ശബരിമലയില്‍ ബോര്‍ഡും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷം; ശബരിമല കേന്ദ്രം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു
ശബരിമല ക്ഷേത്രത്തിലെ ഭരണനിര്‍വഹണ സംവിധാനങ്ങളിലെ പോരായ്മയെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന ഏറ്റുമുട്ടല്‍. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ദേവസ്വം ബോര്‍ഡിന്റെ അധ്യക്ഷന്‍ വിരമിച്ച ഐഎഎസ് ഓഫീസറും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ ആണ്. കെ മുരളീധരന്‍ ആണ് ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി.
കന്നിമാസ പൂജയ്ക്ക് എത്തിയ ഭക്തര്‍ക്ക് ആവശ്യത്തിനനുസരിച്ച് പ്രസാദമായ അപ്പവും അരവണയും വിതരണം ചെയ്യാന്‍ കഴിയാതായത് പുതിയ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്. അപ്പവും അരവണയും വേണ്ടത്ര വിതരണം ചെയ്യാത്തതിനെതിരെ ദേവസ്വം മന്ത്രി കെ മുരളീധരന്‍ പരസ്യ പ്രസ്താവന നടത്തി. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത് എന്ന് അദ്ദേഹം ആരോപിച്ചു. ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ അവകാശങ്ങളിലോ സര്‍ക്കാര്‍ കൈകടത്തുന്നില്ല. പിരിച്ചുവിടാനും ഉദ്ദേശിക്കുന്നില്ല. പക്ഷേ, ശബരിമലയിലെ വീഴ്ചകള്‍ കണ്ട് കയ്യും കെട്ടി ഇരിക്കാന്‍ ആവില്ല എന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല സന്നിധാനത്തുണ്ടായിരുന്ന അയ്യപ്പന്റെ സ്വര്‍ണ്ണക്കിരീടം മോഷണം പോയതായി സൂചനയുണ്ട്. 56 പവന്‍ തൂക്കമുള്ള വജ്രം പതിപ്പിച്ച സ്വര്‍ണ്ണക്കിരീടത്തിനു പകരം 240 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തിന്റെ കിരീടമാണ് ഇപ്പോഴുള്ളതെന്ന് കണ്ടെത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന മണ്ഡലകാലം ആരംഭിക്കാന്‍ വെറും 52 ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴും തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവരെ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. അപ്പം അരവണ എന്നിവ ഉണ്ടാക്കാനുള്ള ശര്‍ക്കര, അരി, ചുക്കുപൊടി, ജീരകം തുടങ്ങിയ സാധനങ്ങള്‍ വാങ്ങാനുള്ള കരാര്‍ നടപടികള്‍ സാധാരണ മെയ്മാസത്തില്‍ തന്നെ ആരംഭിക്കുന്നതാണ്. ഇക്കുറി ആഗസ്റ്റ് 6 ന് മാത്രമാണ് തുടങ്ങിയത്. അരവണയ്ക്കായി അമ്പതുലക്ഷം കിലോ ശര്‍ക്കരയാണ് വേണ്ടത്. ഇത്തവണ കരാറുകാര്‍ ഒരു കിലോ ശര്‍ക്കരയ്ക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7.51 രൂപ കൂട്ടി ചോദിച്ചതാണ് കരാര്‍ ഉറപ്പിക്കാതിരിക്കാന്‍ കാരണം. ചര്‍ച്ച നടത്തി വിലകുറക്കുകയും ഇത്രയും സാധനങ്ങള്‍ നല്‍കാനുള്ള ശേഷി കമ്പനിക്കുണ്ടോ എന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ശേഷമേ കരാര്‍ ഉറപ്പിക്കാന്‍ ആകു. ശബരിമലയിലെ നാളികേരസംഭരണം, ഹോട്ടലുകള്‍, കടകള്‍ തുടങ്ങിയവയുടെ ലേലവും പൂര്‍ത്തിയായിട്ടില്ല. ഈ വീഴ്ചകളാണ് സംസ്ഥാന സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ദേവസ്വം ബോര്‍ഡിന് മുകളിലായി ശബരിമല വികസന അതോറിറ്റി കൊണ്ടുവരാന്‍ യുഡിഎഫ് ആലോചിച്ചിരുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കും എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഇത് രാഷ്ട്രീയ തീരുമാനത്തിനായി മാറ്റിവെച്ചത്. ശബരിമലയില്‍ തടസ്സങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ എങ്ങനെ ഇടപെടാന്‍ കഴിയും എന്നത് സംബന്ധിച്ച് നിയമപദേശം തേടാനും ഹൈക്കോടതിയുടെ അഭിപ്രായം ആരായാനും ആണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. തീര്‍ത്ഥാടന കാലത്ത് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബോര്‍ഡും സര്‍ക്കാരും തമ്മിലുള്ള ഏകോപനം സുഗമമാക്കാനും ഉള്ള നിയമാനുസൃത വഴികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പക്ഷേ സര്‍ക്കാരും ബോര്‍ഡും തമ്മില്‍ ഗുരുതരമായ പ്രശ്‌നങ്ങളില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി. കന്നിമാസ പൂജയ്ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്തര്‍ വന്നതുകൊണ്ടാണ് അരവണക്ക് പ്രശ്‌നമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ മാസപൂജ സമയത്ത് രണ്ടര ലക്ഷം ടിന്‍ അരവണയാണ് തയ്യാറാക്കുക. കന്നിമാസം മൂന്നേ കാല്‍ ലക്ഷം ടിന്‍ അരവണ തയ്യാറാക്കിയിരുന്നു. നടയടക്കുന്നതിന് മുമ്പുള്ള രണ്ട് ദിവസം ഭക്തര്‍ കൂടുതല്‍ എത്തിയപ്പോഴാണ് അരവണ വിതരണം നിയന്ത്രിക്കേണ്ടി വന്നത്. സാധാരണ മാസപൂജയ്ക്ക് അഞ്ചുകോടി രൂപ വരുമാനം ലഭിക്കുന്ന ക്ഷേത്രത്തില്‍ ഇക്കുറി വരുമാനം ഏഴരക്കോടി കടന്നു. ഇതില്‍ നിന്ന് തന്നെ പ്രതീക്ഷയില്‍ കൂടുതല്‍ ഭക്തര്‍ എത്തി എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടന കാലത്തിന് മുമ്പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അരവണ പ്ലാന്റിന്റെ ശേഷി ഒരു ലക്ഷം ടിന്‍ കൂടി ഉയര്‍ത്താനാണ് നേരത്തെ പ്ലാന്റ് അടച്ചുതന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടും പ്രത്യേക അന്വേഷണസംഘത്തിന് കുറ്റപത്രം നിര്‍ദ്ദിഷ്ട സമയത്ത് സമര്‍പ്പിക്കാന്‍ ആവില്ല. സെപ്റ്റംബര്‍ മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ 25 നകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി എസ് ശശിധരന്‍ ദേവസ്വം ബഞ്ച് മുമ്പാകെ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി വിശദീകരിച്ചിരുന്നു. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതായും അറിയിച്ചതാണ്. പാളികളില്‍ നിന്ന് സ്വര്‍ണ്ണം നീക്കം ചെയ്യാന്‍ ഉപയോഗിച്ച സ്ട്രിപ്പിങ് സാള്‍ട്ട്, ക്ലീനിങ് സാള്‍ട്ട് എന്നിവ ജംഷെഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് 20 നു മുന്‍പ് ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതിയിരുന്നത്. അത് കിട്ടിയാല്‍ 25 നകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനാകും എന്നും എസ് പി ഹൈക്കോടതിയെ അറിയിച്ചു.
ദ്വാരപാലക ശില്പങ്ങളുടെ കേസില്‍ 2019 ലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്കൊപ്പമാണ് 2025 ലെ സ്വര്‍ണ്ണം പൂശലും അന്വേഷിക്കുന്നത് ഇതില്‍ ചില തുടര്‍നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഈ കേസിലും അന്വേഷണം വൈകാതെ പൂര്‍ത്തിയാക്കും എന്നാണ് അറിയിച്ചിരുന്നത്. ശബരിമലയിലെ ദ്വാരപാലകവിഗ്രഹങ്ങളില്‍ പൊതിഞ്ഞിരുന്ന പാളികള്‍ മാറ്റി പുതിയത് സ്വര്‍ണം പൂശി കൊണ്ടുവന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഉള്ളത്. ഇപ്പോള്‍ ദ്വാരപാലക വിഗ്രഹത്തെ പൊതിഞ്ഞിട്ടുള്ള ചെമ്പുപാളികളുടെ പഴക്കം ഏഴുവര്‍ഷം മാത്രമാണെന്നാണ് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളത്. പഴയ ചെമ്പുപാളികള്‍ എവിടെപ്പോയി എന്നതാണ് ഇനിയും കണ്ടെത്താനുള്ളത്. കേസില്‍ 20 പ്രതികളാണ് ഉള്ളത്. ഇതില്‍ 18 പേരും ദേവസ്വം ബോര്‍ഡുമായി ബന്ധമുള്ളവരാണ്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും കട്ടിളപ്പാളി കേസില്‍ രണ്ടാം പ്രതിയായ കല്‍പ്പേഷും മാത്രമാണ് ദേവസ്വം ബോര്‍ഡുമായി ബന്ധമില്ലാത്തവര്‍. ദേവസ്വം ബോര്‍ഡിന്റെ മുന്‍ പ്രസിഡണ്ടുമാരായഎന്‍ വാസു എ പത്മകുമാര്‍ പി എസ് പ്രശാന്ത് എന്നിവര്‍ ജാമ്യത്തിലാണ്. മുന്‍ മെമ്പര്‍മാരായ കെ പി ശങ്കരദാസ്, എന്‍ വിജയകുമാര്‍, എ അജികുമാര്‍ എന്നിവരും ജാമ്യത്തിലാണ്. കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കണം. അനുമതിക്കായി പ്രത്യേക അന്വേഷണസംഘം ഇതുവരെ സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 10നാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തത്. 11 മാസമായിട്ടും പ്രാഥമിക കുറ്റപത്രം പോലും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. കുറ്റപത്രം വൈകുന്നത് ദേവസം മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നില്ല എന്ന വാദം നേരത്തെ തന്നെ മന്ത്രി ഉയര്‍ത്തിയിരുന്നതാണ്. ഇന്നത്തെ സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനോട് സംസ്ഥാന സര്‍ക്കാര്‍ നിയമപദേശം നേടിയിട്ടുണ്ട്.
മുഖ്യമന്ത്രി അധ്യക്ഷനും ദേവസ്വം മന്ത്രി ഉപാധ്യക്ഷനും ആയുള്ള ശബരിമല വികസന അതോറിറ്റി രൂപീകരണം യുഡിഎഫ് പരിഗണിക്കുകയാണ്. അതോറിറ്റി രൂപീകരിച്ചാല്‍ ശബരിമലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അധിക സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. മാത്രമല്ല, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഭക്തരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ഉള്ള ചുമതല സംസ്ഥാന സര്‍ക്കാരിലേക്കും അതോറിറ്റിയിലേക്കും വരും. ശബരിമലയിലെ വരുമാനം കൊണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1250 ക്ഷേത്രങ്ങളില്‍ ബഹുഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത്. 50 നടുത്ത് ക്ഷേത്രങ്ങള്‍ മാത്രമാണ് വരുമാനം കൊണ്ട് സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളത്. ശബരിമലയ്ക്ക് മാത്രമായി അതോറിറ്റി രൂപീകരിച്ചാല്‍ ശബരിമലയിലെ വരുമാനം അവിടെ മാത്രമേ ചെലവഴിക്കാന്‍ ആകു. അത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കും എന്നാണ് പ്രസിഡന്റ് കെ ജയകുമാര്‍ അടക്കമുള്ളവര്‍ പറയുന്നത്.
അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയമായ ശബരിമല, വൈഷ്‌ണോദേവി ക്ഷേത്രമാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ബിജെപിയില്‍ നിന്നും സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പി നേതാവ് അനൂപ് ആന്റണി ഇക്കാര്യം വീണ്ടും ഉയര്‍ത്തി. രാജീവ് ചന്ദ്രശേഖര്‍ ഇതിനായി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ വികസനത്തിന് ആവശ്യമായ വനഭൂമി കണ്ടെത്താനും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും ദേശീയതലത്തില്‍ തന്നെ സാമ്പത്തിക സഹായം കണ്ടെത്താനും ഇത് ഉപകരിക്കും എന്ന വാദമാണ് ഹൈന്ദവ സംഘടനകളും ബി.ജെ.പിയും ഉന്നയിക്കുന്നത്. പക്ഷേ അതോടെ ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടി പൂര്‍ണമായും ഇല്ലാതാകും എന്ന എന്ന പ്രശ്‌നം സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷമായ ഇടതുമുന്നണിയും ഉയര്‍ത്തിയേക്കും. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ പദ്ധതിയനുസരിച്ച് ചെലവഴിച്ചു വാങ്ങിയില്ലെന്ന ആരോപണവും ഉണ്ട്. തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തത് ഭക്തര്‍ക്ക് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.
Reference:
1. https://youtu.be/spgK5w43zWk
2. https://youtu.be/jSSDhuYG_-0
3. YouTube https://share.google/zy6xlUnEBKHnwFPGC
4. The Times of India https://share.google/mwI3FwvniArhZCPzq
5. The Hindu https://share.google/20mZS0NSBPKrWYYcn
6. YouTube https://share.google/hat1DZjDqk6YBGn0A
7. The Economic Times https://share.google/CwAHlSRqy8dJXI5V0
8. YouTube https://share.google/h5lhUBl7xVAiBXIcJ
9. The New Indian Express https://share.google/SvMK7bC8BGKBhl3rg
10. The Hindu https://share.google/uhkyBwdf2Z6bK8DUP
– ജി.കെ
