പിണറായിക്കും മകള്‍ വീണക്കും മരുമകനും മുന്‍ മന്ത്രിയുമായ റിയാസിനും എതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണ ചുമതല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മരുമകനും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, ഭാര്യയും പിണറായി വിജയന്റെ മകളുമായ ടി വീണ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്ത ഉന്നതതല ചര്‍ച്ചയെ തുടര്‍ന്ന് ഡിജിപി രവാഡ ചന്ദ്രശേഖറിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബുവിന്റെ നിയമോപദേശം കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി എ മുഹമ്മദ് ഷാ എന്നിവരുമായും അഡ്വക്കേറ്റ് ജനറല്‍ കൂടിയാലോചന നടത്തിയിരുന്നു. കത്തിലെ കാര്യങ്ങള്‍ നിര്‍ബന്ധമായും അന്വേഷിക്കേണ്ടതാണെന്നും കേസ് എടുക്കാം എന്നുമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായം തന്നെയാണ് അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള വിജിലന്‍സ് അന്വേഷണത്തിനാണ് സാധ്യതയെങ്കിലും ഹവാലാ ഇടപാട് അടക്കം എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ പലതും അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന കാര്യമായതിനാല്‍ വിജിലന്‍സ് അന്വേഷണമാണ് ഉചിതം. കേസെടുത്തുള്ള അന്വേഷണം വേണമോ, പ്രാഥമിക അന്വേഷണം നടത്തി തെളിവുകള്‍ ശരിയാണെന്ന് സ്ഥിരീകരിച്ച് തുടരന്വേഷണത്തിലേക്ക് നീങ്ങണമോ എന്നത് വിജിലന്‍സിന് തീരുമാനിക്കാമെന്നും നിയമപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ഉത്തരവുകളും അന്വേഷണ റിപ്പോര്‍ട്ടുകളും അന്വേഷണത്തിന് തടസ്സമാകില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന് ഉചിത തീരുമാനമെടുക്കാം എന്നാണ് നിയമപദേശത്തിന്റെ കാതല്‍.
പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, മകള്‍ വീണ, മുന്‍മന്ത്രിയും എംഎല്‍എയുമായ മരുമകന്‍ മുഹമ്മദ് റിയാസ്, സിഎംആര്‍എല്ലിന്റെ എം.ഡി ശശിധരന്‍ കര്‍ത്താ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ പി സുരേഷ്, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഇടപാടുകളും പങ്കും ഉള്‍പ്പെടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നല്‍കിയത്. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ തെളിവുകളായി കൈമാറിയിട്ടുമുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് നല്‍കിയ 3.28 കോടി രൂപ പിണറായിക്കുള്ള കൈക്കൂലി ആണെന്നും അതിന് പുറമേ 20.5 കോടി രൂപ മുഹമ്മദ് റിയാസ് കൈക്കൂലിയായി പറ്റിയതാണെന്ന സംശയവുo എന്‍ഫോഴ്‌സ്‌മെന്റ് ഉയര്‍ത്തിയിട്ടുണ്ട്. 20 കോടി രൂപയിലേറെ ഹവാലാ മാര്‍ഗ്ഗത്തിലൂടെ വിദേശത്തേക്ക് കടത്തി എന്ന ഗുരുതരമായ ആരോപണവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ചു. ഇതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് അന്വേഷണം നടത്തുമ്പോള്‍ ലഭിക്കുന്ന തെളിവുകളും വിവരങ്ങളും പ്രാദേശിക ഏജന്‍സികള്‍ക്ക് കൈമാറണം എന്നാണ് നിയമം. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന് ഇതിന്റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുള്ളത്. ഹവാല വഴി മുഹമ്മദ് റിയാസ് ദുബായിലേക്ക് പണം അയച്ചതായ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ മൊഴിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഈ ഇടപാടുകള്‍ ശരിവയ്ക്കുന്ന വീണയുടെ ഡയറിക്കുറിപ്പും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയിരുന്നു. റിയാസിനും വീണയ്ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നിരത്തിയിട്ടുള്ള വാദങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മന്ത്രി പദവിയിലിരുന്ന് ഹവാലാ ഇടപാട് നടത്തിയെന്ന ഗുരുതരമായ കുറ്റകൃത്യം ആയിരിക്കും അത്. റിയാസ് മന്ത്രി ആയിരിക്കുമ്പോള്‍ ഉണ്ടായിരുന്ന പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഹവാലാ ഇടപാടുകാരുമായി ബന്ധമുണ്ടായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ വിവരങ്ങളും ചാറ്റുകളും അന്വേഷണത്തില്‍ കണ്ടെത്തുകയും മൊഴിയെടുക്കുമ്പോള്‍ അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന് കൈമാറിയ സാഹചര്യത്തില്‍ അന്വേഷണത്തിലൂടെ തെളിയിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരില്‍ എത്തുകയാണ്.
സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ 66 (2) വകുപ്പ് അനുസരിച്ചാണ്. സി എം ആര്‍ എല്‍ എക് സാലോജിക്ക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിക്കുന്നതിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് കത്ത് നല്‍കിയത് എന്നാണ് സൂചന. കുറ്റപത്രത്തിന്റെ കരട് എന്‍ഫോഴ്‌സ്‌മെന്റിന്റെ ദക്ഷിണ മേഖലാ ചുമതലയുള്ള ചെന്നൈയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് നല്‍കും. അദ്ദേഹം ഇത് നിയമ വിദഗ്ധര്‍ക്ക് കൈമാറിയ ശേഷം അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ എറണാകുളം പി എം എല്‍ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ലീഗല്‍ കണ്‍സള്‍ട്ടന്റ്മാര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ഒപ്പം കുറ്റപത്രവുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി തുടങ്ങിയതായി അറിയുന്നു. കുറ്റപത്രം നല്‍കിയാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടശേഷം മാത്രമേ കോടതി ഫയലില്‍ സ്വീകരിക്കു. ഇക്കാരണത്താല്‍ കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലുകളിലേക്ക് ഇപ്പോള്‍ കടക്കില്ലെന്നാണ് സൂചന. പുതിയതായി പ്രതി ചേര്‍ത്തവര്‍ക്ക് പറയാനുള്ളത് കോടതിയില്‍ പറയട്ടെ എന്ന നിലപാടാണ് സ്വീകരിക്കുക. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് സത്യവാങ്മൂലം കൊച്ചി ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. സിഎംആര്‍എല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാറും ഇതേ രീതിയിലുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ആരോപണങ്ങള്‍ കൈക്കൂലി ഇടപാടില്‍ മാത്രം ഒതുങ്ങിയാലും മകള്‍ വീണയുടെയും മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും പേരിലുള്ള ഹവാല ആരോപണം ഗുരുതരമായ പ്രത്യാഘാതം വ്യക്തിപരമായും രാഷ്ട്രീയപരമായും സൃഷ്ടിക്കുമെന്ന് തന്നെയാണ് നിയമവിദഗ്ദ്ധരും പോലീസ് സേനയിലെ മുന്‍ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. വീണയ്ക്കും റിയാസിനും ഒരേപോലെ കുരുക്കായത് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ കണ്ടെത്തിയ വീണയുടെ ചുവന്ന ഡയറിയും അതിലെ സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളും ആണ്. ഈ സാമ്പത്തിക ഇടപാടുകളെ സാധൂകരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും ബാങ്ക് രേഖകളും കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമാഹരിച്ചതോടെ കുറ്റമറ്റ രേഖകള്‍ ഉറപ്പായതായി പറയുന്നു. ഓരോ സാമ്പത്തിക ഇടപാടുകളും ഹവാല വഴി നടത്തിയത് ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് നാട്ടില്‍ ആരെ എത്ര രൂപ വീതം ഏല്‍പ്പിച്ചെന്ന വിശദാംശങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്ളത്. ഈ പണം വിദേശത്ത് കൈമാറ്റം ചെയ്യപ്പെട്ടത് സംബന്ധിച്ച വിവരങ്ങളും രേഖകളില്‍ ഉണ്ട്. ഇതിന് പുറമെയാണ് ഇടപാട് സാധൂകരിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും. ചില ബാങ്ക് ഇടപാടുകളുടെ രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന സമയത്തായിരുന്നു ഈ ഇടപാടുകള്‍. റിയാസിന്റെ സുഹൃത്തുക്കളിലൂടെ ഇടപാടുകള്‍ നടത്തിയതിനും തെളിവുകള്‍ സമാഹരിച്ചിട്ടുണ്ട്. വീണ ദുബായില്‍ തങ്ങി അവിടെ ഒരു കമ്പനി തുടങ്ങാന്‍ ശ്രമിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കമ്പനിക്ക് എന്ത് പേരിടണം എന്ന് നാട്ടിലെ മകനോട് ആരാഞ്ഞുകൊണ്ടുള്ള സന്ദേശവും എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. കമ്പനി തുടങ്ങിയതു സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പോലീസിന് കൈമാറിയിട്ടില്ല. വീണയുടെ ഡയറിയില്‍ നിന്ന് ലഭിച്ച 20.5 കോടി രൂപയുടെസാമ്പത്തിക ഇടപാടുകളില്‍ മുഹമ്മദ് റിയാസിന്റെ പങ്ക് വ്യക്തമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സൂചിപ്പിക്കുന്നു. സ്വന്തമായി കാര്യമായ വരുമാനമില്ലാത്ത കാലത്താണ് വീണ കോടികളുടെ കണക്കുകള്‍ ഡയറിയില്‍ കുറിച്ചു വെച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. മന്ത്രിയായിരുന്നപ്പോള്‍ റിയാസ് സമ്പാദിച്ച പണമാണ് വീണ കൈകാര്യം ചെയ്തതെന്ന് നിഗമനത്തിലാണ് അന്വേഷണസംഘം. ഡയറിയിലെ തുകകളുമായി കൃത്യമായും ഒത്തുപോകുന്ന ബാങ്ക് ഇടപാടിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ഇതോടെ എഴുതിവെച്ച കണക്കുകള്‍ ശക്തമായ തെളിവുകളായി മാറി. കോഴിക്കോട് റിയാസിന്റെ സുഹൃത്തുക്കളായ വ്യവസായികളുടെ ഓഫീസും വീടും ഉള്‍പ്പെടെ ഒന്‍പത് കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പ്രമുഖരില്‍ നിന്ന് ഹവാലാ ഇടപാടുകളെ കുറിച്ച് നിര്‍ണായക സൂചനകള്‍ ഏജന്‍സിക്ക് ലഭിച്ചു. ഇവര്‍ വഴി പണം വിദേശത്തേക്ക് കടത്താന്‍ സഹായം ലഭിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി വ്യാജമൊഴി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് നല്‍കിയ തിരുത്തല്‍ സത്യവാങ്മൂലം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിരുത്തല്‍ സത്യവാങ്മൂലം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആകില്ലെന്ന് അവര്‍ വ്യക്തമാക്കി. മൊഴി സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യം തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിക്കാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സംസ്ഥാന ഡിജിപിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ 25 പേജുള്ള കത്തില്‍ ഇടപാടിന്റെ മുഴുവന്‍ തെളിവുകളും രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. റിയാസിന്റെ ഓഫീസാണ് ഹവാലാ ഇടപാടിന്റെ കേന്ദ്രം എന്നാണ് ഇ.ഡിക്ക് ലഭിച്ചിട്ടുള്ള സൂചന. ഹവാലാ കടത്തിന് മാത്രമായി പന്ത്രണ്ടംഗ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. റിയാസിന്റെ സുഹൃത്ത് വാരിസിന്റെ മൊബൈല്‍ ഫോണിലെ പരിശോധനയിലാണ് നമ്മള്‍ ബേപ്പൂര്‍ കോട്ട എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചത്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് മിനിസ്റ്റര്‍ റിയാസ് എന്ന പേരിലാണ്. ഇത് കൂടാതെ മിഥുന്‍, കിച്ചു, റിയാസ്, സെക്രട്ടറി, വിപിന്‍, മിനിസ്റ്റര്‍ സെക്രട്ടറി, എന്നീ പേരുകളിലും നമ്പറുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. റിയാസിന്റെ ഓഫീസുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറുകള്‍ ഇതില്‍ ഉള്‍പ്പെട്ടത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്നാണ് നിഗമനം.
ഗ്രൂപ്പിന്റെ രൂപീകരണ ലക്ഷ്യം ഹവാലാ ഇടപാടുകളുമായുള്ള ബന്ധം, ഗ്രൂപ്പിലെ അംഗങ്ങള്‍ ഫോണ്‍ നമ്പരുകള്‍, ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നിവ ഇ ഡി പരിശോധിച്ച് വരികയാണ്. കോഴിക്കോട്ട് നിന്നുള്ള ഹവാലാ ഇടപാടുകാരന്‍ എന്ന് സംശയിക്കുന്ന സുബൈറിന്റെ നമ്പരും ഈ ഗ്രൂപ്പില്‍ ഉണ്ട്. മൊബൈല്‍ ഫോണില്‍ സുബൈറിന്റെ നമ്പര്‍ ഹവാല എന്ന പേരിലാണ് സേവ് ചെയ്തിട്ടുള്ളത്. 2024 ജൂണ്‍-ജൂലൈ മാസങ്ങളില്‍ റിയാസില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശപ്രകാരം അപരിചിതരായ ചിലര്‍ തന്റെ ഓഫീസില്‍ പണം എത്തിച്ചതായും പണം ഹവാല ഏജന്റ് സുബൈര്‍ വഴി അഞ്ച് തവണകളായി ദുബായിലെ വിപി ഫൈസിക്ക് അയച്ചു കൊടുത്തതായും വാരിസ് മൊഴി നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഇത് 12 കോടി രൂപയാണ്. ഫൈജാസ്, സുബൈര്‍ എന്നിവരുമായുള്ള ചാറ്റുകളുടെ പ്രിന്റൗട്ടുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡിജിപിക്ക് കൈമാറിയ കത്തുകളില്‍ ഉള്‍പ്പെടുന്നു. മെയ് 27ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പിണറായി വിജയന്‍ ഒപ്പം വീണ താമസിച്ച വാടകവീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയ ചുവന്ന ഡയറിയിലെ ഒന്‍പത് പേജുകളുടെ പകര്‍പ്പും പോലീസ് മേധാവി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. മറ്റൊരു പേപ്പറില്‍ വീണയുടെ ഭര്‍ത്താവ് റിയാസിന്റെ അടുപ്പക്കാര്‍ക്ക് പണം നല്‍കിയതിന്റെ വിവരമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫൈജാസ്, നിഖില്‍, വാരിസ്, ഷൈജല്‍ എന്നീ പേരുകളാണ് പ്രധാനമായും ഉള്ളത്. വിദേശത്ത് ചില ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പരും ഉണ്ട്. തുകയുടെ കണക്ക് ദിര്‍ഹത്തിലാണ് എഴുതിയിരിക്കുന്നത്.
വീണ ദുബായ് സന്ദര്‍ശിച്ചതിന്റെ യാത്രാവിവരങ്ങളും താമസമായി ബന്ധപ്പെട്ട രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമാഹരിച്ചിട്ടുണ്ട് . ജനുവരി 29, ജൂലൈ 02, നവംബര്‍ 28 എന്നീ ദിവസങ്ങളിലായിരുന്നു യാത്രകള്‍. വീണയും റിയാസും ദുബായിലേക്ക് ഒന്നിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാന്‍ ആയിരുന്നുവെന്നും ഇ ഡി പറയുന്നു. വീണയ്ക്ക് ദുബായില്‍ വസ്ത്ര വ്യാപാരത്തിന് എന്ന പേരില്‍ ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമത്രേ. 2024 സെപ്റ്റംബര്‍ 17 എന്ന തീയതിയില്‍ ഡയറിയില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഇവിടെനിന്ന് അയച്ചത് 85 ലക്ഷം. ഫൈജാസിന് ലഭിച്ചത് 349 കെ എ ഇ ഡി. 3,49,000 യുഎഇ ദിര്‍ഹം. അന്നത്തെ വിനിമയ നിരക്കില്‍ 79.60 ലക്ഷം രൂപ ഫൈജാസ് കൈപ്പറ്റി എന്ന ചുവന്ന ഡയറിയിലെ കുറിപ്പ് എടുത്ത് ചേര്‍ത്തതിന് താഴെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, ‘വലിയ തോതിലുള്ള അനധികൃത പണമിടപാട് സൂചിപ്പിക്കുന്നതാണ് ഇത്’. ഇതിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത് റിയാസിന്റെ ഉറ്റ സുഹൃത്തുക്കള്‍ എന്ന നിലയില്‍ വാരിസ്, ഷൈജല്‍ എന്നിവരെ തനിക്കറിയാമെന്ന് ചോദ്യം ചെയ്യലില്‍ വീണ വെളിപ്പെടുത്തി. ഇവര്‍ക്ക് നല്‍കിയ 8.2 കോടിയുടെ ഫണ്ട് ആണിത്. ഈ തുക കുറിച്ചു വെച്ചതിന്റെ വലതുവശത്തായി 20 കോടി എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കുറിപ്പുകള്‍ താന്‍ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും കഴിഞ്ഞ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വേളയിലാണ് ഇത് എഴുതിയതെന്നും വിദേശത്ത് കമ്പനി സ്ഥാപിക്കാന്‍ ആയിരുന്നു പണമിടപാട് എന്നും വീണ മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് കത്തില്‍ പറഞ്ഞിട്ടുണ്ട്. ഡയറിയില്‍ പറഞ്ഞിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ പിന്നീട് കമ്പനി സ്ഥാപിക്കാനുള്ളതായിരുന്നെന്ന മുഹമ്മദ് റിയാസിന്റെ വിശദീകരണം ഇതിലും കൂടുതല്‍ അപകടമാണ് സൃഷ്ടിച്ചത്. കമ്പനി സ്ഥാപിക്കാനുള്ള ഈ പണം എവിടെ നിന്ന് എന്ന ചോദ്യത്തിലേക്കാണ് ഈ വിശദീകരണം പോയത്.
ഇതിനിടെ പിണറായിയുടെ പേരില്‍ കേസെടുത്താല്‍ യുഡിഎഫ് സര്‍ക്കാരിലെ രണ്ടു മന്ത്രിമാരുടെ പേരും ഡയറിയില്‍ ഉണ്ടെന്നും അവര്‍ക്കെതിരെയും കേസെടുക്കേണ്ടി വരും എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. കേസെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. കൈക്കൂലി നല്‍കിയെന്ന ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും എതിരെ കേസെടുക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടേക്കും എന്ന് സൂചനയുണ്ട്.
Reference
1. The New Indian Express https://share.google/1Op5H4lzHqAqKD7Z9
2. YouTube https://share.google/6PrRn47Hnd75HfDCt
3. The Times of India https://share.google/MD0vuQCSOsDnUBfvq
4. Kerala Kaumudi https://share.google/3sREvPNEmhNKhWN9C
5. NDTV https://share.google/e7f9Wsn7ue5vvdSDX
6. The Hindu https://share.google/7Ny0US4BuazG1rAja
- ജി.കെ
