട്. ഇടതുപക്ഷത്ത് വലതുപക്ഷവല്‍ക്കരണം നടക്കുന്നതായുള്ള പ്രചാരണം വ്യാപകമായി ഉയര്‍ന്നു. ഇതിനെതിരെ പ്രചാരണമോ പ്രക്ഷോഭമോ നടത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. കേരളത്തിലെ മാറിയ തൊഴില്‍മേഖലകളില്‍ സ്വാധീനം ശക്തിപ്പെടുത്തണമെന്ന് രേഖ ആവശ്യപ്പെട്ടിരുന്നു. സാമൂഹി ഘടനയിലെ പാവപ്പെട്ട തൊഴിലാളികളാണ് പാര്‍ട്ടിയുടെ അടിത്തറ. ഒരുകാലത്ത് കര്‍ഷക തൊഴിലാളികള്‍ ആയിരുന്നു. ഇപ്പോള്‍ കര്‍ഷക തൊഴിലാളികളുടെ എണ്ണം 10 % കുറഞ്ഞു. ചെറുകിട വ്യവസായ സ്ഥാപനങ്ങളിലും കൂടുതല്‍ തൊഴിലാളികള്‍ വന്നു. ഇവരെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല അതിനുള്ള ശ്രമം ഉണ്ടാകണമെന്നും രേഖ നിര്‍ദ്ദേശിച്ചു. ജെന്‍സികളോട് അവരുടെ രീതിയില്‍ സംവദിക്കാന്‍ കഴിയണമെന്നും രേഖ നിര്‍ദ്ദേശിച്ചു. വനിതാ തൊഴിലാളികളെ ഇപ്പോഴും പരമ്പരാഗത രീതിയിലാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നത് ഇതിലും മാറ്റം വരണം. പാര്‍ട്ടിയുടെ വിദ്യാഭ്യാസരീതി ഉടച്ചുവാര്‍ക്കണം. നേതാക്കള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനശൈലിയില്‍ ഇതിന് അനുസൃതമായ മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വിപുലീകൃത സംസ്ഥാന സമിതി യോഗം കഴിഞ്ഞശേഷം ജില്ലകളില്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് രേഖ ചര്‍ച്ച ചെയ്യും. ഇതിനുശേഷമായിരിക്കും രേഖ അന്തിമമാക്കുക.
ബിജെപിയുടെ വളര്‍ച്ച സിപിഎം വളരെ ഗുരുതരമായ പ്രശ്നമായിട്ട് തന്നെയാണ് വിലയിരുത്തുന്നത്. മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കുകയും ആറ് മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്ത് എത്തുകയും നിരവധി നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായകശക്തി ആവുകയും ചെയ്ത ബിജെപി കേരളത്തില്‍ ഉടനീളം സിപിഎമ്മിന്റെ വോട്ട് ചോര്‍ത്തിയതായി ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഹൈന്ദവ ആരാധനകളോടും വിശ്വാസങ്ങളോടും ക്ഷേത്രങ്ങളോടും പാര്‍ട്ടി പുലര്‍ത്തുന്ന നയം ഹിന്ദു ജനതയെ സംഘടനയില്‍നിന്ന് അകറ്റുകയും അതേസമയം ബിജെപിക്ക് ഗുണം ആവുകയും ചെയ്യുന്നു എന്ന വിലയിരുത്തല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. ശ്രീകൃഷ്ണ ജയന്തി അടക്കമുള്ള എല്ലാ ഹൈന്ദവ ആഘോഷങ്ങളിലും ക്ഷേത്രങ്ങളുടെ ചടങ്ങുകളിലും പങ്കെടുക്കാനുള്ള തീരുമാനം യോഗത്തില്‍ ഉണ്ടായി. സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കവേ സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന് ക്ഷേത്രങ്ങളും ശ്രീകൃഷ്ണനും ഒന്നും ബിജെപിയുടെയും ആര്‍എസ്എസിന്റെയും സ്വകാര്യസ്വത്തല്ല എന്ന വ്യാഖ്യാനം മുന്നോട്ടുവെച്ചത് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായത്തിന്റെ ഭാഗമാണ്. ക്ഷേത്രങ്ങളുടെ ഭരണം പിടിക്കാനും ഹിന്ദു ആചാരങ്ങളില്‍ ഇടപെടാനും നഷ്ടപ്പെട്ട ഹിന്ദു വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനും ഉള്ള അതിശക്തമായ ശ്രമത്തിലേക്കാണ് സിപിഎം സംസ്ഥാന വ്യാപകമായി ശ്രമിക്കാന്‍ പോകുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
ന്യൂനപക്ഷ വോട്ടുകളും ന്യൂനപക്ഷ വോട്ട് ബാങ്കും മാത്രം ശ്രദ്ധിച്ച കാലത്ത് പാര്‍ട്ടിയുടെ ശക്തമായ വോട്ട് ബാങ്ക് ആയിരുന്ന സമുദായങ്ങള്‍ പ്രത്യേകിച്ചും ഈഴവ സമുദായം അകന്നു പോയതായ ആരോപണവും വിസ്തൃത സമ്മേളനത്തില്‍ ഉയര്‍ന്നു. പാര്‍ട്ടിക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത രീതിയില്‍ മന്ത്രിസഭയും മുഖ്യമന്ത്രിയും പോയതും ധാര്‍ഷ്ട്യത്തോടെയും ധിക്കാരത്തോടെയും ഉള്ള പെരുമാറ്റം ഉയര്‍ന്നതും സിപിഎമ്മിനെ പൂര്‍ണമായും ജനങ്ങളില്‍ നിന്ന് അകറ്റി എന്ന വിമര്‍ശനവും വിസ്തൃത സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടായി. പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പോലും മന്ത്രിമാര്‍ സമീപിക്കാന്‍ കഴിയാത്തത്ര അകലം പാലിച്ചതും പുതിയ അധികാരകേന്ദ്രങ്ങള്‍ പലയിടത്തും രൂപം കൊണ്ടതും സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നതും കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് വഴിവച്ചു എന്ന വിലയിരുത്തലും ഉയര്‍ന്നു. ശബരിമല പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടി അനുഭാവികള്‍ ആയ അയ്യപ്പവിശ്വാസികള്‍ക്ക് പോലും ദഹിക്കുന്നത് ആയിരുന്നില്ല എന്ന വിലയിരുത്തലും സമ്മേളനത്തില്‍ ഉണ്ടായി. മുസ്ലിംലീഗിനോടും മുസ്ലിം സമുദായത്തോടും സ്വീകരിച്ച സൗഹാര്‍ദ്ദപരമായ നിലപാട് മതനിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമായി എന്ന വിമര്‍ശനവും ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനോടും വിവാദ ഇസ്ലാമിക പുരോഹിതന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരോടും മുഖ്യമന്ത്രി മുതല്‍ പാര്‍ട്ടി നേതാക്കള്‍ വരെ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ദോഷകരമായി എന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉണ്ടായി. കണ്ണൂര്‍ കൊല്ലം ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ അതിശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടിലെ പല കാര്യങ്ങളിലും തിരുത്തിയും തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അടക്കം നേതൃത്വത്തിന് വീഴ്ച ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രകമ്മിറ്റി പുതിയ റിപ്പോര്‍ട്ട് അംഗീകരിച്ചത്. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തി തിരുത്തണമെന്ന് ആയിരുന്നു റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ നിയന്ത്രണവും ഇടപെടലും കൊണ്ടുവരാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു. പരാജയത്തിന് ജനങ്ങളെ കുറ്റപ്പെടുത്തി ഒഴിവാകാനുള്ള നീക്കത്തില്‍ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും വിയോജിപ്പ് ഉയര്‍ന്നിരുന്നു. വിശദമായ ചര്‍ച്ചയിലൂടെ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചു. ഇത് ഫലത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനും എതിരായ നീക്കമായി മാറി. തിരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ കാരണമായി കേന്ദ്രകമ്മിറ്റി വിലയിരുത്തിയ സംഘടനാപരവും രാഷ്ട്രീയപരവുമായ വീഴ്ചകള്‍ തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നില്ല എന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അസാധാരണമായ സാഹചര്യം നേരിടാന്‍ അസാധാരണ നടപടികള്‍ വേണം. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ ശുഷ്കമാണെന്നാണ് പ്രധാന വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളോ വെല്ലുവിളികളോ ഉള്‍ക്കൊള്ളുകയോ കൃത്യമായ തിരുത്തലോ പരിഹാരമോ നിര്‍ദ്ദേശിക്കുകയോ ചെയ്യാത്ത റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. പൊതുവായ വീഴ്ചകള്‍ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. കനത്ത തോല്‍വിക്ക് കാരണമായ സംഘടനാപരമായ വീഴ്ചകളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സ്ഥാനാര്‍ത്ഥിത്വം വീഴ്ചയുണ്ട് എന്ന് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ഇട്ടതും കരട് റിപ്പോര്‍ട്ടില്‍ കാണാനില്ല. തുറന്ന വിമര്‍ശനവും തെറ്റിദ്ധാരണ ഇല്ലാത്ത പ്രായോഗിക നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി കരട് റിപ്പോര്‍ട്ടിന്റെ ഘടന മൊത്തത്തില്‍ മാറ്റണമെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആവശ്യം. പാര്‍ട്ടി ബ്രാഞ്ചുകള്‍ ശക്തിപ്പെടുത്തണം, ജനബന്ധം വീണ്ടെടുക്കണം തുടങ്ങിയ സാമ്പ്രദായിക സ്വയം വിമര്‍ശനങ്ങള്‍ക്ക് അപ്പുറം വീഴ്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്താനോ തിരുത്താനോ ഉള്ള ഗൗരവമായ യാതൊരു നീക്കവും റിപ്പോര്‍ട്ടില്‍ കാണുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടുള്ള ചര്‍ച്ചകളുടെ ഗൗരവം പ്രതിഫലിക്കുന്നില്ല. ഇത്തരം ഒരു റിപ്പോര്‍ട്ടുമായി എങ്ങനെ തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ ആകുമെന്ന് സംസ്ഥാന യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ചോദിച്ചു.
ഇതിനിടെ തോമസ് ഐസക്കും പി ജയരാജനും പരസ്യമായി രംഗത്തുവന്നതും ഐസക്കിനെതിരെ സജി ചെറിയാന് നടത്തിയ പരാമര്‍ശവും സംഘടനയില്‍ വിഭാഗീയത ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാന്‍ നേതൃതലത്തില്‍ നീക്കം നടന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളിലേക്കും അണികളിലേക്കും തട്ടിയകറ്റി കൈ കഴുകാനുള്ള പിണറായി വിജയന്റെ തന്ത്രം ചെറുത്തുതോല്‍പ്പിക്കാന്‍ ആണ് ഐസക്ക് രംഗത്തിറങ്ങിയത്. പാര്‍ട്ടിക്കല്ല ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയത് എന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പരാമര്‍ശങ്ങളെ ഐസക്ക് പരസ്യമായി തള്ളിപ്പറഞ്ഞു. പത്തുവര്‍ഷത്തെ ഭരണത്തില്‍ ഉണ്ടായിട്ടുള്ള അഹങ്കാരത്തിന്റെയും അഹംഭാവത്തിന്റെയും നീക്കങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ ഷോക്ക് ചികിത്സയാണ് തോല്‍വി എന്ന് ഐസക്ക് അടിവരയിട്ട് ആവര്‍ത്തിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഭരണം നയിച്ച മുഖ്യമന്ത്രിക്കും പാര്‍ട്ടി നയിച്ച സംസ്ഥാന സെക്രട്ടറിക്കും ആണെന്നാണ് ഐസക്കിന്റെയും ഒപ്പമുള്ളവരുടെയും ഒരുപരിധിവരെ കേന്ദ്ര കമ്മിറ്റിയുടെയും വാദം. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ അതിനിശിതമായ വിമര്‍ശനം ഉയര്‍ന്നതും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ താക്കീത് ചെയ്തതും. ഗോവിന്ദന്റെ പത്രസമ്മളനങ്ങളിലും പൊതുയോഗങ്ങളിലുമുള്ള പരാമര്‍ശങ്ങളും ഇടപെലുകളും ജനങ്ങളോട് ആഭമുഖ്യമുള്ളതായിരുന്നില്ല എന്ന വിമര്‍ശനമാണ് പ്രധാനമായും ഉണ്ടായത്.
Reference
1. Deccan Chronicle https://share.google/G1GXx6dvgcpp0xyMd
2. Mathrubhumi https://share.google/nqQa4WQzIKoC4ifhV
3. YouTube https://share.google/tJuHrGVK7LDk7kYY5
4. Mathrubhumi https://share.google/COaxwpymYDhuM1uyL
5. YouTube https://share.google/RMpud2gamM84PI2r7
6. Kerala Kaumudi https://share.google/s7RivbrDeAMAjOEeE
7. Times of India, Mathrubhumi, Manorama, Madhyamam, Indian express, Pioneer, Janmabhumi
