റോഡപകടങ്ങൾ കൂടുന്നു; അമിതവേഗം പ്രധാനകാരണം
ഒക്ടോബര് 11 ഞായറാഴ്ച നെടുമ്പാശ്ശേരി കൊച്ചി എയര്പോര്ട്ട് റോഡില് പുലര്ച്ചെയുണ്ടായ അതിദാരുണമായ വാഹനാപകടത്തില് മൂന്ന് യുവാക്കള് മരണപ്പെട്ടു. അമിതവേഗതയിലെത്തിയ മിനി കൂപ്പര് ലക്ഷ്വറി കാര് ഇവര് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ദേവിക (21, വയനാട്), ഗോപിക (22, പാലക്കാട്), ഇജാസ് (21, കര്ണാടക) എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലര്ച്ചെ ഏകദേശം 1:45 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയും ഏകദേശം 100 മീറ്ററോളം ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തു. ദേവികയും ഗോപികയും സംഭവസ്ഥലത്തു വച്ചും, ഇജാസ് ആശുപത്രിയില് ചികിത്സയിലിരിക്കെയുമാണ് മരണമടഞ്ഞത്. കാര് ഓടിച്ചിരുന്നത് 19 കാരനായ സുഹൈല് സജീവ് എന്ന കോളേജ് വിദ്യാര്ത്ഥിയാണ്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചാണ് വണ്ടിയോടിച്ചിരുന്നതെന്ന് പ്രാഥമിക പരിശോധനയില് വ്യക്തമായിട്ടുണ്ട്. 140 കി.മീ വേഗതയിലായിരുന്നു സുഹൈല് കാറോടിച്ചിരുന്നത്. ഇയാള്ക്കെതിരെ മനഃപൂര്വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ റോഡപകടങ്ങള് കൂടുകയാണ്. കഴിഞ്ഞ വര്ഷത്തേക്കാള് മരണം കുറഞ്ഞങ്കിലും അപകടത്തിന്റെ എണ്ണം കൂടി. ഏറ്റവും കൂടുതല് അപകടം നടക്കുന്ന നാലാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല് റോഡപകടങ്ങള് നടക്കുന്നത്. ഏറ്റവും കൂടുതല് അപകടത്തിലൂടെയുള്ള മരണം ഉത്തരപ്രദേശിലുമാണ്. റോഡപകടത്തില് മധ്യപ്രദേശും കേരളവും ആണ് മൂന്നും നാലും സ്ഥാനത്തായി തൊട്ടു പിന്നിലുള്ളത്.
2022 ല് 4317 പേരാണ് കേരളത്തില് റോഡപകടത്തില് മരണമടഞ്ഞത്. 2025 ല് ഇത് 3733 ആയി കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 2022 ല് 49,307 ആയിരുന്നു. 2025 ല് ഇത് 56922 ആയി. 2020 ല് 27877 അപകടങ്ങളാണ് ഉണ്ടായത്. 2979 പേര് മരണമടയുകയും 30,510 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. 2025 ആയപ്പോഴേക്കും അപകടങ്ങളുടെ എണ്ണം 56,922 ആയി. 3733 പേര് മരിക്കുകയും 49,889 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. 2026 ജൂലൈമാസം വരെ കേരളത്തില് 31,531 റോഡ് അപകടങ്ങളാണ് ഉണ്ടായത്. 2319 പേര് മരിക്കുകയും 36,116 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. പോലീസ് സേന നടത്തിയ പഠനത്തില് കേരളത്തിലെ റോഡപകടങ്ങളില് 46 ശതമാനവും അമിതവേഗത മൂലം ഉണ്ടാകുന്നതാണ്. കേരളത്തില് റോഡപകടങ്ങള് ഏറ്റവും കൂടുതല് ഉണ്ടാകുന്ന സമയം വൈകുന്നേരം ആറു മുതല് രാത്രി 9 വരെയാണ്. സംസ്ഥാനത്തെ മൊത്തം അപകടങ്ങളുടെ 21 % അതായത് അഞ്ചിലൊന്നും നടക്കുന്നത് ഈ സമയത്താണ്. അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, ഡ്രൈവര്മാരുടെ ശ്രദ്ധപാളുന്നത്, തെറ്റായ പാര്ക്കിംഗ് എന്നിവയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കേരളത്തില് ഒരുദിവസം പത്തോ പതിനൊന്നോ പേര് റോഡപകടങ്ങളില് കൊല്ലപ്പെടുന്നു എന്നാണ് പോലീസിന്റെ കണക്കുകള് സൂചിപ്പിക്കുന്നത്.
എറണാകുളം റൂറല്, ആലപ്പുഴ, തിരുവനന്തപുരം റൂറല് എന്നിവയാണ് റോഡപകടങ്ങളില് ഏറ്റവും മുന്പന്തിയില് നില്ക്കുന്ന പോലീസ് ജില്ലകള്. റോഡപകടങ്ങളിലൂടെയുള്ള മരണത്തില് ഏറ്റവും മുന്നില് മലപ്പുറമാണ്. എറണാകുളം റൂറല് 4400 നും 4600 നും ഇടയിലാണ് അപകടങ്ങള്, ആലപ്പുഴയില് 3930 തിരുവനന്തപുരത്ത് 3500 ആണ് ഒരുവര്ഷം നടക്കുന്ന അപകടങ്ങള്. വയനാട്, കാസര്ഗോഡ്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറച്ച് റോഡപകടങ്ങള് നടക്കുന്നത്. ഏറ്റവും കൂടുതല് റോഡപകടങ്ങള് ഇരുചക്രവാഹനങ്ങള്ക്കും കാല്നടക്കാര്ക്കുമാണ് സംഭവിക്കുന്നത്. 60 കഴിഞ്ഞ കാല്നടക്കാരാണ് ഏറ്റവും കൂടുതല് അപകടവിധേയരാകുന്നത്. കേരളത്തിലെ വാഹനാപകടങ്ങളിലെ പകുതിയും അമിതവേഗം മൂലം ആണ് സംഭവിക്കുന്നതെന്ന് പോലീസ് രേഖകള് വ്യക്തമാക്കുന്നു. വാഹനങ്ങളുടെ സാന്ദ്രത അല്ലെങ്കില് സാന്നിധ്യവും കേരളത്തില് കൂടുതലാണ്. കേരളത്തിലെ 24.2% കുടുംബങ്ങള്ക്കും കാറുകള് ഉണ്ട്. 58.2% പേര്ക്ക് ഇരുചക്രവാഹനങ്ങളും 24.5 ശതമാനം പേര്ക്ക് സൈക്കിളുകളും ഉണ്ട്. ഏറ്റവും കൂടുതല് വാഹനങ്ങളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്, 53 ദശലക്ഷം. തൊട്ടുപിന്നില് 48 ദശലക്ഷം വാഹനങ്ങളുമായി ഉത്തരപ്രദേശ്, 36 ലക്ഷം വാഹനങ്ങളുമായി തമിഴ്നാടും ഉണ്ട്. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള് വാഹനങ്ങള് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഗുജറാത്താണ്. 19.2 ദശലക്ഷം വാഹനങ്ങളാണ് ഗുജറാത്തിലുള്ളത്. കേരളത്തില് 19.2 ദശലക്ഷം വാഹനങ്ങളാണ് മൊത്തമുള്ളത്. ആയിരം പേര്ക്ക് 425 വാഹനങ്ങള് വീതമുണ്ട്. ഏറ്റവും കൂടുതല് വാഹനങ്ങള് ഉള്ള ജില്ല തിരുവനന്തപുരമാണ്. കോഴിക്കോട്, എറണാകുളം ആണ് പിന്നിലുള്ളത്.
കഴിഞ്ഞവര്ഷം 9.46 ലക്ഷം വാഹനങ്ങള് കേരളത്തില് പുതിയതായി നിരത്തിലിറങ്ങി. 16.6 ശതമാനം വര്ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. റോഡുകള് വികസിക്കുന്നതിനൊപ്പം തന്നെ വാഹനങ്ങളുടെ എണ്ണത്തില് വന് കുതിപ്പുണ്ടാകുന്നതും റോഡപകടങ്ങളുടെ സാധ്യത കൂട്ടുന്നു. മരണസംഖ്യ കുറയാനുള്ള കാരണം പരിക്കേറ്റവരെ ആശുപത്രിയില് എത്തിക്കുന്നത് കേസുകള്ക്ക് ഇടയാക്കില്ല എന്ന കേന്ദ്രസര്ക്കാരിന്റെ തീരുമാനവും കൂടുതല് ആസ്പത്രി സൗകര്യങ്ങളും ആംബുലന്സ് സൗകര്യങ്ങളും ഉണ്ടായതും ആണെന്ന് വിലയിരുത്തപ്പെടുന്നു. അപകടത്തില്പ്പെട്ടവര് റോഡില് ചികിത്സ ലഭിക്കാതെ മരിക്കുന്ന സാഹചര്യം വിദ്യാസമ്പന്നര് ഏറ്റവും കൂടുതലുള്ള കേരളത്തെ പോലും സംഭവിക്കുന്നുണ്ട്. അപകടം പറ്റിയവരെ അപ്പോള് അപ്പോള് തന്നെ ആശുപത്രിയില് എത്തിക്കാന് പൊതുജനങ്ങള് തയ്യാറായാല് നിരവധിപേരെ രക്ഷപ്പെടുത്താന് കഴിയുമെന്നാണ് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്. ഹെല്മറ്റ് നിര്ബന്ധമാക്കിയ എ.ഐ ക്യാമറയിലൂടെ ഗതാഗത നിയമലംഘനത്തിന് കൂടുതല് നിയന്ത്രണവും പിഴയും ഏര്പ്പെടുത്തിയതും അപകട മരണം കുറയ്ക്കാന് കാരണമായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. എന് എച്ച് 66 പൂര്ത്തിയാവുകയും നല്ല വേഗത്തില് വാഹനങ്ങള് ഓടിക്കാന് കഴിയുന്ന സംവിധാനം കൂടുതല് മെച്ചപ്പെടുകയും ചെയ്യുമ്പോള് കൂടുതല് ശക്തമായ നിയന്ത്രണ സംവിധാനങ്ങളും കൊണ്ടുവരണമെന്നാണ് ഗതാഗതരംഗത്തെ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്. ഇല്ലെങ്കില് റോഡില് ജീവന് പൊലിയാനുള്ള സാധ്യത കൂടുമെന്ന് അവര് മുന്നറിയിപ്പ് നല്കുന്നു.
ഇതിനിടെ ദേശീയപാത 66 ന്റെ നിര്മ്മാണം 2028 ല് പൂര്ത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീര് അറിയിച്ചു. ദേശീയപാതകളിലെ അപകടങ്ങള് ഇല്ലാതാക്കാന് ജില്ലാ അടിസ്ഥാനത്തില് കളക്ടര്മാരുടെ നേതൃത്വത്തില് പ്രത്യേക സമിതിയും സംവിധാനവും വരുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാതയില് പൂര്ത്തിയായ സ്ഥലങ്ങളിലും പണി നടക്കുന്ന സ്ഥലങ്ങളിലും മുന്നറിയിപ്പ് സൂചനകളും റിഫ്ളക്ടര് ലൈറ്റ് സംവിധാനം എന്നിവ ഉടന്തന്നെ സ്ഥാപിക്കും. അനധികൃത പാര്ക്കിംഗ് ഒഴിവാക്കാന് നടപടികള് സ്വീകരിക്കും. അപകടസാധ്യത കൂടിയ ഇരുട്ടുമൂലകളില് സുരക്ഷാക്രമീകരണം സമയബന്ധിതമായി പൂര്ത്തിയാക്കും. ദേശീയപാതയുടെ ഓരങ്ങളില് യാത്രക്കാര്ക്കുള്ള സൗകര്യങ്ങള് ഏര്പ്പെടുത്തും. പ്രധാന സ്ഥലങ്ങളിലും സ്കൂള് പരിസരങ്ങളിലും കാല്നടക്കാര്ക്കായി മേല്പ്പാതകള് നിര്മ്മിക്കും. അമിതവേഗത്തിനും തെറ്റായ പാര്ക്കിങ്ങിനും എതിരെ പരിശോധനയും നിരീക്ഷണവും ശക്തമാക്കും. രാത്രികാലങ്ങളില് അമിതവേഗത തടയാനും നടപടികള് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Reference
- https://keralapolice.gov.in/crime/road-accidents
- https://ijmr.org.in/road-traffic-accidents-climatic-factors-in-an-urban-area-in-kerala-india-a-time-series-approach/
- https://spb.kerala.gov.in/economic-review/ER2016/chapter05_05.php
- https://pmc.ncbi.nlm.nih.gov/articles/PMC12624720/
- https://www.scribd.com/document/45977373/Road-Accidents-in-Kerala
- https://petrotechsafety.com/rising-concern-on-road-safety-in-kerala/#:~:text=60%25%20of%20fatal%20accidents%20happened,by%20Drivers%20driving%20other%20vehicles.
- https://www.asianetnews.com/kerala-news/nedumbassery-mini-cooper-car-accident-suhail-sajeev-consumes-alcohol-from-bars-articleshow-ilhk4fd
- https://indianexpress-comt.ranslate.goog/article/india/kerala-mini-cooper-crash-viral-instagram-reels-suhail-sajeev-10919084/?_xt_r_sl=en&_xt_r_tl=ml&_xt_r_hl=ml&_xt_r_pto=sge
- ജി. കെ
