KeralaNews from StatesPopular NewsRecent NewsTrending News

വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യയും ആത്മഹത്യാ പ്രവണതയും കൂടുന്നു

ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഒന്‍പത് ശതമാനം പേര്‍ക്കും ആത്മഹത്യാ പ്രവണത ഉള്ളതായി കണ്ടെത്തല്‍. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെ തുടര്‍ന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതതല ദേശീയ ദൗത്യസംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 15 ശതമാനം വിദ്യാര്‍ത്ഥികളും അതിശക്തമായ മനോവിഷമത്തിനും അടിമപ്പെട്ടതായി സര്‍വ്വേ കണ്ടെത്തി. ഒക്ടോബര്‍ 31 ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ടാകുമെന്ന് അറിയുന്നു.

കഴിഞ്ഞ ആറുമാസത്തിനും ഒരുവര്‍ഷത്തിനും ഇടയിലുള്ള വിദ്യാര്‍ത്ഥികളുടെ മനോഭാവത്തെ കുറിച്ചാണ് ദൗത്യസംഘം പഠനം നടത്തിയത്. 34 % വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം കലാലയത്തില്‍ തങ്ങള്‍ ബഹിഷ്‌കൃതരോ പുറത്തുള്ളവരോ ആണെന്ന ചിന്താഗതിയാണുള്ളത്. ഏറ്റവും ഭാവാത്മകമായ കാര്യം 56 % വിദ്യാര്‍ത്ഥികള്‍ക്കും കലാലയത്തിന്റെ ഭരണസംവിധാനത്തില്‍ പ്രതീക്ഷയും തൃപ്തിയും ഉണ്ട് എന്നതാണ്. മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആത്മഹത്യാപ്രവണത തടയാനുമുള്ള കൗണ്‍സിലിംഗ് അഥവാ വിദഗ്‌ധോപദേശം കലാലയങ്ങളില്‍ നടക്കുന്നില്ല എന്ന് 32 % പേര്‍ ചൂണ്ടിക്കാട്ടി.

ദൗത്യസംഘം ഈവര്‍ഷം ആദ്യം ഒരു ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന പലതരം പ്രശ്‌നങ്ങളെക്കുറിച്ച് ഇടക്കാല റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. ആഴത്തില്‍ വേരൂന്നിയ സാമൂഹികവിവേചനം, മെഡിക്കല്‍ എന്‍ജിനീയറിങ് കോളേജുകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍, മെഡിക്കല്‍, എഞ്ചിനീയറിങ്, നിയമ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ നടക്കുന്ന ലിംഗവിവേചനം, ഹോസ്റ്റലുകളിലെ നിരോധനം, സദാചാരപോലീസ് സംവിധാനം, നീറ്റ്-യു.ജി പരീക്ഷകളിലും ജെ.ഇ.ഇ റാങ്ക് പട്ടികയിലും ഇടംപിടിക്കുന്നവര്‍ക്ക് എതിരായ ജാതീയവിവേചനങ്ങള്‍, പ്രവേശനത്തിലെ ജാതീയമായ അപമാനിക്കലും അടിച്ചമര്‍ത്തലും, ഇന്റേണല്‍ അസസ്‌മെന്റിലും ഗ്രേഡിങ്ങിലും അധ്യാപകരുടെ ശ്രദ്ധയിലും ഉണ്ടാകുന്ന ഭാഷാപരമായ വ്യതിയാനങ്ങളും ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോഴത്തെ പുതിയ റിപ്പോര്‍ട്ടാകട്ടെ, ദേശീയതലത്തില്‍ രണ്ടരലക്ഷം വിദ്യാര്‍ത്ഥികളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ 67 ശതമാനവും പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗത്തില്‍ പെട്ടവരുമായിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷത്തിനും പാഠ്യവിഷയങ്ങളുടെ തിരഞ്ഞെടുപ്പ്, തൊഴിലവസരങ്ങളുടെ ലഭ്യത എന്നിവ സംബന്ധിച്ചുള്ള വേവലാതി പൊതുവേ ദൃശ്യമായിരുന്നു. പുസ്തകം നോക്കിയുള്ള പരീക്ഷാസമ്പ്രദായം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിശകലനം വേണ്ടതുണ്ട് എന്ന നിലപാടാണ് പൊതുവെ വിദ്യാര്‍ത്ഥികളില്‍നിന്ന് ഉണ്ടായത്. രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ ഒരു കുറഞ്ഞ ശതമാനം മാത്രമേ ഈ സര്‍വേയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളു എന്നതുകൊണ്ട് ഇതിനെ ഒരു പ്രാഥമിക നിഗമനം മാത്രമായേ കാണാന്‍ കഴിയൂ എന്ന് ദൗത്യസംഘത്തിന്റെ ഉന്നത വക്താക്കള്‍ അഭിപ്രായപ്പെട്ടു.

ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കുതിപ്പുണ്ടായിട്ടുണ്ട്. 2011 ല്‍ 29.2 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടിയതെങ്കില്‍ 2022 ആയപ്പോഴേക്കും അത് 43.3 ദശലക്ഷമായി ഉയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാനിരക്കിലും ഈ വ്യത്യാസം ദൃശ്യമാണെന്ന് ദൗത്യസംഘത്തിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2011 ല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ഒരുലക്ഷത്തിന് 26.37 ആയിരുന്നു ആത്മഹത്യാനിരക്ക്. 2022 ആയപ്പോഴേക്കും ഇത് ഒരുലക്ഷത്തിന് 30.02 ആയി ഉയര്‍ന്നു. 2024 ല്‍ 14,488 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആത്മഹത്യാനിരക്ക് 63 % ആണ് കൂടിയത്. ദേശീയതലത്തില്‍ മൊത്തം ആത്മഹത്യയുടെ എട്ടുശതമാനം വിദ്യാര്‍ത്ഥികളിലുമാണ്. അടുത്തിടെ ഡല്‍ഹിയിലും മുംബൈയിലും രണ്ട് ഐഐടി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഐഐടി, ഐഐഎം പോലെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 92 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു.

ഉന്നതവിദ്യാഭ്യാസരംഗത്തെ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതിയെ നിര്‍ബന്ധിതമാക്കിയത്. ആത്മഹത്യാപ്രവണത തടയാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പൊതുസംവിധാനം ഏര്‍പ്പെടുത്തുന്നതും വിദ്യാര്‍ഥികള്‍ക്ക് മാനസികമായ പരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതും സമിതിയുടെ പരിഗണനയിലുണ്ട്. അപകര്‍ഷതാബോധവും മാനസിക വിഷമവും ഇല്ലാതാക്കാനും വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൊതുപ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കുന്നതും ദൗത്യസംഘത്തിന്റെ പരിഗണനയിലുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുതാര്യവും ഉത്തരവാദിത്വബോധവുമുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയും ദൗത്യസംഘം നല്‍കുമെന്നാണ് സൂചന.

Reference
1. Supreme Court Observer https://share.google/atYL97hhcUcdtgbPw
2. Supreme Court Observer https://share.google/atYL97hhcUcdtgbPw
3. ScienceDirect.com https://share.google/imuKnUilAKeIKcOSw
4. GOV.UK https://share.google/7EQ0jn6dQzcxNZTM2
5. National Crime Records Bureau https://share.google/LXlL6r0giperdrO9w
6. Ovid https://share.google/NScVzoV8Jt6bVdAAR
7. The Lancet https://share.google/TPmVTgEv2drR6VAIZ
8. ScienceDirect.com https://share.google/UXuLtiheKm05qGfTJ

 – ജി.കെ

Leave a Reply

Your email address will not be published. Required fields are marked *